ഫ്രാൻസിസ് തടത്തിൽ, രാജേഷ് തില്ലങ്കേരി

ചിക്കാഗോ : ഒടുവിൽ ആ കർമ്മകാണ്ഡം ഓർമ്മയായി. ചിക്കാഗോയിലെ അമേരിക്കൻ മലയാളി പൗരാവലിയുടെയും രാജ്യം മുഴുവനുമുള്ള  അമേരിക്കൻ മലയാളികളുടെയും  സ്നേഹ നിർഭരമായ യാത്രാമൊഴി നൽകിയാണ് നിലയ്ക്കാത്ത കണ്ണീർപ്പൂക്കളാൽ മുഖരിതമായ അന്തരീക്ഷത്തിൽ   മലയാളികളുടെ പ്രിയപ്പെട്ട ചേച്ചി ഇന്നലെ ഉച്ചയയ്ക്ക് 12  മണിയോടെ ചിക്കാഗോ ഡെസ്പ്ലെയ്ൻസിലെ ഓൾ സെയിന്റ്‌സ് സെമിത്തേരിയിലെ ആറടി മണ്ണിൽ അന്ത്യവിശ്രമം കൊണ്ടത്. അവരുടെ സ്‌നേഹവും വാത്സല്യവും ഏറ്റുവാങ്ങിയ അനേകായിരങ്ങൾ സാക്ഷി നിൽക്കവെയായിരുന്നു ഫൊക്കാനയുടെ  മുൻ അധ്യക്ഷയും, മലയാളി സമൂഹത്തിന്റെ പ്രിയങ്കരിയുമായ മറിയാമ്മാ പിള്ള അന്ത്യ യാത്രയായത്.

 മലയാളി സമൂഹത്തിന് ഒരിക്കലും മറക്കനാവാത്ത നാമമായിരുന്നു മറിയാമ്മ പിള്ള. സ്നേഹത്തിന്റെയും സഹനത്തിന്റെയും പര്യായമായിരുന്നു മറിയാമ്മ പിള്ളയുടേത്. എന്നും എവിടെയും സ്നേഹത്തോടെ മാത്രം പ്രതൃക്ഷപ്പെട്ടിരുന്ന സ്ത്രീ രത്നമായിരുന്നു അവർ. മാതൃസ്നേഹത്തിന്റെ പ്രതിരൂപമായിമാറിയ മഹാത്ഭുതമായിരുന്നു മറിയാമ്മ പിള്ള.

മറിയാമ്മ പിള്ളയുടെ സംസ്‌കാര ചടങ്ങുകൾക്ക് ദൃക്സാക്ഷിത്വം വഹിക്കാനായി എത്തിയവരുടെ മനസ് വിതുമ്പി, സംസ്‌ക്കാര  ചടങ്ങുകൾക്ക് നേതൃത്വം വഹിക്കാനായി എത്തിയ അമേരിക്കയിലെ മാർത്തോമ്മ സഭയുടെ നെടുനായകത്വം വഹിച്ചുകൊണ്ടിരിക്കുന്ന അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഐസക്ക് മാർ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പ പോലും മറിയാമ്മ പിള്ളയുടെ നേതൃപാഠവത്തെ കുറിച്ചായിരുന്നു ഏറെയും സംസാരിച്ചത്.

