ഉമ സജി 

വല്ലാത്ത ഉറക്ക ക്ഷീണം. ഒരു കാപ്പികുടിച്ചാൽ മാറിയേനെ. ഫോൺ കയ്യിലെടുത്തു. സമയം 8 മണി ആയി. എന്നിട്ടും എന്താ വീടിത്ര നിശ്ശബ്ദം. ശാരിയെവിടെ. മുഖം കഴുകി അടുക്കളയിലേക്ക് നടന്നു. അടുക്കള ആകെ വൃത്തികേടായി കിടക്കുന്നു. രണ്ടു ദിവസം മുൻപ് കഴിച്ച പാത്രങ്ങളെല്ലാം അങ്ങനെ തന്നെ ഉണ്ട്. അയാൾ പതുക്കെ ഉമ്മറത്തേക്ക് നടന്നു. മുൻവാതിൽ തുറന്നു. പത്രക്കാരൻ വലിച്ചെറിഞ്ഞ പത്രങ്ങൾ ചിതറികിടക്കുന്നുണ്ട് വരാന്തയിൽ. മുറ്റത്ത് പാറിനടക്കുന്ന പക്ഷികൾ പോലും ശബ്ദം മറന്നുപോയോ? ടൈഗർ എന്ന വളർത്തുനായ കാലുകളിൽ വന്ന് മുഖമുരച്ചു. ശബ്ദം പുറത്തുവരരുതെന്ന് അവനും തീരുമാനിച്ചൊ?
ചാറ്റൽ മഴയിൽ നനഞ്ഞ ചില ഇലകൾ മുറ്റത്ത് നിറം പകർന്നു കിടക്കുന്നു. പച്ചയും മഞ്ഞയും ചുവപ്പും, ബ്രൗണുമൊക്കെ നിറങ്ങളിൽ. അവ ഒരു ചൂലിൻ തലോടൽ പ്രതീക്ഷിക്കുന്നുണ്ടെന്ന് തോന്നി. മഴത്തുള്ളികൽ പറ്റിപ്പിടിച്ച പൂക്കളും ചെടികളും തലകുമ്പിട്ടിരിക്കുന്നു. എല്ലാവരിലും ഒരു മൂകത തളം കെട്ടിയിരിക്കുന്നു. ഒരു തലോടൽ, അല്പം കിന്നാരം പറച്ചിൽ പിന്നെ അല്പം ഉറക്കെയുള്ള ശകാരം ഇതൊന്നുമില്ലാതെ അവർക്കും ശ്വാസംമുട്ടുന്നുണ്ടാകും.


ആകെ മൂന്നുപേരെ വീട്ടിലുള്ളെങ്കിലും മുപ്പതുപേരുള്ള ഓളമാണെപ്പോഴും. കിലുക്കാംപെട്ടിപോലെ സംസാരിച്ചു നടക്കുമ്പോൾ ഞാൻ പറയും നിനക്കല്പനേരം ഒന്നു മിണ്ടാതിരുന്നൂടെയെന്ന്. ഇന്നാണ് മനസ്സിലാവുന്നത് ആ ശബ്ദം ഇല്ലാതെ എന്തൊരു മൂകതയാണ് ഈ വീട്ടിലെന്ന്. കുറെ അലങ്കാരങ്ങൾ ചേർത്തുവച്ച ഒരു കെട്ടിടം മാത്രമായിരിക്കുന്നു വീട്.
ആഹാ.. എന്താ ഇന്ന് ജോലിക്കൊന്നും പോവണ്ടെ? “ദേ ഗംഗേട്ടാ പിന്നെ പറയരുത് ഞാൻ മൂലമാ ലേറ്റ് ആയേന്ന്”.

ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ആരുമില്ല. അകന്നുപോകുന്ന പാദപതനം കേൾക്കുന്നുണ്ടോ, കാതു കൂർപ്പിച്ചു. ഇല്ല എല്ലാം തോന്നിയതാണ്. ലിവിംഗ് റൂമിൽ താനിന്നലെ കൊണ്ടിട്ട കോട്ട് അങ്ങനെ തന്നെ ഉണ്ട്. ടീപ്പോയ്ടെ മുകളിൽ തലങ്ങം വിലങ്ങുമായി നിരത്തിയിട്ടിരിക്കുന്ന പത്രങ്ങളും മെയിലും. ഫ്ലവർ വാസിലെ വാടിയ പൂക്കൾ. ഒന്നിനും ഒരടുക്കും ചിട്ടയുമില്ല.
എന്താ ശാരിയിത്. നിനക്കിതൊക്കെയൊന്ന് വൃത്തിക്ക് വച്ചൂടെ? അതെങ്ങനാ, ഏതു നേരവും ഫോണിലല്ലെ? നിനക്കൊന്നിനും നേരമില്ല.

മ്ം തൊടങ്ങി.. ഞാനിവിടെ വെറുതെ ഇരിക്കുവാന്നാ വിചാരം. ഞാൻ ജോലിക്ക് പോകണം, അച്ഛന്റെം മോളുടെം കാര്യം നോക്കണം, അടുക്കളയിൽ വല്ലതും വച്ചുണ്ടാക്കണം, വീടു വൃത്തിയാക്കണം, അകത്തെംപുറത്തെം പണി മുഴുവൻ ചെയ്യണം. എന്നിട്ടും ഇതൊക്കെ തന്നെ മിച്ചം. വെറുതെ പറഞ്ഞ് സമയം കളയാതെ പോകാൻ നോക്ക്. അതും പറഞ്ഞ് അടുക്കളയിലേക്ക് പോയ അവൾ….
അയാൾക്ക് ഹൃദയം പൊട്ടിപ്പോകുന്ന വേദന തോന്നി. തൊണ്ടവരളുന്ന പോലെ ഒരാശ്വാസത്തിന് അയാൾ ചുറ്റും നോക്കി.
ശാരീ… നീ എന്തെടുക്കുവാ… അല്പം വെള്ളം അയാളുറക്കെ പറയുന്നുണ്ടായിരുന്നു. ശബ്ദം പുറത്തേക്ക് വന്നില്ല. ആകെത്തളർന്നയാൾ സോഫയിലേക്ക് ചാഞ്ഞു.
ഫോൺ ബല്ലടിക്കുന്നു. അയാൾ ഞെട്ടലോടെ അവിടേക്ക് നോക്കി. ആകെ ഭയമായിരിക്കുന്നു. എന്തു വാർത്തയാവും തേടിയെത്തുക? ആരാവും?
കുറെ നേരം ബല്ലടിച്ച് അത് നിന്നു.

ഒരാളുടെ അഭാവം തീർക്കുന്ന ശൂന്യത ഭയാനകമാണെന്ന് അയാൾ തിരിച്ചറിഞ്ഞു. എന്തിനും ഏതിനും ശാരീ..ശാരീ…. എന്ന് ഒച്ചയിട്ടോണ്ടിരുന്നപ്പോൾ എപ്പോഴെങ്കിലും ചിന്തിച്ചിരുന്നോ ഇങ്ങനെ ഒരു ദിവസം വരുമെന്ന്. ഞായറാഴ്ച ഉച്ചമുതൽ ഇന്ന് വെളുപ്പിനഞ്ചുമണിവരെ ഐസിയുവിന് പുറത്ത് കസേരയിൽ മരവിച്ചിരിക്കുകയായിരുന്നു. അകത്തേക്കും പുറത്തേക്കും കിതച്ചോടുന്ന ഡോക്ടർമാരും നഴ്സുമാരും തനിക്കപരിചിതരായിരുന്നു. മകൾ മാളൂട്ടിയെ ചേർത്ത് പിടിച്ച് തേങ്ങുന്ന ശാരിയുടെ അച്ഛനും അമ്മയും പോലും താനറിയാത്ത ഏതോ ലോകത്തിലുള്ളവരെന്ന് തോന്നി.  ഡോക്ടർ പറഞ്ഞത് 48 മണിക്കൂറാണ്. ഇന്നുച്ചവരെ. അവൾക്ക് ബോധത്തിന്റെ ലോകത്തേക്ക് തിരിച്ചുവരാനുള്ള സമയത്തിന്റെ അതിർവരമ്പ്.
 
