ന്യൂഡൽഹി: രാജ്യവ്യാപകമായി അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ പ്രതിഷേധങ്ങൾ തുടരുമ്പോഴും പിന്നോട്ടില്ലാതെ സേനാവിഭാഗങ്ങൾ. കരസേനയിൽ ആദ്യഘട്ട റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. രജിസ്‌ട്രേഷൻ ജൂലായ് മുതൽ ആരംഭിക്കും. അഗ്നിവീരന്മാർ പ്രത്യേക റാങ്കായിരിക്കും, മെഡിക്കൽ ബ്രാഞ്ചിൽ ടെക്‌നിക്കൽ കേഡർ ഒഴികെ സൈന്യത്തിൽ പ്രവേശനത്തിനുള‌ള ഏക മാർഗം അഗ്നിപഥ് മാത്രമായിരിക്കും.

 

നാല് വർഷക്കാലത്തേക്കുള‌ള അഗ്നിവീർ നിയമനങ്ങളിൽ സൈന്യത്തിൽ നിന്നും പിരിയുന്നവർക്കുള‌ള ഗ്രാറ്റുവിറ്റി ഒന്നുമുണ്ടാകില്ല. ആദ്യ വർഷം 45,000 പേരെ നിയമിക്കും. വീരമൃത്യു വരിക്കുന്ന അഗ്നിവീരരുടെ കുടുംബത്തിന് ഒരുകോടി രൂപ സഹായധനം നൽകും. ഇപ്പോൾ സൈനികർക്ക് അപായസാദ്ധ്യതാ ആനുകൂല്യങ്ങൾ നൽകുന്നത് എല്ലാം അഗ്നിവീര‌ർക്കും ലഭിക്കും. സൈന്യത്തിൽ ശരാശരി പ്രായം ഇപ്പോൾ മുപ്പതുകളാണ്. ഇത് കൂടുതൽ ചെറുപ്പമാക്കാനാണ് അഗ്നിവീരരുടെ നിയമനത്തിലൂടെ സൈന്യം ഉദ്ദേശിക്കുന്നതെന്ന് സൈനികകാര്യ അഡീഷണൽ സെക്രട്ടറി ലഫ്.ജനറൽ അനിൽപുരി അഭിപ്രായപ്പെട്ടിരുന്നു.

 

നാല് വർഷത്തെ സേവനശേഷം വിരമിക്കുന്ന അഗ്നിവീരർക്ക് പൊലീസിൽ നിയമനം നൽകുമെന്ന് ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങൾ അറിയിച്ചിട്ടുണ്ട്. അഗ്നിപഥ് പ്രക്ഷോഭത്തിൽ പങ്കെടുത്ത് നാശം വരുത്തിയവർക്ക് നിയമനം നൽകില്ലെന്നും സമരങ്ങളിൽ പങ്കെടുത്തിട്ടില്ലെന്ന സാക്ഷ്യപത്രം നൽകണമെന്നുമാണ് ലഫ്.ജനറൽ അനിൽപുരി അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here