ആഷാ മാത്യു

മരണം എന്താണെന്നറിയാത്ത കുരുന്നുകളോട് മരിക്കാന്‍ തയ്യാറായിക്കോളൂ എന്ന് കൊലയാളി ആക്രോശിച്ചപ്പോള്‍ അവര്‍ ഭയന്നുപോയത് ആ അലര്‍ച്ച കേട്ടിട്ടായിരിക്കണം. എന്താണ് സംഭവിക്കുന്നത് എന്നു പോലും മനസ്സിലാകുന്നതിന് മുന്‍പ് അവരെല്ലാം ക്രൂരതയുടെ ആള്‍രൂപമായെത്തിയവന്റെ തോക്കിനു മുന്‍പില്‍ പിടഞ്ഞുവീണു. വേനലവധിക്ക് ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും വിനോദ യാത്ര പോകുന്നതിനെക്കുറിച്ചുമെല്ലാം മരണത്തിന് തൊട്ടു മുന്‍പ് അവര്‍ സംസാരിച്ചിരിക്കണം. എന്നാലാ സ്വപ്നങ്ങളൊക്കെയും ബാക്കിയാക്കി അവര്‍ ഇല്ലാതായി. തൊട്ടടുത്ത ദിവസം വേനലവധി ആരംഭിക്കാനിരിക്കെയാണ് സ്‌കൂളില്‍ കൂട്ടക്കുരുതി നടന്നത്.

Eight students were among 10 people killed at Santa Fe High School in 2018

ടക്‌സാസിലെ ഉവാള്‍ഡയിലെ റോബ് എലമെന്ററി സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ ഏഴിനും പത്തിനും ഇടയില്‍ പ്രായമുള്ള 19 കുട്ടികളാണ് പിടഞ്ഞുതീര്‍ന്നത്. ഇനിയും കരുന്നുകള്‍ മരണത്തോട് മല്ലടിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു. അവരില്‍ എത്രപേര്‍ അതിജീവിക്കുമെന്നോ, എത്ര പേര്‍ ജീവന്‍ വെടിയുമെന്നോ ഇപ്പോഴും ഉറപ്പില്ല. ഹൃദയം തകര്‍ക്കുന്ന ഈ വാര്‍ത്ത അമേരിക്കയിലെ അക്രമസംഭവങ്ങളിലെ അവസാനത്തേതാണ്. അവസാനം നടന്നത് എന്നു മാത്രം, ഇതോടെ വെടിവെപ്പുകളും കൂട്ടക്കുരുതികളും അവസാനിച്ചു എന്നര്‍ത്ഥമില്ല.

 

 

വെടിവെപ്പ് നടത്തിയത് ഒരു പതിനെട്ടു വയസ്സുകാരനാണ്. കുട്ടികളുടെ നെഞ്ചിലേക്ക് നോക്കി ഇത്ര ക്രൂരമായി നിറയൊഴിക്കാന്‍ ഇനിയും കൗമാരം ബാക്കിയുള്ള കൊലയാളിയെ പ്രേരിപ്പിച്ചതെന്താണെന്ന് ആര്‍ക്കുമറിയില്ല. 2012 ല്‍ ഡിസംബര്‍ 14-ന് കണക്റ്റിക്കട്ടിലെ ന്യൂടൗണില്‍ സാന്‍ഡി ഹുക്ക് എലിമെന്ററി സ്‌കൂളില്‍ ആറും ഏഴും വയസ്സുള്ള ഇരുപത് കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയത് ഒരു ഇരുപതുകാരനാണ്. ഇരുപത് കുട്ടികളേയും ആറ് ജീവനക്കാരേയുമടക്കം അന്നയാള്‍ കൊന്നു കളഞ്ഞത് 26 പേരെയാണ്. രാജ്യത്തെ നടുക്കിയ ആ കറുത്ത ദിനത്തിന് ശേഷം പത്തു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വീണ്ടും കുഞ്ഞുങ്ങളുടെ കൂട്ടുക്കുരുതി കണ്ട് രാജ്യം സ്തംഭിച്ചിരിക്കുകയാണ്.

Civilian and police officer outside of Tops Friendly Market in Buffalo.

