Friday, June 2, 2023
spot_img
Homeന്യൂസ്‌അമേരിക്കപ്രവാസ ജീവിതത്തിന്റെ ഉലയിൽ ഊതിക്കാച്ചിയെടുത്ത  "അമേരിക്കൻ കഥക്കൂട്ടം"

പ്രവാസ ജീവിതത്തിന്റെ ഉലയിൽ ഊതിക്കാച്ചിയെടുത്ത  “അമേരിക്കൻ കഥക്കൂട്ടം”

-

മിനി വിശ്വനാഥൻ


സാഹിത്യത്തിൽ പ്രവാസി എഴുത്തുകാർ എന്ന വേർതിരിവ് ആവശ്യമില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സർഗ്ഗാത്മകതക്ക് കാലദേശാതിർത്തികൾ ബാധകമല്ല എന്നു തെളിയിക്കുന്നതാണ് ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ച ബെന്നി കുര്യൻ എഡിറ്റു ചെയ്തു കോർത്തിണക്കിയ കഥാ സമാഹാരമായ  ” അമേരിക്കൻ കഥക്കൂട്ടം”  എന്ന പുസ്തകം തെളിയിക്കുന്നത്. അനുഭവങ്ങളുടെ ഉലയിൽ ഊതിക്കാച്ചി തച്ചുടച്ചു മിനുക്കിയെടുത്ത കാരിരുമ്പിന്റെ വെട്ടിത്തളിങ്ങുന്ന സൃഷ്ടികൾ വായിച്ചു കഴിഞ്ഞപ്പോൾ  ഈ കഥാകൃത്തുക്കളുടെ അനുവാചകർ കടൽ കടന്ന് ദേശാന്തരങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞത് ഈ പുസ്തകം ജന്മമെടുത്തതുകൊണ്ടാകാം.

തായ് വേരുകൾ മറന്നുപോവാതിരിക്കുക എന്നത് മാനുഷിക ഗുണങ്ങളിൽ ഒന്നാമത്തേതാണെന്ന് ഞാൻ വിശ്വസിക്കുന്നു. അവ ജീവസ്പന്ദനം പോലെ കൂടെ കൊണ്ടു നടക്കുന്ന പ്രവാസി എഴുത്തുകാർക്കും , ഇത്തരമൊരു മഹത്തായ സംരംഭത്തിന് തന്റെ സമയം ചിലവഴിക്കാൻ തയ്യാറായ പ്രവാസി എഴുത്തുകാരൻ ബെന്നി കുര്യനും ഗ്രീൻ ബുക്സും അഭിനന്ദനമർഹിക്കുന്നു.

അറുപത്തിഅഞ്ച് അമേരിക്കൻ മലയാളി എഴുത്തുകാരുടെ “അമേരിക്കൻ കഥക്കൂട്ടം” എന്ന കഥാ സമാഹാരം എന്റെ കൈയിൽ കിട്ടിയിട്ട് ഒരു മാസത്തോളമായി. ശാരീരികവും മാനസികവുമായ പല പ്രശ്നങ്ങളും കൊണ്ടും വായന നീണ്ടു പോയെങ്കിലും, വായിച്ചവസാനിപ്പിച്ചത് പരിപൂർണ്ണ സംതൃപ്തിയോടെയാണ്.


സാഹിത്യരചനകൾ വെറുമൊരു നേരംപോക്കു മാത്രമായിരുന്നില്ല ഈ എഴുത്തുകാർക്ക്. ഗൗരവത്തോടെയും ലളിതമായും തങ്ങളുടെ ജീവിത പരിസരങ്ങളും സ്വത്വപ്രതിസന്ധികളും ഗൃഹാതുരതകളും തങ്ങളുടെ രചനകളിൽ കൊണ്ടുവരാൻ അവർക്കായിട്ടുണ്ട്. നാട് വിടുന്ന ഓരോ മലയാളിയും തന്റെ ഭാഷയേയും സംസ്കാരത്തെയും ഓർമ്മകളേയും തനിക്കൊപ്പം കൂടെ കൂട്ടും. 
 
മലയാളിയായിരുന്നു എന്ന അടയാളപ്പെടുത്തലിന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അമേരിക്കൻ മലയാളികളാണെന്ന് തോന്നാറുണ്ട്. അവിടെ താമസമുറപ്പിച്ച മലയാളികൾ കഥയേയും സാഹിത്യത്തേയും എത്രമേൽ സ്നേഹിക്കുന്നുവെന്നതിന് ഉന്നത നിലവാരം പുലർത്തുന്ന അമേരിക്കൻ മലയാളം പ്രസിദ്ധീകരണങ്ങൾ സാക്ഷി.