എല്ലാവരെയും വീട്ടിലേക്ക് പറഞ്ഞയച്ച് ഞാൻ മാത്രം മതി ആ ലോകത്തെന്ന് തോന്നി. ഒരിക്കലും അവളെ വേണ്ടത്ര ശ്രദ്ധിക്കാൻ ശ്രമിക്കാത്ത എപ്പോഴും തിരക്കിലായിരുന്ന എനിക്ക് ഇന്നലെമുതൽ ഒരു തിരക്കുമില്ലാതായി.

ഇന്നലെ അവളുടെ പിറന്നാളായിരുന്നു. മാളൂട്ടിയാണ് പറഞ്ഞത് അച്ഛാ ഈ പിറന്നാളിന് നമുക്ക് അമ്മയ്ക്കൊരു സർപ്രൈസ് കൊടുക്കണമെന്ന്. അവളുടെ 45 ആം പിറന്നാളായിരുന്നു. ആദ്യം എതിർത്തെങ്കിലും പിന്നീട് മോളുടെ നിർബന്ധത്തിന് വഴങ്ങി.

അവളുടെ ജന്മദിനം ഒരിക്കലും ഞാനോർത്തുവച്ചില്ല. എല്ലാ ജന്മദിനങ്ങളിലും അതിരാവിലെ അവളുടെ അമ്മ അമ്പലത്തിൽ പോയി മകൾക്ക് വേണ്ടി പ്രാർത്ഥിച്ചു വരുമ്പോഴാകും ഞാനോർക്കുക. ഒരിക്കലും അവൾക്ക് ഒരു ജന്മദിനം ആശംസിച്ചില്ല. കൂടെയുള്ളവർ പലരും ഭാര്യയുടെ ജന്മദിനം എന്ന് പറഞ്ഞ് ലീവെടുക്കുമ്പോഴും സമ്മാനങ്ങൾ വാങ്ങിയ കഥകൾ പറയുമ്പോഴും അവരോട് പുച്ഛമായിരുന്നു. “ഇവനൊക്കെ വേറെ പണിയൊന്നുമില്ലെ എന്ന് സ്വയം ചോദിച്ചിരുന്നു”. ഒരിക്കൽ പോലും അവളൊരുപരാതിയും പറഞ്ഞില്ല. എന്റെയും മാളൂട്ടിയുടെയും ജന്മദിനം ആഘോഷമാക്കാൻ അവൾ മറന്നില്ല.

ഉച്ചയ്ക്ക് അവളുടെ അച്ഛനെയും അമ്മയേയും കൂട്ടി ഒരു റസ്റ്റോറന്റിൽ ഉച്ചഭക്ഷണം, രാവിലെ അച്ഛനുമമ്മയും പതിവ് തെറ്റിക്കാതെ വന്നു. മകളോടൊപ്പം ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് അവർ മടങ്ങി.

അപ്പോഴാണ് ഞാനൊന്നും അറിഞ്ഞില്ലെന്നഭാവത്തിൽ അവളെ ചൊടിപ്പിക്കാൻ പറഞ്ഞത്. “ഒന്നും നോക്കുന്നില്ല, വീട് വാരിവലിച്ചിട്ടിരിക്കുന്നു” എന്നെല്ലാം.
പതിവ് പല്ലവിപോലെ പറഞ്ഞ് അടുക്കളയിലേക്ക് അകന്നു പോയ ആ കാലൊച്ച തനിക്കൊരാഘാതമാകുമെന്ന് കരുതിയില്ല. എന്തോ തട്ടിമറിഞ്ഞ ശബ്ദം കേട്ട് എന്താണെന്ന് ചോദിച്ചിട്ടും മറുപടി ഇല്ലാതെ വന്നപ്പോഴാണ് അടുക്കളയിലേക്ക് ചെന്നത്. “എന്താ ശാരീ ചെവി കേട്ടൂടെ, വായിൽ നാവില്ലെ” എന്നൊക്കെ ചോദിച്ച് ചെന്ന ഞാൻ കണ്ടത് … തളർന്ന് അനക്കമില്ലാതെ കിടക്കുന്ന ശാരിയെ ആണ്.

