
ബംഗളൂരു: കര്‍ണാടകയിലെ കരാറുകാരന്റെ മരണത്തിന്റെ പേരില്‍ ആരോപണവിധേയനായ മന്ത്രി കെ. എസ് ഈശ്വരപ്പ രാജി പ്രഖ്യാപിച്ചു. രാജിക്കത്ത് നാളെ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് മന്ത്രി അറിയിച്ചു. മരണത്തില്‍ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് രാജി പ്രഖ്യാപനം.
കരാര്‍ പണികള്‍ക്ക് 40 ശതമാനം കമ്മീഷന്‍ ഈശ്വരപ്പ ആവശ്യപ്പെട്ടുവെന്നു വെളിപ്പെടുത്തി യുവകരാറുകാരന്‍ ആത്മഹത്യ ചെയ്‌തതോടെയാണ് ഈശ്വരപ്പ കമ്മീഷന്‍ വിവാദത്തിലായത്. ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്, ഉപമുഖ്യമന്ത്രി പദങ്ങള്‍ വഹിച്ചിട്ടുള്ള നേതാവാണ് അദ്ദേഹം.
ഉഡുപ്പിയിലെ ലോഡ്‌ജിലാണ് കഴിഞ്ഞ ചൊവ്വാഴ്‌ച സന്തോഷ് പാട്ടീല്‍(41) എന്ന സിവില്‍ജോലി കരാറുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഈശ്വരപ്പ മാത്രമാണ് തന്റെ മരണത്തിന് ഉത്തരവാദി എന്ന് സുഹൃത്തുക്കള്‍ക്കും കര്‍ണാടക സര്‍ക്കാരിലെ ഉന്നതര്‍ക്കും അയച്ച അവസാന ഫോണ്‍ സന്ദേശങ്ങളില്‍ സന്തോഷ് പാട്ടീല്‍ ആരോപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ലിംഗായത്ത് നേതാവ് ബി.എസ്. യെദിയൂരപ്പ(മുന്‍ കര്‍ണാടക മുഖ്യമന്ത്രി) എന്നിവരോട് തന്റെ ഭാര്യയെയും കുട്ടികളെയും രക്ഷിക്കണമെന്നു കൈകൂപ്പി പറയുന്നതായി കരാറുകാരന്‍ അവസാന സന്ദേശത്തില്‍ വ്യക്‌തമാക്കിയിരുന്നു.
കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയായ ഈശ്വരപ്പ, സന്തോഷിനെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന കുറ്റമാണ് നേരിടുന്നത്. സന്തോഷിന്റെ സഹോദരന്‍ നല്‍കിയ കേസില്‍ രജിസ്‌റ്റര്‍ ചെയ്‌ത പ്രഥമവിവരറിപ്പോര്‍ട്ടില്‍ ഈശ്വരപ്പയുടെ അനുയായികളായ ബസവരാജിനെയും രമേഷിനെയും പ്രതിചേര്‍ത്തിട്ടുണ്ട്.
പഞ്ചായത്തിലെ പണികള്‍ക്കായി ഗ്രാമവികസനവകുപ്പ് അനുവദിച്ച നാലുകോടി രൂപയുടെ പദ്ധതിയുടെ ബില്ല് മാറിക്കിട്ടാന്‍ 40 ശതമാനം കമ്മിഷന്‍ മന്ത്രിയും അനുയായികളും തേടിയതായാണ് സന്തോഷിന്റെ ആരോപണം. ഹിന്ദാലഗ ഗ്രാമത്തില്‍ റോഡുകളും ഓടകളും നിര്‍മിക്കാനുള്ള കരാറാണ് സന്തോഷ് നേടിയത്. പണത്തെക്കുറിച്ച് ഓര്‍ത്തുവിഷമിക്കേണ്ട എന്ന മന്ത്രിയുടെ വാക്കുകേട്ട് സ്വന്തം കൈയില്‍നിന്ന് കാശുമുടക്കിയാണ് സന്തോഷ് പണി പൂര്‍ത്തിയാക്കിയത് എന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ പണിപൂര്‍ത്തിയാക്കിയിട്ട് ബില്‍ പാസാക്കിയില്ല. പലതവണ മന്ത്രിയെക്കണ്ടിട്ടും ബില്‍ പാസാക്കിക്കൊടുത്തില്ല. എന്നാല്‍ സന്തോഷ് പാട്ടീല്‍ പണി പൂര്‍ത്തിയാക്കിയെന്ന് അവകാശപെടുന്നതാണെന്നാണ് മന്ത്രിയുടെ നിലപാട്. വര്‍ക്ക് ഓര്‍ഡര്‍ സന്തോഷിന് നല്‍കിയിട്ടില്ല എന്നു സ്‌ഥാപിച്ചുകൊണ്ടുള്ള വകുപ്പ് തല ഉത്തരവും മന്ത്രി പുറത്തിറക്കിയിരുന്നു.
സന്തോഷ് പാട്ടീലിന്റേത് ആത്മഹത്യയല്ലെന്നും ഭരണകൂട കൊലപാതകമാണെന്നും പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പറഞ്ഞു.