മരണത്തെ മുന്നിൽ കണ്ട് എല്ലാ തയാറെടുപ്പുകളും നടത്തിയിരുന്ന മറിയാമ്മ പിള്ള  അന്ത്യാഭിലാഷങ്ങളിലൊന്നായി ആഗ്രഹിച്ചിരുന്നത് തന്റെ മരണാനന്തര  സംകാരച്ചടങ്ങിൽ അമേരിക്കൻ ഭദ്രാസനാധിപനയാ ഐസക്ക് മാർ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പ പങ്കെടുക്കണമെന്നായിരുന്നു. എന്നാൽ മറിയാമ്മ പിള്ള മരിക്കുമ്പോൾ  കേരള സന്ദർശനത്തിലായിരുന്നു അദ്ദേഹം. മറിയാമ്മ പിള്ളയുമായി അത്രമേൽ സ്‌നേഹബന്ധം പുലർത്തിയിരുന്ന തിരുമേനി അവരുടെ ആഗ്രഹം സഫലീകരിക്കാനായി തന്റെ കേരളത്തിലെ യാത്ര വെട്ടിച്ചുരുക്കിയാണ് ചിക്കാഗോക്കാരുടെയും മാർത്തോമ്മാ സഭയുടെയും ഏറെ പ്രിയപ്പെട്ടവളായ മറിയാമ്മ പിള്ളയുടെ സംസ്‌ക്കാര ചടങ്ങിന് നേതൃത്വം നൽകാനായി അമേരിക്കയിൽ ചൊവ്വാഴ്ച്ച തന്നെ  തിരിച്ചെത്തിയത്. നാട്ടിൽ നിന്നു മടങ്ങിയെത്തിയ മെത്രാപോലിത്ത ചൊവ്വാഴ്ച്ച രാത്രിയിൽ തന്നെ ചിക്കാഗോ മാർത്തോമ്മാ പള്ളിയിലെത്തി മറിയാമ്മ പിള്ളയ്ക്ക് ആദരാഞ്ജലി അർപ്പിക്കുകയും മൃതസംസ്‌ക്കാര ശിശ്രൂഷയുടെ ആദ്യഘട്ടം പൂർത്തിയയാക്കുകയും ചെയ്തിരുന്നു.

ദൈവം ചില തീരുമാനങ്ങൾ കൈക്കൊള്ളും അത് നമ്മൾ ഏറ്റെടുക്കുകയാണ് പതിവ്. ദൈവത്തിന്റെ തീരുമാനങ്ങൾ ശരിയാണോ തെറ്റാണോ എന്നൊന്നും ആരും വിലയിരുത്താറില്ല. അതാണ് മറിയാമ്മ പിള്ളയുടെ കാര്യത്തിലും സംഭവിച്ചത്. ഏറെ ഊർജ്ജസ്വലയായി പ്രവർത്തിച്ചിരുന്ന ഒരു സാമൂഹ്യ പ്രവർത്തകയായിരുന്നു മറിയാമ്മ പിള്ള, അവരുടെ ദേഹ വിയോഗം എന്നെ ഏറെ ഉലച്ചുകളഞ്ഞുവെന്നായിരുന്നു മാർത്തോമ്മ സഭ അമേരിക്കൻ ഭദ്രാസനാധിപൻ ഐസക്ക് മാർ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പ മറിയാമ്മ പിള്ളയെക്കുറിച്ചുള്ള ഓർമ്മ പുതുക്കി നടത്തിയ അന്ത്യോപചാര പ്രസംഗത്തിൽ പറഞ്ഞത് .

‘ ഈ വാർത്ത എന്നെ ഏറെ ദുഖിപ്പിച്ചു,  മറിയാമ്മ പിള്ള അവസാന ശ്വാസം വരെ ഏറെ ആത്മവിശ്വാസത്തിലായിരുന്നു. എന്നാൽ ദൈവഹിതം അതായിരുന്നില്ലെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. ക്രിസ്തുമതവിശ്വാസത്തെ സ്വന്തം ജീവനക്കാളേറേ മുറുകെ പിടിക്കുമ്പോഴും സമൂഹികമായ ഐക്യത്തെക്കുറിച്ച് ചിന്തിക്കുകയും അതിനായി ഏറെ പ്രവർത്തിക്കുകയും ചെയ്ത മഹത് വൃക്തിത്വമാണ് മറിയാമ്മ പിള്ളയെന്ന് മെത്രപൊലീത്ത അഭിപ്രായപ്പെട്ടു.