സുഹൃത്തായ ഡോക്ടർ രാജേഷ് നിർബന്ധിച്ച് പറഞ്ഞയയ്ക്കുമ്പോഴും അവൾ ഒന്നുമറിയാതെ കിടക്കുകയായിരുന്നു. രാവിലെ അവൻ വിളിക്കാമെന്ന് പറഞ്ഞിരുന്നു. അവനാകുമോ വിളിച്ചത്? വീണ്ടും ഫോൺ ബല്ലടിക്കാൻ തുടങ്ങി. വിങ്ങുന്ന ഹൃദയത്തോടെ ഫോണിലേക്ക് നോക്കി. മാളൂട്ടിയാണ്.
ആശ്വാസം.
അച്ഛാ.. അച്ഛനുണർന്നോ? ഞങ്ങൾ അങ്ങോട്ട് വരുന്നു.
 ഒരു മൂളലിൽ മറുപടി ഒതുക്കി ഫോൺ കട്ട് ചെയ്തു. തൊട്ടടുത്തിരുന്ന സമ്മാനപ്പൊതിയിലേക്ക് വിരലുകളെത്തി. കഴിഞ്ഞ 20 വർഷത്തിനിടയിൽ ആദ്യമായി അവൾക്ക് വാങ്ങിയ സമ്മാനം. അവൾക്കുള്ള രണ്ടാമത്തെ സർപ്രൈസ്. കണ്ണുകൾ നിറഞ്ഞു. അയാൾ വിങ്ങിപ്പൊട്ടി.
ഗംഗേട്ടാ എന്നെങ്കിലും നിങ്ങൾക്ക് സമയമുണ്ടാകുമോ ഞങ്ങളോടൊപ്പം ഇരിക്കാൻ. അവളെന്നും പകുതി കളിയും മുഴുവൻ പരാതിയുമായി ചോദിച്ചിരുന്നു. ശാരീ… നീ എന്നിലെത്ര സ്വാധീനിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ ഇങ്ങനെയൊന്ന് സംഭവിക്കേണ്ടിവന്നു. നിനക്ക് വേണ്ടി സമയം മാറ്റിവയ്ക്കാൻ നീ ഓർമ്മയില്ലാതെ എന്നിലേക്ക് മടങ്ങുമോ എന്നറിയാതെ കിടക്കേണ്ടിവന്നു.

കാലിൽ വന്ന് മുട്ടിയുരുമ്മിയ മണിച്ചി പൂച്ചയും അവളെ തിരയുകയായിരുന്നു. ശബ്ദമില്ലാതെ ആ കണ്ണുകൾ എല്ലായിടവും അലയുന്നു. ടൈഗറിനും മണിച്ചിക്കും അവൾ എടുത്തു വച്ച ഭക്ഷണം ഉറുമ്പരിച്ച് ഇരിക്കുന്നുണ്ടായിരുന്നു. അവരും പ്രാർത്ഥനയിലാകും.
അവളെ എന്നിലേക്ക് മടക്കികൊണ്ടുവരാൻ അവൾ വിളിക്കുന്ന ഈശ്വരൻമാർക്ക് കഴിയുമോ?
അവൾ വരും. ഈ വീട് ഇങ്ങനെ കിടന്നാലെങ്ങനെയാ? അയാൾ വല്ലാത്ത ഉത്സാഹത്തോടെ ടീപ്പോയ് വൃത്തിയാക്കി, എല്ലാം അതാതിന്റ സ്ഥാനങ്ങളിൽ അടുക്കി വച്ചു, ഫ്ലവർ വാസിലെ വാടിയ പൂക്കൾ മാറ്റി, ജലകണങ്ങൾ പറ്റിപ്പിടിച്ച് നാണം കുണുങ്ങി മിഴിതാഴ്ത്തി നിന്ന ചുവന്ന റോസാപ്പൂക്കൾ മുറിച്ചെടുത്തു. അവൾ പറയാറുള്ളപോലെ പൂക്കളോടും ചെടിയോടും പറഞ്ഞു നിങ്ങളെ വേദനിപ്പിച്ചോ, ക്ഷമിക്കൂ.
നിങ്ങളുടെ പ്രീയപ്പെട്ടവൾക്ക് വേണ്ടിയാണ് ഞാനിതൊക്കെയെടുത്തത്. അവൾ മടങ്ങിവരുമ്പോൾ കൊടുക്കാനുള്ള സർപ്രൈസ്. അയാളാ ചെടികളെയും പൂക്കളെയും പ്രണയപൂർവ്വം തലോടി.
ചെടികളോടും പൂക്കളോടും സംസാരിക്കുമ്പോൾ ഞാൻ കളിയാക്കിയിരുന്നു. “മ്ംം, ബെസ്റ്റ്. നീ പറഞ്ഞതെല്ലാം അവർക്ക് മനസ്സിലായി”.

