പ്രമുഖ ആശുപത്രിയുടെ പരസ്യത്തിൽ അഭിനയിക്കാൻ നടനും നിർമ്മാതാവുമായ സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരൾമാറ്റ ശസ്ത്രക്രിയകൾ. ഒരു മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. ഏതാണ്ട് 12 കോടി രൂപ ഇതിനായി വേണ്ടിവരുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.
‘ ദുബായിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ആശുപത്രിയിൽ നിന്നൊരാൾ എന്നെ ബന്ധപ്പെടുന്നത്. അവർക്ക് എന്നോടൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചു. ഞാൻ അവർക്കൊപ്പം സഹകരിക്കാൻ തയ്യാറാണ്, പകരം പ്രതിഫലമായി അമ്പത് പേർക്ക് കരൾമാറ്റ ശസ്ത്രക്രിയ നടത്താൻ കഴിയുമോയെന്ന് ഞാൻ അവരോട് ചോദിച്ചു.
ഏതാണ്ട് 12 കോടി രൂപ അതിന് ചെലവ് വരും. ഇപ്പോൾ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കാണ് സഹായം നൽകുന്നത്.” സോനു സൂദ് പറഞ്ഞു.
ഇതിന് മുമ്പും അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. കൊവിഡ് കാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ കൈവരിച്ചിരുന്നു. ജോലി സംബന്ധമായി വിവിധയിടങ്ങളിൽ കുടുങ്ങിപോയവർക്കുള്ള ഗതാഗത സൗകര്യങ്ങൾ അടക്കം ഭക്ഷണവും വെള്ളവും ചികിത്സയും വരെ താരം ലഭ്യമാക്കി.