അമേരിക്കയില്‍ വെടിവെപ്പ് സംഭവങ്ങളില്‍ കുട്ടികള്‍ ഇരയാക്കപ്പെടുന്നത് അപൂര്‍വ്വ സംഭവമല്ലാതായിക്കഴിഞ്ഞു. കാരണമൊന്നുമില്ലാതെ, പ്രകോപനമൊന്നുമില്ലാതെ ആര്‍ക്കും കയറിവന്ന് നിസ്സാരമായി നിറയൊഴിച്ചു കൊന്നുകളയാവുന്നവരായി കുരുന്നുകള്‍ മാറിയതിന് രാജ്യം സാക്ഷ്യം വഹിച്ചത് നിരവധി തവണയാണ്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ അമേരിക്കയില്‍ നടന്ന ഏറ്റവും മാരകമായ ക്ലാസ്‌റൂം കൂട്ടക്കൊലകളുടെ എണ്ണമെടുത്ത് പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. മറ്റൊന്ന് കൂടിയുണ്ട്, വെടിവെപ്പ് നടത്തിയ പ്രതികളെല്ലാവരും 22 വയസ്സില്‍ താഴെയുള്ളവരായിരുന്നു.

1999 ല്‍ കൊളറാഡോയിലെ കൊളംബൈനില്‍ നിന്നുള്ള രണ്ട് കൗമാരക്കാര്‍, ആയുധങ്ങളും നാടന്‍ ബോംബുകളുമായെത്തി പ്രാദേശിക ഹൈസ്‌കൂളില്‍ നടത്തിയ കൂട്ടക്കൊലയില്‍ പന്ത്രണ്ട് വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപകനുമാണ് കൊല്ലപ്പെട്ടത്. 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്കയില്‍ സ്‌കൂള്‍ വെടിവെപ്പ് സംഭവങ്ങളില്‍ ആദ്യത്തേതാണിത്. പിന്നീടിങ്ങോട്ട് കുട്ടികള്‍ നിഷ്‌ക്കരുണം കൊല്ലപ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് നിരവധി തവണയാണ്.

2007 ല്‍ വിര്‍ജീനിയ പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു വിദ്യാര്‍ത്ഥി വിര്‍ജീനിയയിലെ ബ്ലാക്ക്സ്ബര്‍ഗ് കാമ്പസില്‍ കയറി വെടിവെച്ച് കൊന്നത് 32 വിദ്യാര്‍ത്ഥികളെയാണ്. വെടിവെപ്പില്‍ മുപ്പത്തിമൂന്ന് പേര്‍ക്ക് പരിക്കേറ്റു. വെടിവെപ്പിനിടെ മുന്‍പ് കൊളംബൈനില്‍ കൂട്ടക്കുരുതി നടത്തിയ ഷൂട്ടര്‍മാരെ ‘രക്തസാക്ഷികള്‍’ എന്നാണ് തോക്കുധാരി വിശേഷിപ്പിച്ചത്. ഇതിനു ശേഷമാണ് ഡിസംബര്‍ 14-ന് കണക്റ്റിക്കട്ടിലെ ന്യൂടൗണില്‍ സാന്‍ഡി ഹുക്ക് എലിമെന്ററി സ്‌കൂളില്‍ 26 പേരുടെ കൂട്ടക്കുരുതി നടന്നത്.

2018 ഫെബ്രുവരി 14ന് ഫ്‌ലോറിഡയിലെ പാര്‍ക്ക്ലാന്‍ഡിലെ മാര്‍ജോറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ വെടിവെപ്പ് നടന്നു. അച്ചടക്ക കാരണങ്ങളാല്‍ പുറത്താക്കപ്പെട്ട സ്‌കൂളിലെ 19 വയസ്സുള്ള മുന്‍ വിദ്യാര്‍ത്ഥിയാണ് സ്‌കൂളിലെത്തി വെടിയുതിര്‍ത്തത്. 14 വിദ്യാര്‍ത്ഥികളെയും മൂന്ന് മുതിര്‍ന്ന ജീവനക്കാരെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. നാല് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇതാ വീണ്ടും ടെക്‌സാസിലെ ഉവാള്‍ഡയിലെ റോബ് എലമെന്ററി സ്‌കൂളില്‍ കുരുന്നുകള്‍ കൂട്ടക്കുരുതിക്കിരയായിരിക്കുന്നു.