ജീവിതത്തിന്റെ എല്ലാ എല്ലാ മണ്ഡലങ്ങളിലും വിജയം നേടിയ വ്യക്തിത്വമായിരുന്നു മറിയാമ്മാ പിള്ളയുടേതെന്ന് മാർത്തോമ്മാ ചർച്ച് സെക്രട്ടറി ബോബി അഭിപ്രായപ്പെട്ടു,  മാർത്തോമാ സഭയുടെ വിശ്വാസ പ്രമാണങ്ങളെ ഏറെ മുറുകെ പിടിച്ച ഉന്നതമായ വ്യക്തിത്വമായിരുന്നു മറിയാമ്മ പിള്ള. ദൈവത്തിന്റെ സന്നിധിയിൽ എന്നും അവർ വിനയാന്വിതയായിരുന്നു . വൈദ്യശാസ്ത്രത്തിന് അതിജീവിക്കാൻ പറ്റാത്ത ഒരു സാഹചര്യത്തിലാണ് മറിയാമ്മ പിള്ളയുടെ ദേഹ വിയോഗം. ദൈവത്തിന് ഏറെ ഇഷ്ടപ്പെട്ടവരായിരുന്നു അവരെന്നും എല്ലാം ദൈവത്തിന്റെ ഇംഗിതം പോലെയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌കാര ശിശ്രൂഷയ്ക്കിടെ മറിയാമ്മ പിള്ളയുടെ മകൻ രാജ് നടത്തിയ വികാര നിർഭരമായ വിടവാങ്ങൽ പ്രസംഗം ഏറെ ഹൃദയ സ്പർശിയായിരുന്നു. മറിയാമ്മ പിള്ള എന്ന അമ്മയെക്കുറിച്ചും തന്റെ പിതാവ് ചന്ദൻ പിള്ളയ്ക്ക് അവർ എത്രമേൽ താങ്ങായിരുന്നുവെന്നും തന്നെയും സഹോദരി രോഷ്നിയെയും മേലുള്ള അവരുടെ കരുതൽ എത്രമേൽ വലുതായിരുന്നുവെന്നും കൊച്ചുമക്കളുടെ സാന്നിധ്യം മരുന്നുകളേക്കാൾ വലിയ ഔഷധമായിരുന്നു പ്രധാനം ചെയ്തിരുന്നതെന്നും തന്റെ ‘അമ്മ പറയുമായിരുന്നുവെന്നും രാജ് പറഞ്ഞപ്പോൾ മാർത്തോമ്മ പള്ളിയിൽ കൂടിയിരുന്ന ബന്ധുമിത്രാദികളുടെ കണ്ണുകളിൽ ഈറനണിഞ്ഞു.

സഹജീവികളോട് എന്നും അനുകമ്പയോടെ പെറുമാറിയിരുന്നു. മലയാളികളുടെ ക്ഷേമമായിരുന്നു അവരുടെ ലക്ഷ്യം.  മാർത്തോമാ സഭയിലെ ഓരോ വ്യക്തികളും അനുഭിക്കേണ്ട ക്ഷേമമായിരുന്നു മറിയാമ്മ പിള്ളയുടെ എക്കാലത്തെയും അഗ്രഹം.

ഈ ലോകത്ത് മറിയാമ്മ പിള്ളയുടെ ജീവിതം എന്നും സമൂഹത്തിന് മാതൃകയായിരുന്നുവെന്ന് മാർത്തോമ്മാ പള്ളി വികാരി അഭിപ്രായപ്പെട്ടു.
നോർത്ത് അമേരിക്കയിലെ മാർത്തോമ്മാ സഭയുടെ നല്ലപ്രവർത്തനങ്ങൾക്കായും പുരോഗതികൾക്കായും ഏറെ പ്രയത്നിച്ച വ്യക്തിയാണ് നമ്മോട് വിടപറഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാർത്തോമാ സഭയ്ക്ക്  നോർത്ത് അമേരിക്കയിൽ  ഡവലപ്മെന്റിനായി മറിയാമ്മ ഏറെ പ്രയത്നിച്ചിരുന്നു എന്ന കാര്യം എന്നും സ്മരിക്കപ്പെടും. എന്നും സഹായ ഹസ്തങ്ങൾ നീട്ടിത്തന്ന ആ മഹാമനസിനെ ഒരിക്കലും സഭ മറക്കില്ലെന്നും മാർത്തോമ്മാ സഭാ വക്താവ് അനുസ്മരിച്ചു.

