ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ താരം കെ സി ലിതാരയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പട്‌ന ഹൈക്കോടതിയില്‍ ഹര്‍ജി. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. കോച്ച് രവി സിംഗിന്റെ ശാരീരിക, മാനിസിക പീഡനം മൂലമാണ് ലിതാര ആത്മഹത്യ ചെയ്തതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ലോക് താന്ത്രിക് ജനാദള്‍ സെക്രട്ടറി സലിം മടവൂരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ലിതാരയുടെ മരണത്തിലെ ദുരൂഹത ട്വന്റിഫോറാണ് പുറത്തുകൊണ്ടുവന്നത്.

 
 
 

ലിതാരയുടെ പോസ്റ്റ്‌മോര്‍ട്ടം വേഗത്തിലാക്കിയതില്‍ ദുരൂഹതയുണ്ടെന്ന് അമ്മാവന്‍ രാജീവന്‍ പറഞ്ഞു. കോച്ചിനെതിരെ പീഡനമാരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടും ഉന്നത സ്വാധീനം മൂലമാണ് അറസ്റ്റ് വൈകുന്നതെന്നും സാക്ഷിമൊഴികളൊന്നും പൊലീസ് മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും അമ്മാവന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

ലിതാരയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ കോച്ച് രവിസിംഗ് ആശുപത്രിയിലുണ്ടായിരുന്നെന്ന് പട്‌നയിലെ മലയാളി വെളിപ്പെടുത്തി. ബന്ധുക്കള്‍ പരാതി നല്‍കിയപ്പോഴാണ് കോച്ച് അവിടെനിന്നും മടങ്ങിയത്. രവിസിംഗിനെ ഭയമാണെന്നും ഈ വിവരങ്ങള്‍ താനാണ് പറഞ്ഞതെന്ന് വെളിപ്പെടുത്തരുതെന്നും പറഞ്ഞാണ് ഇക്കാര്യങ്ങള്‍ ബിഹാറില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മലയാളി യുവാവ് ട്വന്റിഫോറിനോട് പ്രതികരിച്ചത്.

‘ലിതാരയുടെ മരണം നാട്ടില്‍ നിന്നൊരാളാണ് വിളിച്ചറിയിച്ചത്. ഇവിടെ ഒരു മലയാളി പെണ്‍കുട്ടി മരണപ്പെട്ടു എന്നായിരുന്നു അറിഞ്ഞത്. തുടര്‍ന്ന് ഞങ്ങള്‍ ആശുപത്രിയിലെത്തി. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാലേ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ പറ്റൂ എന്നാണ് അധികൃതര്‍ അറിയിച്ചത്. റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരുദ്യോഗസ്ഥനാണ് ഇക്കാര്യം ഞങ്ങളോട് പറഞ്ഞത്. അതാണ് വേഗത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തെന്ന് പറയാന്‍ കാരണം.

റെയില്‍വേയില്‍ നിന്നുള്ള ആരും തന്നെ ആശുപത്രിയിലെത്തിയില്ല. പക്ഷേ പോസ്‌ററ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ കോച്ച് ആശുപത്രിയിലെത്തി.(ഏപ്രില്‍ 27ന്).

പരാതി ബിഹാര്‍ പൊലീസിന് നല്‍കിയിരുന്നു ലിതാരയുടെ ബന്ധുക്കള്‍. മരിച്ച അന്ന് തന്നെ മൊബൈല്‍ ഫോണ്‍ പൊലീസ് ഏറ്റെടുത്തു. അതിതുവരെ കുടുംബത്തിന് കൈമാറിയിട്ടില്ല’. മലയാളി യുവാവ് ട്വന്റിഫോറിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here