ഫ്രാൻസിസ് തടത്തിൽ, ആഷാ മാത്യു 
 

ന്യൂയോർക്ക്: ആന്റി ഇനി സംസാരിക്കില്ല മോളെ… ആന്റി പോകാനൊരുങ്ങുകയാണ് . മറിയാമ്മ ആന്റി മരിക്കുന്നതിന്  ഒരു മണിക്കൂർ മുൻപ് ആന്റിയുടെ ഫോണിൽ നിന്നും ഒരു കോൾ വന്നു. ആന്റിയുടെ നമ്പർ കണ്ട് ഏറെ ആശ്വാസത്തോടെ  തിടുക്കത്തിൽ ഫോണെടുത്ത്  യാതൊരു മുഖവുരയില്ലാതെ ചോദിച്ചു:  “ആന്റി സംസാരിച്ചു തുടങ്ങിയോ?” എന്നാൽ മറുതലയ്ക്കൽ ആന്റിയായിരുന്നില്ല ; പിള്ള ചേട്ടനായിരുന്നു. “മോളെ ആന്റിയല്ല, പിള്ളച്ചേട്ടനാണ്” എന്ന മറുപടി ലഭിച്ചപ്പോൾ തന്നെ ഉള്ളൊന്നു കാളി.  പ്രതീക്ഷിച്ചപോലെ പിള്ള ചേട്ടന്റെ തുടർന്നു പറഞ്ഞ വാക്കുകൾ തന്നെ ഏറെ തളർത്തിക്കളഞ്ഞു “ ആന്റി ഇനി സംസാരിക്കില്ല മോളെ, ആന്റി പോകാനൊരുങ്ങുവാണ്” . പിള്ളച്ചേട്ടന്‍ തുടർന്നു പറഞ്ഞ വാക്കുകൾക്ക് മറുപടി പറയാൻ തൊണ്ടയിൽ വാക്കുകൾ കുരുങ്ങിക്കിടന്നു.  

പിള്ളച്ചേട്ടനോട്  എന്ത് മറുപടി പറയണമെന്നറിയാതെ ഒരു നിമിഷം പകച്ചുപോയി. ഫോണ്‍ വെച്ച ശേഷം കുറച്ചു നേരം കരയുവാന്‍ മാത്രമാണ് സാധിച്ചത്. ഈ വാര്‍ത്ത എനിക്കിപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. പിന്നീട് തന്റെ ഭർത്താവ് പോൾ കറുകപ്പള്ളിയെ കാര്യങ്ങൾ അറിയിച്ചു.  ഉടൻ പോൾ ചിക്കാഗോയിലെ അടുത്ത സുഹൃത്തുക്കളായ ജെയ്‌ബു മാത്യുവിനേയും ജോർജ് പണിക്കരയെയും അറിയിച്ചു. എത്രയും വേഗം ആശുപത്രിയിൽ എത്തിച്ചേരാൻ നിർദ്ദേശിച്ചു.  ജെയ്‌ബു എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. എന്നാൽ മരിക്കുന്നതിനു 10 മിനിറ്റ് മുൻപ് മുറിയിൽ എത്തിച്ചേർന്ന ജോർജ് പണിക്കർക്ക് ആന്റിയെ അവസാനമായി ഒരു നോക്ക് കാണുവാൻ സാധിച്ചു. മരിക്കുമ്പോൾ പിള്ളച്ചേട്ടനും മക്കൾക്കുമൊപ്പം ജോർജ് മാത്രമാണുണ്ടായിരുന്നത്. 

 ഫൊക്കാന  മുന്‍ പ്രസിഡന്റും കേരളാ ടൈംസ് എംഡിയുമായി പോള്‍ കറുകപ്പിള്ളിയുടെ ഭാര്യ ലതാ പോളിനെയാണ് മറിയാമ്മ പിള്ള മരിക്കും മുൻപ് സംസാരിക്കാനും യാത്ര പറയാനും ആഗ്രഹിച്ചത്. അവർ തമ്മിലുള്ള ബന്ധം അത്രമേൽ ഇഴ പിരിഞ്ഞതായിരുന്നു. അടുത്തായിരുന്നുവെങ്കിൽ ഒന്നു പോയി നേരിൽ കാണാമായിരുന്നു. പോള്‍ കറുകപ്പിള്ളിയെ ന്യൂയോര്‍ക്കിലെ കുഞ്ഞാങ്ങള എന്നാണ് ആന്റി പറയാറുണ്ടായിരുന്നത്. മകൾ ലിപിയുടെ കല്യാണത്തിനു തീർച്ചയായും വരുമെന്നു പറഞ്ഞ ആന്റി അവൾക്കായി സമ്മാനവും വാങ്ങി കരുതി വച്ചിരുന്നു. എന്നാലതിന് സാധിച്ചില്ല. 

