സിലിഗുരി: പൗരത്വ ഭേദഗതി നിയമം (സി.എ.എ) ഒരു യാഥാർത്ഥ്യമാണെന്നും കോവിഡ് തരംഗം അവസാനിച്ചാലുടൻ അത് നടപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വടക്കൻ ബംഗാളിലെ സിലിഗുരിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പൗരത്വ നിയമം നടപ്പാക്കില്ലെന്ന കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

‘ഞാൻ ഇന്ന് വടക്കൻ ബംഗാളിൽ എത്തിയിരിക്കുന്നു. സി.എ.എ നടപ്പാക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് പ്രചരിപ്പിക്കുകയാണെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. കോവിഡ് തരംഗം അവസാനിച്ചാലുടൻ ഞങ്ങൾ സി.എ.എ നടപ്പാക്കും’ -അമിത് ഷാ പറഞ്ഞു.

 

‘മമത ദീദി, നുഴഞ്ഞുകയറ്റം തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്നാൽ സി.എ.എ ഒരു യാഥാർത്ഥ്യമായിരുന്നു, അത് യാഥാർത്ഥ്യമായി തുടരും. തൃണമൂൽ കോൺഗ്രസിന് ഇതിനെതിരെ ഒന്നും ചെയ്യാൻ കഴിയില്ല’ -ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, അമിത് ഷായുടെ പ്രസ്താവനയോട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. ‘ഇതാണ് അവരുടെ പദ്ധതി. എന്തുകൊണ്ടാണ് അവർ ബിൽ പാർലമെന്റിൽ കൊണ്ടുവരാത്തത്? അവർ 2024-ൽ തിരിച്ചുവരില്ലെന്ന് ഞാൻ നിങ്ങളോട് ഉറപ്പുപറയുന്നു. ഒരു പൗരന്റെയും അവകാശങ്ങൾ ഹനിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഐക്യമാണ് നമ്മുടെ ശക്തി. ഒരു വർഷത്തിനു ശേഷമാണ് അദ്ദേഹം വരുന്നത്. ഓരോ തവണ ഇവിടെ വരുമ്പോഴും അസംബന്ധങ്ങൾ പറയുകയാണ്’ -മമത പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here