അവൾ പറയും “ഗംഗേട്ടാ അവർക്കെല്ലാം മനസ്സിലാവും. നമ്മുടെ പരിചരണം, ഒരു വാക്കും തലോടലും, അതെല്ലാം അവരാഗ്രഹിക്കുന്നു. ഓരൊ ചെടിയിൽ നിന്നും അവരുടേതായ എന്തെടുക്കുമ്പോഴും അനുവാദം ചോദിക്കണം”.
ആഹാ, അത് കൊള്ളാലൊ, നമ്മൾ പരിചരിച്ച് വളർത്തുന്നത് നമുക്ക് ഇഷ്ടം പോലെ ഉപയോഗിക്കാനല്ലെ? നിനക്ക് വേറെ പണിയൊന്നുമില്ലെ?
അവൾ പറഞ്ഞത് ശരിയാണെന്ന് ഇന്ന് മനസ്സിലായി. ഓരോ ജീവജാലത്തിനും ഉണ്ടാവും മനുഷ്യനെ പോലെ പ്രീയങ്ങൾ.

അടുക്കളയിലെത്തി വാഷ്ബേസനിലെ എച്ചിൽ പാത്രങ്ങളൊന്നൊന്നായ്. കഴുകിത്തുടച്ചു വച്ചു. ഇടയ്ക്ക് അവളറിയാതെ അവളെ വീക്ഷിച്ചിരുന്ന പരിചയം.
അടുക്കള ക്ലീനാക്കി.
വീടുമുഴുവനൊന്നു നോക്കി. നീറ്റായിരിക്കുന്നു. അവൾക്ക് ഇതൊരു സർപ്രൈസ് തന്നെയാവും. കുടിച്ച ചായക്കപ്പ് പോലും എടുത്തുവയ്ക്കാത്ത ഗംഗേട്ടൻ!!! അവളുടെ മിഴികളിൽ വിടരുന്ന അത്ഭുതം… തുറന്ന വായ…പിന്നെ ഒരുചിരിയോടെ ഓടിനടന്ന് എല്ലാം കണ്ട് ഓടിവന്ന് തന്നെ കെട്ടിപ്പുണർന്ന് ഡാാ കൊച്ചുകള്ള.. ഇതൊക്കെ ഇത്രനാളെവിടെ ഒളിപ്പിച്ചു എന്നുള്ള ചോദ്യം…
ഓർത്തപ്പോൾ തന്നെ കുളിരു കോരി.
ഇനി ഉള്ള ജീവിതം അവളെ സ്നേഹിക്കാനാണ്. ആരും ഇന്നുവരെ സ്നേഹിക്കാത്ത രീതിയിൽ സ്നേഹിക്കണം. അവളുടെ മിഴികളിൽ എന്നെമാത്രം കാണണം, ആ ചുണ്ടുലളിൽ ഗംഗേട്ടനെന്ന മന്ത്രമാവണം.
എന്റെ നെഞ്ചിൽ കാതുചേർത്ത് ശാരീ… എന്നമന്ത്രസ്വനം കേൾപ്പിക്കണം…ഇതുവരെ നഷ്ടപ്പെട്ട നിമിഷങ്ങളെ പുനർജ്ജിവിപ്പിക്കണം.
അയാൾ ബാത്റൂമിലേക്ക് പോകും മുൻപ് തന്നെ അതി
ശയത്തോടെ തല തിരിച്ചും പിരിച്ചും നോക്കുന്ന മണിച്ചിയോട് പറഞ്ഞു. നീ പേടിക്കണ്ട. നമ്മുടെ ശാരിക്കുട്ടി വരും… ഇവിടം വീണ്ടും ശബ്ദവീചികളലയടിക്കും.
ബാത്റൂമിന്റെ സൈഡിലിരുന്ന പാദപതനം കേട്ടാൽ പൊട്ടിച്ചിരിക്കുന്ന റ്റെഡി ബിയർ പൊട്ടിച്ചിരിച്ചു. നീ ചിരിച്ചോ… ഇനി ആ വീട്ടിൽ ചിരിമാത്രമെ ഉണ്ടാകു.
ഒരു കോഫിയുണ്ടാക്കാമായിരുന്നു. വേണ്ട… വേഗം റഡിയായി ശാരിയുടെ അടുത്തേക്ക് പോകാം.  വേഗം റഡിയായി. അവൾക്ക് കൊടുക്കാനുള്ള സമ്മാനം ഒന്നുകൂടി ഹൃദയത്തോട് ചേർത്തു. അധികം ആഭരണമൊന്നും അവളണിയുന്നത് കണ്ടിട്ടില്ല. എങ്കിലും ഇതവളെ സന്തോഷിപ്പിക്കും. അഞ്ച് കല്ലുള്ള ഡമയണ്ടിന്റെ മൂക്കുത്തി, ഒരു ബ്രേയ്സ് ലെറ്റ്. വളരെ സിമ്പിൾ ഡിസൈൻ. അവൾക്കിത് നന്നായി ചേരും. ഇത് കാണുമ്പോൾ ആ മുഖത്ത് വിടരുന്ന പുഞ്ചിരി അത് കാണാൻ തിടുക്കമായി. അവളെ ചേർത്തു നിർത്തി പറയണം. ഇനി നിനക്ക് വേണ്ടിമാത്രമാണെന്റെ സമയമെന്ന്. അയാൾക്ക് വല്ലാത്ത ആശ്വാസം തോന്നി.