കോവിഡ് കാലത്ത് നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എല്ലാ പ്രതിസന്ധിഘട്ടത്തിലും മെയ്മറന്ന് പ്രവർത്തിച്ചിരുന്നതാണ് മറിയാമ്മ പിള്ള. ഒട്ടേറെ മലയാളികൾക്ക് എന്നും ആശയവും ആവേശവുമായിരുന്നു മറിയാമ്മ പിള്ളയെന്നും ഫൊക്കാന ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

 ഭർത്താവ് ചന്ദ്രൻ പിള്ളെയ്ക്കും  മക്കൾക്കും കൊച്ചുമക്കൾക്കും മറ്റു ബന്ധുക്കൾക്കും ഉണ്ടായ നഷ്ടത്തിൽ മലയാളികളുടെ കൂട്ടായ്മ അഗാതമായ ദുഖം രേഖപ്പെടുത്തി.  എല്ലാവരുടെയും ദുഖത്തിൽ പങ്കു ചേരുന്നതായും മറിയാമ്മ പിള്ളയുടെ വിയോഗം ഒരിക്കലും മറക്കാനാവില്ലെന്നും വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു . മാർത്തോമാ ചർച്ചിന് എന്നും സഹായവുമായി എത്തിയിരുന്ന മറിയാമ്മ പിള്ളിയുടെ വിയോഗം സഭയ്ക്കും വലിയ നഷ്ടമാണ്. അവരുടെ സേവനങ്ങൾ എന്നും ഓർക്കപ്പെടും.

ചിക്കാഗോ മാർത്തോമ്മാ ചർച്ചിന്റെ വളർച്ചയ്ക്ക് എന്നും മുന്നിൽ നിന്നിരുന്ന മറിയാമ്മ പിള്ളയെ വിശ്വാസി സമൂഹം എന്നും ഓർക്കുമെന്നും, അമേരിക്കയിലെ  മാർത്തോമ്മ സഭയുടെ സ്നേഹവും വിശ്വാസവും എന്നും ഉയർത്തിപ്പിടിച്ച സാമൂഹ്യ പ്രവർത്തകയായിരുന്നു മറിയാമ്മ പിള്ളയെന്നും കൂദാശ ചടങ്ങിൽ സംബന്ധിച്ച വൈദികർ അഭിപ്രായപ്പെട്ടു. ഗീവർഗീസ്  മാർ യൂറീലോസ് മെത്രാപോലിത്തയും സംസ്‌കാര ചടങ്ങിൽ സഹയാത്രികനായിരുന്നു.

ഫോക്കാന, ഫോമാ, ഇല്ലിനോയി മലയാളി അസോസിയേഷൻ (ഐ.എം.എ), ചി്ക്കാഗോ മലയാളി അസോസിയേഷൻ (സി.എം.എ), ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക  തുടങ്ങിയ സംഘടനാ പ്രതിനിധികളും യാത്രാ മൊഴി രേഖപ്പെടുത്താനായി എത്തിയിരുന്നു.


ഫൊക്കാന അധ്യക്ഷൻ ജോർജി വർഗീസ്,  ജനറൽ സെക്രട്ടറി സജിമോൻ ആന്റണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്ഡ് ജെയ്ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, , ഡോ കല ഷഹി ( വുമൺസ് ഫോറം ചെയർപേഴ്‌സൺ), പോൾ കറുകപ്പള്ളി ( ഇന്റർനാഷണൽ കോ-ഓഡിനേറ്റർ) ഡോ. മമാമ്മൻ  സി ജേക്കബ് ( ഇലക്ഷൻ കമ്മിറ്റി ചെയർമാൻ), കൺവെഷൻ റോയൽ പേട്രൺ ഡോ. ബാബു സ്റ്റീഫൻ, ഫൊക്കാന ടെക്നിക്കൽ കമ്മിറ്റി കോർഡിനേറ്റർ പ്രവീൺ തോമസ്, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, ട്രസ്റ്റി ബോർഡ് സെക്രട്ടറി സജി പോത്തൻ, ന്യൂജേഴ്സി ആർ. വി. പി. ഷാജി വർഗീസ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോർജ് പണിക്കർ, സതീശൻ നായർ , അനിൽ പിള്ള, ജോയി ഇട്ടൻ, മുൻ പ്രസിഡണ്ട് മാധവൻ ബി. നായർ, വിമൻസ് ഫോറം കമ്മിറ്റി അംഗങ്ങളായ ഡോ ബ്രിജിത്ത് ജോർജ്, ഷീല ജോസഫ് തുടങ്ങിയ നേതാക്കന്മാരും ഫൊക്കാനയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്നഇല്ലിനോയി മലയാളി അസോസിയേഷൻ (ഐ.എം.എ), ചിക്കാഗോ മലയാളി അസോസിഷൻ (സി.എം.എ), മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ, ഫൊക്കാനയിലും ഐ.എം.എയിലും മറിയാമ്മ പിള്ളയോടൊപ്പം പ്രവർത്തിച്ചിട്ടുള്ള നിരവധി സംഘടനാ നേതാക്കളും മൃതസംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്തു.

