ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സൗദി അറേബ്യ. ഇന്ത്യക്കൊപ്പം തുർക്കി, എത്യോപ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കും നീക്കിയിട്ടുണ്ട്. ഈ മാസാരംഭത്തിലാണ് അതാത് രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയത്.

അതേസമയം, പാസ്പോർട്ടിൽ മൂന്നുമാസത്തെ കാലാവധിയില്ലെങ്കിൽ എക്സിറ്റ് റീ-എൻട്രി ഇഷ്യൂ ചെയ്യില്ലെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. റീ-എൻട്രി കാലാവധി ആരംഭിക്കുന്നത് സൗദിയിൽ നിന്ന് പുറത്തുപോകുന്ന തീയതി മുതലാണെന്നും സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) അറിയിച്ചു.

ഒരു പ്രവാസി സൗദിയിൽ നിന്നും വിദേശത്തേക്ക് യാത്ര പുറപ്പെടുന്ന തീയതി മുതൽ റീ-എൻട്രി വിസയുടെ കാലാവധി കണക്കാക്കിതുടങ്ങും. അതേസമയം യാത്രാകാലാവധി ദൈർഘ്യം കുറച്ച് ദിവസത്തേക്ക് പരിമിതപ്പെടുത്തുകയാണെങ്കിലൊ, നിശ്ചിത തീയതിക്ക് മുമ്പ് തിരികെ എത്തണമെന്ന നിർദ്ദേശത്തോടെയാണ് റീ-എൻട്രി ലഭിച്ചതെങ്കിലോ, റീ-എൻട്രി കാലാവധി ഇഷ്യു ചെയ്ത തീയതി മുതലാണ് കണക്കാക്കുക.

ഒറ്റ റീ-എൻട്രി വിസക്കുള്ള തുക 200 റിയാൽ ആണ്. ഇതിന് രണ്ട് മാസത്തെ കാലാവധി ഉണ്ടായിരിക്കും. കാലാവധി വർധിപ്പിക്കണമെങ്കിൽ തുടർന്നുള്ള ഓരോ മാസത്തിനും 100 റിയാൽ വീതം നൽകണം. ഇഖാമയുടെ കാലാവധി അനുസരിച്ചായിരിക്കും റീ-എൻട്രി വിസ നീട്ടി നൽകുക എന്ന് ജവാസാത്ത് അറിയിച്ചു.

ഒന്നിലധികം തവണ സൗദിക്കുവെളിയിൽ സഞ്ചരിക്കുവാനുള്ള മൾട്ടി റീഎൻട്രി വിസയുടെ ഫീസ് മൂന്ന് മാസത്തേക്ക് 500 റിയാലാണ്. എന്നാൽ ഇഖാമയ്ക്ക് കാലാവധി ഉണ്ടെങ്കിൽ ഓരോ അധിക മാസത്തിനും 200 റിയാൽവീതം നൽകി മൾടിപിൾ റീ എൻട്രി വിസ കരസ്ഥമാക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here