ഇറങ്ങാൻ തുടങ്ങുമ്പോൾ വീടൊന്നു കൂടി നോക്കി. എല്ലം ഭംഗിയായിട്ടുണ്ട്. അവളെത്തുമ്പോൾ ഇനി ഒന്നിനും കുറവുണ്ടാകരുത്. മണിച്ചിക്കും ടൈഗറിനും ഫുഡ്ഡും വെള്ളവും വച്ചു. രണ്ടു പേരോടും സ്നേഹത്തോടെ പറഞ്ഞു കഴിക്കു. ശാരി ദിവസങ്ങൾക്കുള്ളിലെത്തും.

രണ്ടുപേരും ഒന്നു തൊട്ടു എന്ന് വച്ച് മുഖം തിരിച്ചു. വിഷാദം തളംകെട്ടിയ വീട്ടിലേക്ക് നോക്കി രണ്ടുപേരും രണ്ട് വഴിക്ക് നടന്നകന്നു.
അയാളോർത്തു. മ്ം എന്തായിത്? അവൾ എത്താൻ രണ്ടുമൂന്നു ദിവസം എടുക്കില്ലെ? എത്ര ദിവസം പട്ടിണികിടക്കും. അവൾക്ക് സങ്കടമാവില്ലെ? വരൂ… വന്ന് കഴിക്കൂ.. അയാൾ സ്നേഹത്തോടെ അവരോട് പറഞ്ഞു. അയാളെ ദയനീയമായി ഒന്നു നോക്കിയിട്ട് അവർ നടന്നകന്നു.
ഈ ജീവികൾ അവളോട് കാണിക്കുന്ന സ്നേഹത്തിന്റെ ഒരംശം പോലും ഞാനവൾക്ക് കൊടുത്തിരുന്നില്ല. അവളെക്കാണാതെ ഒരു തുള്ളി വെള്ളം പോലും അവർക്കിറങ്ങുന്നില്ല.

വാതിൽ പൂട്ടി ഇറങ്ങുമ്പോൾ ഫോൺ വീണ്ടും റിങ്ങ് ചെയ്യാൻ തുടങ്ങി. ഡോക്ടർ രാജേഷ്.. എന്താവും പറയുകയെന്ന് ആകാംക്ഷയോടെ കാതോർക്കുമ്പോൾ ശാരിയെ വരവേൽക്കാൻ താനൊരുക്കിയ വീടിനെ അയാൾ ഒരിക്കൽ കൂടി നോക്കി..

LEAVE A REPLY

Please enter your comment!
Please enter your name here