ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ 36 വര്‍ഷമായി തടവില്‍ കഴിയുന്ന പേരറിവാളന്റെ മോചനവുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുമായി സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പേരറിവാളനെ മോചിപ്പിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ രാഷ്ട്രപതിക്കുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍നടപടികളുണ്ടായിട്ടില്ല. പേരറിവാളന്റെ മോചനം വേഗത്തില്‍ സാധ്യമാക്കണമെന്ന് പല കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരിക്കെയാണ് കോടതിയുടെ ചോദ്യം.

നരേന്ദ്ര മോദി സര്‍ക്കാര്‍ വ്യക്തമായ നിലപാട് എടുക്കുന്നില്ലെങ്കില്‍ പേരറിവാളനെ വിട്ടയക്കേണ്ടി വരുമെന്ന് കോടതി സൂചിപ്പിച്ചു. ഒരാഴ്ച്ചയ്ക്കകം പേരറിവാളന്റെ ദയാ ഹര്‍ജിയില്‍ കേന്ദ്രം തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. 36 വര്‍ഷമായി തടവ് അനുഭവിക്കുന്നു. പിന്നെ എന്തുകൊണ്ട് മോചിപ്പിക്കുന്നില്ലെന്നും കോടതി ചോദിച്ചു. പേരറിവാളനെ മോചിപ്പിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവര്‍ണര്‍ വ്യക്തമായ തീരുമാനം എടുത്തില്ല. ഇക്കാര്യത്തില്‍ ഗവര്‍ണറെയും കോടതി വിമര്‍ശിച്ചു. മൂന്നര വര്‍ഷമായി തമിഴ്‌നാട് മന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറാതെ ഗവര്‍ണര്‍ നീട്ടിക്കൊണ്ടുപോകുന്നു. ഇക്കാര്യമാണ് കോടതി സൂചിപ്പിച്ചത്.

മന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറാതെ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ എന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ചോദിച്ചു. മന്ത്രിസഭയുടെ ശുപാര്‍ശ ഒരു തീരുമാനവും എടുക്കാതെ രാഷ്ട്രപതിക്ക് കൈമാറാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ എന്നും കോടതി ചോദിച്ചു. ഒരു തീരുമാനവും എടുക്കാതെ എല്ലാ മന്ത്രിസഭാ ശുപാര്‍ശകളും രാഷ്ട്രപതിക്ക് കൈമാറുന്ന ഗവര്‍ണറുടെ നടപടിയും ഉചിതമല്ലെന്നും ജസ്റ്റിസ് നാഗേശ്വര റാവു വ്യക്തമാക്കി. തന്നെ മോചിപ്പിക്കണമെന്ന പേരറിവാളന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ണായകമായ ചോദ്യങ്ങള്‍ ഉന്നയിച്ചത്. കേസ് അടുത്ത ബുധനാഴ്ചത്തേക്ക് കോടതി മാറ്റിവച്ചു. ഈ വേളയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും.

1991 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ശ്രീലങ്കയിലെ തമിഴ്പുലികള്‍ നടത്തിയ ആക്രമണം എന്നായിരുന്നു കണ്ടെത്തല്‍. 1998 ജനുവരിയിലാണ് വിചാരണ കോടതി വിധി പ്രസ്താവിച്ചത്. കേസിലെ 26 പ്രതികള്‍ക്കും വധശിക്ഷയായിരുന്നു. പിന്നീട് ശിക്ഷ കുറച്ച് ജീവപര്യന്തമാക്കി. കേസിലെ മറ്റൊരു പ്രതിയായ നളിനിക്ക് അടുത്തിടെ തമിഴ്‌നാട് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചിരുന്നു. നളിനിയുടെ മകള്‍ ഇപ്പോള്‍ ഡോക്ടറാണ്. പേരറിവാളന്റെ മോചനത്തിന് വേണ്ട അമ്മ അര്‍പ്പുതയമ്മാള്‍ നടത്തിയ പോരാട്ടം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here