കല്യാണത്തിന്റെ സമയത്ത് ആന്റി ആശുപത്രിയിലായിരുന്നു. അതിനു ശേഷം രണ്ടാം ദിവസമാണ് മരണം സംഭവിച്ചത്. ആന്റി മരിച്ചുവെന്ന് ഇപ്പോഴും തനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. ഇത്ര ഊര്‍ജ്ജത്തോടെയിരുന്ന ആള്‍ പെട്ടന്നൊരു ദിവസം അപ്രതീക്ഷിതമായി വിട പറഞ്ഞു. ആന്റി സഹായിച്ച ആളുകളുടെ എണ്ണമെടുത്താല്‍ തീരില്ല. സ്വന്തം വീട്ടില്‍ ആളുകളെ താമസിപ്പിച്ചു വരെ സഹായിച്ചിട്ടുണ്ട്. സ്‌നേഹത്തോടെയല്ലാതെ ഒരാളോടും സംസാരിക്കുന്നത് താന്‍ കണ്ടിട്ടില്ല. മരണത്തിനു രണ്ട് ദിവസം മുന്‍പ് താന്‍ വിളിച്ചപ്പോള്‍ പിള്ളച്ചേട്ടനാണ് ഫോണെടുത്തത്. ബോധമുണ്ട് പക്ഷേ ആന്റിക്ക് സംസാരിക്കാന്‍ വയ്യ എന്നു പിള്ളച്ചേട്ടന്‍ പറഞ്ഞു..

2001ലെ കേരളാ കണ്‍വെന്‍ഷനോടനുബന്ധിച്ചാണ് ആന്റിയുമായി കൂടുതലടുത്തത്. അന്ന് മുതല്‍ തങ്ങള്‍ തമ്മില്‍ വല്ലാത്തൊരാത്മബന്ധം ഉണ്ടായിരുന്നുവെന്നും തന്നെ ഒരു സഹോദരിയെപ്പോലെയാണ് മറിയാമ്മ പിള്ളയും കുടുംബവും കണ്ടിരുന്നതെന്നും ലതാ പോള്‍ പറഞ്ഞു. ചിലപ്പോൾ ആന്റിയുടെ വാത്സല്യമനുഭവിക്കുമ്പോൾ മാതൃസ്നേഹം അനുഭവിക്കുന്ന അനുഭവമായിരിക്കും. അമ്മയോടുള്ള സ്‌നേഹബഹുമാനവും മുതിര്‍ന്ന സഹോദരിയോടുള്ള അടുപ്പവുമാണ് തനിക്ക് മറിയാമ്മ പിള്ളയോടുള്ളത്. അതുകൊണ്ടാണ് മറിയാമ്മ ആന്റി എന്ന് വിളിക്കാൻ തോന്നിയത്. 
 മറിയാമ്മ പിള്ളയുമായി തങ്ങള്‍ക്കുള്ള ആത്മബന്ധം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്ന് . മറ്റുള്ളവരെ സഹായിക്കാന്‍ ഇത്രയധികം മനസ്സുകാണിക്കുന്ന, നിസ്വാര്‍ത്ഥ സേവനം നടത്തുന്ന മറ്റൊരാളെ താന്‍ കണ്ടിട്ടില്ലെന്ന് ലതാ പോള്‍ കൂട്ടിച്ചേർത്തു. എല്ലാര്‍ക്കും കൈത്താങ്ങായിരുന്നു മറിയാമ്മ ആന്റി. ആന്റിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഈ വേര്‍പാട് താങ്ങാന്‍ ആന്റിയുടെ കുടുംബത്തെ ദൈവം സഹായിക്കട്ടെ. ജീവന്‍ വെടിഞ്ഞെങ്കിലും ആയിരങ്ങളുടെ മനസ്സില്‍ ആന്റി എപ്പോഴും ജീവിക്കുമെന്നും പോൾ കറുകപ്പള്ളിലും ലതാപോളും  മറിയാമ്മ പിള്ളയെ അനുസ്മരിച്ചുകൊണ്ട് നൽകിയ സന്ദേശത്തില്‍ പറഞ്ഞു.
 
 മറിയാമ്മ പിള്ള ഫൊക്കാന പ്രസിഡന്റായിരുന്ന സമയത്ത് ഡല്‍ഹിയില്‍ പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കുവാൻ പോയപ്പോൾ മൂന്നുനാലും ദിവസം ഒരുമിച്ചു താമസിക്കുകയും ചെയ്തിട്ടുണ്ട്. പലതവണ തങ്ങളുടെ ആതിഥേയത്വം സ്വീകരിച്ച് മറിയാമ്മ ആന്റിയും ഭര്‍ത്താവ് പിള്ളച്ചേട്ടനും വീട്ടില്‍ വരികയും താമസിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ വീട് പലതവണ തങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. 

