ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,380 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 56 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 13,000 നു മുകളിലാണ്.

ഡൽഹിയിലാണ് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ 1009 പുതിയ കോവിഡ് കേസുകളാണ് രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 162 കേസുകളും, മുംബൈയിൽ മാത്രം 98 പുതിയ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക, തമിഴ്നാട്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലൊക്കെ കോവിഡ് കേസുകൾ ദിനംപ്രതി ഉയരുന്നുണ്ട്.

അതിനിടെ, രാജ്യത്തെ ആർ വാല്യു (റീപ്രൊഡക്ഷൻ നമ്പർ) വീണ്ടും ഒന്നിനു മുകളിലായി. വൈറസ് വ്യാപനത്തിന്റെ വേഗം സൂചിപ്പിക്കുന്നതാണ് ആർ വാല്യു. ജനുവരിക്കുശേഷം ആദ്യമായാണ് ആർ വാല്യു ഒന്നിനു മുകളിൽ എത്തുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആർ വാല്യു ഉയരുകയാണ്. ഏപ്രിൽ 12-18 ആഴ്ചയിൽ 1.07 ആയിരുന്നുവെന്ന് ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിലെ ഗവേഷകൻ സിതഭ്ര സിൻഹ പറയുന്നു. കഴിഞ്ഞ ആഴ്ച ആർ വാല്യു 0.93 ആയിരുന്നു.

വൈറസ് ബാധിച്ച 10 പേർ സമ്പർക്കത്തിലൂടെ ശരാശരി എത്ര പേർക്ക് കോവിഡ് പകർന്നു നൽകാമെന്നതാണ് ആർ വാല്യുവിലൂടെ കണക്കാക്കുന്നത്. ആർ വാല്യു 1 ആണെങ്കിൽ ഓരോ 10 പേരും ശരാശരി മറ്റ് 10 പേർക്കു കൂടി വൈറസിനെ പകർന്നു നൽകുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here