ഈ സമാഹാരത്തിലെ എല്ലാ കഥകളും പ്രശംസ അർഹിക്കുന്നു. അമേരിക്കൻ മലയാളി എഴുത്തുകാരുടെ കഥകളുടെ ഒരു അന്തോളജി ആണ് ഈ സമാഹാരം. എല്ലാ കഥകളെ കുറിച്ചും എഴുതാനുള്ള സ്ഥലപരിമിധിമൂലം ചുരുക്കം ചില കഥകൾ പരാമർശിക്കട്ടെ.

അനിത പണിക്കരുടെ ഗേൾഫ്രണ്ട്സ് എന്ന കഥയുടെ പശ്ചാത്തലം അമേരിക്കയിലെ മലയാളി കുടുംബന്ധങ്ങളുടെ വീർപ്പുമുട്ടലുകളും സ്ത്രീ സൗഹൃദങ്ങളുടെ വ്യാപ്തിയും തന്നെയാണ്. സ്ത്രീകൾ അനുഭവിക്കുന്ന ആത്മ സംഘർഷങ്ങൾ വളരെ ഭംഗിയായി അനിത പ്രതിഫലിപ്പിച്ചിരിക്കുന്നു.

രാജേഷ് വർമ്മയുടെ കൊളോണിയൽ കസിൻസിന്റെ പശ്ചാത്തലം കേരളത്തിലെ ഗ്രാമീണതയാണെങ്കിലും വിഷയം അമേരിക്കൻ മലയാളിയുടെ സന്ദർശനവും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളും പ്രതീക്ഷകളുമാണ്.

സിഎംസിയുടെ പോപ്പറില്ലോയിൽ വരാനിരിക്കുന്ന ക്രിസ്തുമസ്സ് കാലങ്ങളിൽ ഇരുട്ടിൽ മൂടിക്കിടക്കുന്ന തന്റെ വീടിനെ നോക്കി നേടുവീർപ്പിടുന്ന ആദ്യ കുടിയേറ്റ മലയാളിയുടെ ആകുലത ഉള്ളിൽ തറക്കും.

പാപനാശിനിയുടെ തീരത്ത് വായനക്കാരനും റ്റിമ്മിക്കായി പ്രാർത്ഥനയോടെ… മാലിനിയുടെ കഥയിൽ ഒരമ്മയുടെ ഹൃദയത്തിന്റെ തുടിപ്പ്.
ജോൺ മാത്യുവിന്റെ ന്യായവിധിയിൽ വായനക്കാരനും സ്വയം വിധിക്കപ്പെടും.

നിർമ്മലയുടെ “പാക്കിപ്രിൻസസ്” എന്ന കഥയിൽ കോർപ്പറേറ്റ് ലാഡർ ചവുട്ടിക്കയറുന്ന പ്രവാസ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന പ്രൊഫഷണൽ ഈഗോസിനെ മനോഹരമായി വരച്ചിട്ടിരിക്കുന്നു. പാക്കിസ്ഥാനി പ്രിൻസസ് എന്ന അപരപ്പേര്  ചുരുക്കി പാക്കിപ്രിൻസസ് , രാജകുമാരിയാക്കി പരിഹാസപ്പേരു വിളിച്ചിട്ടൊന്നും കുലുങ്ങാത്ത ‘ഇൻഡി’ എന്ന പാക്കിസ്‌ഥാനിയുടെ  കമ്പനിയുടെ ഭാവിയെ പറ്റി ഒരുമിച്ചു് പ്രവർത്തിക്കാൻ ആവശ്യപ്പെടുകയാണ്. ഇതാണ് പ്രവാസിയുടെ, പ്രത്യേകിച്ച് പ്രവാസി സ്ത്രീകൾ തിളങ്ങാൻ കാരണം! – അനേക വർഷം ദുബായിൽ ജോലിചെയ്ത എനിക്ക് ഇത് നല്ലവണ്ണം നേരിട്ടറിയാവുന്നതാണ്.

പ്രിയ ജോസഫിന്റെ ‘കന്യാവൃതത്തിന്റെ കാവൽക്കാരൻ’, ദാമ്പത്യത്തിലെ പൊരുത്തക്കേടുകളെ കാണിച്ചുതരുന്നു. മജ്ജയും മാംസവും വികാരങ്ങളും ഉള്ളവളാണ് താലിയിൽ കെട്ടിയിട്ടിരിക്കുന്ന ജീവിതങ്ങൾ എന്ന് റേച്ചൽ വായനക്കാരനോട് മന്ത്രിക്കുന്നുണ്ട്. പെടിക്യൂറിൽ ‘കാലുപൂജ’ ചെയ്യുന്ന ടോണിയുടെ ദൌർബല്യം റേച്ചൽ സഹാനുഭൂതിയോടെ കാണുന്നു. ഭാരതീയ കുടുംബ ബന്ധനത്തിന്റെ ചങ്ങലകളിൽ റേച്ചൽ സ്വയം ഹോമിക്കണമായിരുന്നോ എന്നെനിക്കു തോന്നിപ്പോയി.