പത്തൊമ്പത് കുട്ടികളും രണ്ട് അധ്യാപകരുമടക്കം 21 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കുട്ടികളെല്ലാവരും തന്നെ ഏഴിനും പത്തിനും ഇടയില്‍ പ്രായമുള്ളവരാണ്. കൂട്ടക്കുരുതി നടത്തിയ പതിനെട്ട് വയസ്സുകാരനായ പ്രതി സാല്‍വദോര്‍ റെയ്‌മോസ് പോലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ‘ഗെറ്റ് റെഡി ടു ഡൈ’ (മരിക്കാന്‍ തയ്യാറായിക്കോളൂ) എന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമി വെടിയുതിര്‍ത്തത്. കൂട്ടക്കുരുതി നടത്തിയ പതിനെട്ടുകാരനായ പ്രതി കൈത്തോക്കും റൈഫിളുമായി വീട്ടില്‍ നിന്നിറങ്ങിയത് സ്വന്തം മുത്തശ്ശിയെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചതിനു ശേഷമാണ്.

Amerie Jo Garza.

രാജ്യത്തെ മാത്രമല്ല, ലോകത്തെ മുഴുവന്‍ നടുക്കിക്കൊണ്ടാണ് കുട്ടികളുടെ മരണവാര്‍ത്തയെത്തിയത്. കൊലപാതകത്തെ അപലപിച്ചുകൊണ്ട് നേതാക്കള്‍ രംഗത്തെത്തുമ്പോള്‍ തോക്ക് ഉപയോഗത്തില്‍ നിയമം മൂലം നിരോധനം വേണമെന്ന ജനങ്ങളുടെ മുറവിളി വീണ്ടും മുഴങ്ങുകയാണ്. ആര്‍ക്കു വേണമെങ്കിലും തോക്ക് വാങ്ങി ഉപയോഗിക്കാമെന്നതാണ് അമേരിക്കയില്‍ നിലവിലെ അവസ്ഥ. തോക്ക് സൂക്ഷിക്കാനുള്ള പ്രായവും തോക്കുകളുടെ ലഭ്യത സംബന്ധിച്ചും കര്‍ശനമായ നിയമം നടപ്പിലാക്കണമെന്ന ജനങ്ങളുടെ മുറവിളിക്ക് കാലങ്ങളുടെ പഴക്കമുണ്ട്.

ഏതു നിമിഷവും കുതിച്ചെത്തുന്ന ഒരു വെടിയുണ്ട തങ്ങളുടെയോ പ്രീയപ്പെട്ടവരുടേയോ ജീവനെടുത്തേക്കാമെന്ന ഭയത്തിലാണ് ഇവിടെയുള്ളവര്‍ കഴിയുന്നത്. തോക്കു ഉപയോഗം സംബന്ധിച്ച് നിയന്ത്രണങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍ ഇനിയും ജീവനുകള്‍ പൊലിയും. ഇതിങ്ങനെത്തന്നെ തുടരും. കുടുംബാംഗങ്ങളുടെ ഈ തീരാനഷ്ടം ഹൃദയ ഭേദകമാണെന്ന് അനുശോചന സന്ദേശത്തില്‍ ജോ ബൈഡന്‍ പറഞ്ഞിരുന്നു. ലോകത്ത് മറ്റെല്ലായിടത്തും ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമാണ്. എന്നാല്‍ നാം ഈ കൂട്ടക്കൊലകള്‍ക്കൊപ്പം ജീവിക്കുന്നു. എന്തിനാണ് ഇതിന് തയ്യാറാകുന്നതെന്ന് ബൈഡന്‍ ചോദിച്ചു.

അക്രമങ്ങളില്‍ മനം മടുത്തു. ഇത്ര ഭീകരമായ കൂട്ടക്കുരുതി നടന്നിട്ടും മൗനം പാലിക്കാന്‍ കഴിയില്ലെന്ന് ബൈഡന്‍ പറഞ്ഞു. ഇങ്ങനെ സംഭവിച്ചുകൊണ്ടിരിക്കാന്‍ സാഹചര്യമൊരുക്കുന്നതെന്തിനാണെന്ന് ചോദിച്ച ബൈഡന്‍ വേദന ഇനി നടപടിയായി മാറേണ്ട സമയമായിരിക്കുന്നുവെന്നും തോക്കുലോബിക്കതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രതികരിച്ചു. ഈ വികാര പ്രകടനം സത്യസന്ധമായിരിക്കുമെന്നും തോക്കു ലോബിക്കെതിതെ ശക്തമായ നടപടികള്‍ ഇനിയെങ്കിലും ഉണ്ടാകുമെന്നും ജനങ്ങള്‍ പ്രതീക്ഷിച്ചേക്കും. ഇനിയൊരു കുരുന്നു പോലും കൊല്ലപ്പെടരുത്. അതിന് നിയമം പൊളിച്ചെഴുതുകയല്ലാതെ പ്രതിവിധിയില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here