രോഗാവസ്ഥയിലെല്ലാം നല്ല മനോധൈര്യം പ്രകടമാക്കിയിരുന്നു ആന്റി . ദൈവത്തിന്റെ ഇഷ്ടം പോലെ സംഭവിക്കട്ടെ എന്നാണ് പറഞ്ഞിരുന്നത്. ആദ്യത്തെ തവണ ബ്രസ്റ്റ് ക്യാന്‍സര്‍ വന്ന് ചികിത്സയിലായിരുന്ന സമയത്തെല്ലാം ഒരുപാട് സംസാരിച്ചിരുന്നു. കീമോയും റേഡിയേഷനും പിന്നീടുള്ള സര്‍ജറിയുമെല്ലാം കഴിഞ്ഞ് ഭേദപ്പെട്ട് വരുന്ന സമയത്ത്ങ്ങഞ  ഞങ്ങളുടെ മകളുടെ വിവാഹം കൂടുന്നതിനെക്കുറിച്ച് സംസാരിക്കുമായിരുന്നു. “എനിക്കിനി ഒരു കല്യാണം കൂടിയേ കൂടാനുള്ളൂ, അതിന് ഞാന്‍ എന്തായാലും വരും.” ആന്റി ഒരിക്കൽ പറഞ്ഞു. എന്നാൽ കഴിഞ്ഞ മെയിലായിരുന്നു അവളുടെ കല്യാണം. കല്യാണത്തിന് വരാനായി ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും രോഗാവസ്ഥ മൂലം  മൂന്നു തവണടിക്കറ്റ് മാറ്റി ബുക്കു ചെയ്യുകയും ചെയ്തു. ഒടുവിൽ സമയമായപ്പോൾ  ആന്റിക്ക് വരാനും  സാധിച്ചില്ല. അതെ സമയം, രണ്ട് മാസം മുന്‍പ് വരെ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല.എന്നാൽ വളരെ പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. ക്യാന്‍സര്‍ പിന്നെയും ബാധിച്ചതോടെ മറിയാമ്മ ആന്റിയുടെ തളരാത്ത മനസിന്റെ ശരീരം അവശനിലയിലായി.

കഴിഞ്ഞ മാസം വിളിച്ചപ്പോള്‍ തനിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടെന്നും അതിനാല്‍ ചെക്കപ്പിനായി പോവുകയാണെന്നും പറഞ്ഞിരുന്നു. ഒരു കുഴപ്പവുമുണ്ടാവില്ല, ധൈര്യമായി പോയി വരാന്‍ താന്‍ പറഞ്ഞു. എന്നാല്‍ ചെക്കപ്പിന് പോയി ബയോപ്‌സി ചെയ്തപ്പോള്‍ വീണ്ടും പൊസിറ്റാവായിട്ടാണ് കണ്ടത്. എന്നാല്‍ ആന്റി അപ്പോഴും മനോധൈര്യം കൈവിട്ടില്ല. ഞാന്‍ എല്ലാം ദൈവത്തിലര്‍പ്പിക്കുന്നു, ദൈവം വിധിച്ചതുപോലെ സംഭവിക്കട്ടെ എന്നാണ് തന്നോട് പറഞ്ഞത്. പിന്നീടും തങ്ങളുടെ മകളുടെ വിവാഹത്തിന് വരുമെന്ന് പറഞ്ഞിരുന്നു. ചിക്കാഗോയിലെ ജോര്‍ജ് പണിക്കരുടെ കൂടെ വരുമെന്നാണ് അറിയിച്ചിരുന്നത്. ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും പിന്നീട് അത് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ പത്ത് ദിവസങ്ങള്‍ കൊണ്ടാണ് ആന്റി തീര്‍ത്തും അവശ നിലയിലാവുകയും ഒടുവില്‍ എല്ലാവരെയും വിട്ടു പിരിയുകയും ചെയ്തത്.

ആന്റി മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ ചെയിന്‍ ജോര്‍ജ് പണിക്കര്‍ കൊണ്ടുവന്നു തരികയായിരുന്നു. വിവാഹത്തിന് വരുമ്പോള്‍ ആന്റിക്കും പിള്ളച്ചേട്ടനും ധരിക്കാനായി തങ്ങള്‍ വസ്ത്രങ്ങള്‍ വാങ്ങിയിരുന്നു. ബന്ധുക്കള്‍ക്കെല്ലാമെടുത്ത കൂട്ടത്തില്‍ ആന്റിക്കും അതേ കളര്‍ സാരി എടുത്തിരുന്നു. ഞാന്‍ വരുമ്പോ മേടിക്കാം എന്ന് ആന്റി പറഞ്ഞെങ്കിലും അത് നടന്നില്ല. ആ സാരി ഇപ്പോഴും എന്റെ പെട്ടിയിലിരിക്കുന്നു. നല്ല മനുഷ്യരെ ദൈവം വേഗം വിളിക്കുമെന്ന് പറഞ്ഞത് ശരിയായതു പോലെയാണ് ആന്റിയുടെ വേര്‍പാട് സംഭവിച്ചത്. അത്ര നല്ല മനസ്സിനുടമയായിരുന്നു ആന്റി.

LEAVE A REPLY

Please enter your comment!
Please enter your name here