ഈ കഥാസമാഹാരത്തിൽ എന്നെ ആകർഷിച്ച ഒരു കഥയാണ് പുസ്തകത്തിന്റെ പിന്നണിക്കാരനായ  ബെന്നി കുര്യന്റെ തന്നെ  “വീണ്ടുമൊരു കടൽത്തീരത്തേക്ക് ” എന്ന കഥ. രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ വെള്ളായിയപ്പന്റെ നിസ്സഹായത കടന്നുവരികയാണ്. വടക്കു പുറത്തെ തൊടിയിലെ പച്ചക്കറികളിൽ നിന്ന് അമ്മ കടന്നുവരുന്നത് അമേരിക്കയിൽ ജനിച്ചു വളർന്ന മകളുടെ പിടി വാശികളിലേക്കാണ്. പ്രായപൂർത്തിയായെന്ന് സ്വയം വിശ്വസിക്കുന്ന പതിനാറു വയസുകാരിയുടെ ആവശ്യങ്ങൾക്കു മുന്നിൽ പകച്ച് പോവുന്ന അമ്മയെയും ‘കടൽത്തീരത്ത്’ എന്ന കഥയേയും എഴുത്തുകാരൻ ഹൃദയസ്പർശിയായി ബന്ധിപ്പിച്ചിരിക്കുന്നു. 
 
കേരളത്തിലെ ഗ്രാമത്തിലെ ചിട്ടവട്ടങ്ങൾക്കുള്ളിൽ നിന്നു സമൃദ്ധമായ ജീവിതം കൊതിച്ചു കൊണ്ട് അമേരിക്കയിൽ കുടിയേറിയ മാതാപിതാക്കൻമാർ തങ്ങൾ ജീവിച്ച ശീലങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. പലപ്പോഴും നിസ്സഹായതയുടെ ഗർത്തങ്ങളിൽ താഴ്ന്നു പോവുന്ന മാതാപിതാക്കളുടെ നേർച്ചിത്രം ഈ കഥ കൂടുതൽ ഹൃദയസ്പർശിയാക്കുന്നു ! 
 
ഇന്ത്യ എന്നത് മകളുടെ ഭാഷയിൽ ‘നിങ്ങളുടെ ഇന്ത്യ’യാണ്, അമേരിക്ക അവരുടേതും. രണ്ട് തലമുറകൾ തമ്മിലുള്ള വൈകാരിക പ്രതിസന്ധി വെള്ളായിയപ്പന്റെ ചിന്തയുമായി ചേർത്തിണക്കിയാണ് ഈ കഥ രചിച്ചിട്ടുള്ളത്, അതുകൊണ്ട് തന്നെ കൂടുതൽ ആസ്വാദ്യവുമാവുന്നു.

കെ.വി. പ്രവീണിന്റെ ജാക്ക്പോട്ട്, അശോകൻ വേങ്ങശ്ശേരിയുടെ അസൈൻമെന്റ്, കവിത അംബികദേവിയുടെ കീ വെസ്റ്റിൽ നിന്നോടൊപ്പം, ജീന രാജേഷിന്റെ ഇന്നാണ് ഫിലിപ്പന്റെ മരണം, സാംജീവിന്റെ ഗ്രീക്ക് യോഗർട്ട്, ഷാജു ജോണിന്റെ മോറിസ് മൈനർ, പ്രിയ ഉണ്ണികൃഷ്ണന്റെ റൊമേറോ തുടങ്ങി എല്ലാ കഥകളും വായനക്കാരനെ അമേരിക്കൻ ജീവിത യാഥാത്ഥ്യങ്ങളിൽ തളച്ചിടും.

ഈ സമാഹാരത്തിലെ ഓരോ കഥയ്ക്ക് പിന്നിലും മറ്റൊരു കഥയും ഓർമ്മകളും ജീവിതവുമുണ്ടെന്ന് പറയാം. അമേരിക്കൻ മലയാളികളുടെ ഈ കഥക്കൂട്ടം ഗൗരവമുള്ള വായനയും ചർച്ചകളും വിശകലനവും അർഹിക്കുന്നുണ്ട്.

460 പേജുകൾ ഉള്ള ഈ സമാഹാരത്തിന്റെ കവർ മനോഹരമായി ചെയ്തിരിക്കുന്നത് പ്രശസ്ത കവർ ഡിസൈനർ രാജേഷ് ചേലോട് ആണ്.
പബ്ലിക്ഷർ: ഗ്രീൻ ബുക്സ്, തൃശൂർ.
വില 450 രൂപ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: