പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഒരു ജോഡി ഷൂസ്സിനു വേണ്ടി പതിനാലുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ മൂന്ന് യുവാക്കളെ കണ്ടെത്തുവാന്‍ സഹായിക്കുന്നവര്‍ക്ക് 25,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. ഹൂസ്റ്റണ്‍ പോലീസ് ചീഫ് ട്രോയ് ഫിന്നര്‍ മെയ് 18 വ്യാഴാഴ്ച നടത്തിയ വാര്‍ത്താ, സമ്മേളനത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. മെയ് 6ന് വെസ്റ്റ് ഹ്യൂസ്റ്റണില്‍ ടാങ്കിള്‍ വൈല്‍സ് സ്ട്രീറ്റില്‍ രാത്രി 8 മണിയോടെയായിരുന്നു സംഭവം.

പുറകില്‍ വെടിയേറ്റ് നിലത്തുവീണ് അലക്‌സിന്റെ ശരീരത്തില്‍ നിന്നും രക്തം ഒഴുകികൊണ്ടിരിക്കെ വെടിവെച്ചുവെന്ന് പോലീസ് കരുതുന്ന മൂന്നുപേര്‍ അലക്‌സിന്റെ കാലില്‍ നിന്നും ഷൂസ് ഊരിയെടുത്തു ഓടി രക്ഷപ്പെടുകയായിരുന്നു. വെടിയേറ്റു നിലത്തുവീണ അലക്‌സിനെ സഹായിക്കാനെത്തിയ ഒരാളോട് അലക്‌സ് സംഭവിച്ചതെല്ലാം പറഞ്ഞു. പിന്നീട് മരിക്കുകയായിരുന്നു. അലക്‌സ് വെടിയേറ്റു വീണ സ്ഥലത്തു നിന്നും മൂന്നു യുവാക്കള്‍ ഓടിപോകുന്നതായി കണ്ടുവെന്നും ദൃക്‌സാക്ഷി പറഞ്ഞു.

രണ്ടാഴ്ചയോളം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാകാതെ പോലീസ് അന്വേഷണം തുടരുകയാണ്. ഒരു ജോടി ചെരിപ്പിനു വേണ്ടി ലാമാര്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ചതു ക്രൂരമായിപോയെന്നു പോലീസ് ചീഫ് പറഞ്ഞു. വെടിവെച്ചവര്‍ ഈ പരിസരത്തുതന്നെ ഉണ്ടാകുമെന്നും, അവരെ പുറത്തുകൊണ്ടുവരുന്നതിനു സഹായിക്കണമെന്നും ചീഫ് ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ ഹൂസ്റ്റണ്‍ പോലീസിനെ 713 308 3600 നമ്പറില്‍ വിളിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here