അതിനു പുറമേ, മാർത്തോമ്മാ സഭയിൽ അവരുമായി അടുത്ത ബന്ധം പുലർത്തുന്ന നിരവധിയായ സഭാംഗങ്ങളും മറിയാമ്മ പിള്ളയെന്ന നന്മ മരത്തിന്റെ ശീതളഛായ അനുഭവിച്ചറിഞ്ഞവരും അവരിലൂടെ ഒരു നല്ല ജീവിതാന്തസ് സാധ്യമായ അനേകരുടെ അണമുറിയാത്ത പ്രവാഹവും മൃതസംസ്‌ക്കാര ചടങ്ങിൽ ദൃശ്യമായി. സംസ്‌ക്കാര ചടങ്ങിനിടയിലും അവസാനമായി അവരെ ഒരു നോക്കുകാണാനും അന്ത്യ ചുംബനമർപ്പിക്കാനുമുള്ളവരുടെ ഒരു നീണ്ടനിര തന്നെ മാർത്തോമ്മാ പള്ളിയിൽ കാണാമായിരുന്നു.

ഒരു പക്ഷേ, ജീവിതത്തിൽ തന്റെ ജീവിതയാത്രം പൂർത്തിയാക്കിയ മറിയാമ്മ പിള്ളയുടെ ഇഹലോകത്തെ അവസാന യാത്രക്ക് ആശ്രുപൂജയർപ്പിക്കാൻ ചിക്കാഗോയിൽ കഴിഞ്ഞ രണ്ടു ദിവസമായി എത്തിയ ആയരിങ്ങളുടെ നീണ്ട നിര ചിക്കാഗോയിലെ  മലയാളികൾ ഇന്നു വരെ ദർശിച്ചിട്ടില്ലാത്തത്ര നീണ്ട നിര തന്നെയായിരുന്നു. കല്ലറയിലേക്ക് വച്ച മൃതദേഹം അടങ്ങിയ പേടകത്തിന് മുകളിൽ പ്രിയതമൻ ചന്ദ്രൻ പിള്ള കണ്ണീർ പുഷ്പങ്ങൾ അർപ്പിച്ചപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട ചേച്ചിയെ യാത്രയാക്കാൻ വന്നവർ ഏവരും വിതുമ്പി. സ്‌നേഹകണ്ണീർ ചാലിച്ച ലില്ലിപുഷപങ്ങൾ കൊണ്ട് അവർ പേടകത്തെ മൂടി പുതപ്പിച്ചു. ലില്ലി പൂക്കളുടെ നൈർമല്യമാർന്ന ആ ആത്മാവിനെ സ്വർഗ കവാടത്തിലെ മാലാഖാമാർ എതിരേൽക്കുമ്പോൾ ഭൂമിയിൽ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിശാലമായ ലോകംതുറന്നിട്ട് യാത്രയായ മറിയാമ്മ പിള്ള എന്ന ഉരുക്കു വനിത അനേകായിരങ്ങളുടെ ഓർമ്മകളിൽ എന്നും  സ്ഥിരപ്രതിഷ്ടയായി മാറി.

LEAVE A REPLY

Please enter your comment!
Please enter your name here