ന്യൂഡൽഹി: രാജ്യദ്രോഹക്കേസുകൾ മരവിപ്പിച്ച സുപ്രീം കോടതി ഉത്തരവിൽ പരോക്ഷ വിമർശനവുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും മാനിക്കുന്നു. എന്നാൽ കോടതിയ്ക്കും ഒരു ലക്ഷ്‌മണ രേഖയുണ്ടെന്നും അതൊരിക്കലും മറികടക്കാൻ പാടില്ലെന്നുമാണ് റിജിജു വ്യക്തമാക്കിയത്.

വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ തീരുമാനവും കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി സർക്കാരിനെയും നിയമനിർമാണ സഭയെയും ബഹുമാനിക്കണം. തിരിച്ച് സർക്കാരും കോടതിയെ ബഹുമാനിക്കണം. ഇക്കാര്യത്തിൽ കൃത്യമായ അതിർവരമ്പുണ്ട്. ഇന്ത്യൻ ഭരണഘടനയിലെ വ്യവസ്ഥകളെയും അതിലെ നിയമങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും റിജിജു പറഞ്ഞു.

ഇന്ന് രാവിലെയാണ് രാജ്യദ്രോഹക്കേസുകൾ മരവിപ്പിച്ച് സുപ്രീം കോടതി ചരിത്രവിധി പുറപ്പെടുവിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്താൻ അധികാരം നൽകുന്ന 124എ വകുപ്പ് പുന:പരിശോധിക്കുന്നത് വരെ പ്രയോഗിക്കരുതെന്നും കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസ് രജിസ്റ്റർ ചെയ്യരുതെന്നും കോടതി നിർദേശം നൽകിയിരുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ഉത്തരവിട്ടു. രാജ്യദ്രോഹക്കേസുകളിൽ 13,000 പേർ ജയിലിലുണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാടെടുത്തത്.

രാജ്യദ്രോഹം ചുമത്തിയ ഇരുപതോളം കേസുകളാണ് കേരളത്തിലുള്ളത്. ഏറെയും മാവോയിസ്റ്റുകൾക്കും വൻ കള്ളനോട്ടടിക്കാർക്കും എതിരെയാണ്. നിരവധി കേസുകളിൽ പൊലീസ് ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ മൂന്നു കേസുകളിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here