ജോർജിയയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു കനത്ത തിരിച്ചടി. ഗവർണർ സ്ഥാനാർത്ഥിയായി പ്രൈമറിയിൽ ട്രംപ് പിന്തുണച്ച മുൻ സെനറ്റർ ഡേവിഡ് പെർഡ്യു  ഭീമമായ പരാജയം ഏറ്റു വാങ്ങി.  നിലവിൽ ഗവർണറായ ബ്രയാൻ കെംപ് (ചിത്രം) 73% വോട്ടു നേടിയപ്പോൾ പെർഡ്യു തോൽവി സമ്മതിച്ചു. ട്രംപിന്റെ വൈസ് പ്രസിഡന്റ് ആയിരുന്ന മൈക്ക് പെൻസ് പിന്തുണച്ചത്‌ കെംപിനെ ആയിരുന്നു. ആ നിലയ്ക്ക് ട്രംപ് തന്റെ വൈസ് പ്രസിഡന്റിനോടും തോറ്റു. 

നവംബറിൽ ഡെമോക്രാറ്റ് സ്റ്റേസി അബ്‌റാംസിനെയാണ് കെംപ് വീണ്ടും നേരിടുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിലാണ് കെംപ് അവരെ തോല്പിച്ചത്. കഴിഞ്ഞ ദിവസം കറുത്ത വർഗക്കാരിയായ അവരെ പെർഡ്യു വംശീയമായി അധിക്ഷേപിച്ചത് പുതിയൊരു വിവാദത്തിനു തിരി കൊളുത്തിയിട്ടുണ്ട്.  റിപ്പബ്ലിക്കൻ പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ട്രംപിന് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ പ്രഹരമാണിത്. 

ജോർജിയയിൽ 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് തോറ്റപ്പോൾ ജോ ബൈഡൻ വോട്ടുകൾ തട്ടിയെടുത്തതാണ് എന്ന അദ്ദേഹത്തിന്റെ വാദം അംഗീകരിക്കാം വിസമ്മതിച്ചതിനാണ്  ഗവർണർ കെംപിനെ ട്രംപ് അനഭിമതനായി പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും മോശപ്പെട്ട ഗവർണർ എന്ന് ട്രംപ് അദ്ദേഹത്തെ വിളിച്ചു, പെർഡ്യുവിനു പിന്തുണയും നൽകി.

എന്നാൽ യു എസിലെ ഏറ്റവും നല്ല റിപ്പബ്ലിക്കൻ ഗവർണർ എന്നാണ് പെൻസ് കെംപിനെ വിളിച്ചത്.  ട്രംപ് എതിർക്കുന്ന ജോർജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ബ്രാഡ് റാഫെൻസ്‌പെർഗെർ കടുത്ത പോരാട്ടത്തിലാണ്. വോട്ടെണ്ണൽ പൂർത്തിയായിട്ടില്ല. 2020 ൽ ട്രംപ് പറഞ്ഞ അപഹരണ നുണയ്ക്കു കൂട് നില്കാതെ ബൈഡൻ വിജയിച്ചതായി പ്രഖ്യാപിച്ചതിനാണ് അദ്ദേഹത്തോട് ട്രംപ് പക വീട്ടാൻ ശ്രമിക്കുന്നത്. 

അതേ സമയം, ട്രംപ് പിന്തുണച്ച ഫുട്ബോളർ ഹെർഷെൽ വാക്കർ സെനറ്റിലേക്കു മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നേടി. നവംബർ 8നു  ഡെമോക്രറ്റിക്ക് സെനറ്റർ റഫയെൽ വാർനോക്കിനെ അദ്ദേഹം നേരിടും.  ട്രംപ് പക്ഷത്തെ ഏറ്റവും വിവാദ സ്ഥാനാർഥിയായ റെപ്. മജോറി ഗ്രീനും ജയിച്ചു കയറി. ക്യാപിറ്റോൾ ആക്രമണത്തിന് ജയിലിൽ കിടക്കുന്നവരെ പരസ്യമായി ന്യായീകരിച്ച ഗ്രീൻ ജോർജിയയുടെ 14 ഡിസ്ട്രിക്റ്റിൽ അഞ്ചു പേരെയാണ് തോല്പിച്ചത്. നേരത്തെ വോട്ട് ചെയ്യാൻ ജോർജിയ അവസരം നൽകിയ വെള്ളിയാഴ്ച  കനത്ത വോട്ടിംഗ് നടന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here