ബിജു ചെമ്മാട് 

ടൊറണ്ടോ: ഫൊക്കാനയുടെ അടുത്ത പ്രസിഡണ്ട് ആയി മത്സരിക്കുന്ന ഡോ. ബാബു സ്റ്റീഫൻ കാനഡ സന്ദർശിക്കുന്നു എന്ന വാർത്ത  അറിഞ്ഞപ്പോൾ അദ്ദേഹത്തെക്കുറിച്ച് കേട്ടുകേഴ്‌വി മാത്രമുള്ള കാനേഡിയൻ മലയാളികൾ പ്രത്യേകിച്ച് ഫൊക്കാന ഡെലിഗേറ്റുമാർ ഒരു നോക്കു കാണാം എന്ന് തീരുമാനിച്ചു. കോടീശ്വരനായ ഡോ. ബാബു സ്റ്റീഫൻ ഒരു കേട്ട് നോട്ടുമായി വന്ന് കാനഡയിലെ ഡെലിഗേറ്റുമാരെ വിലയ്ക്കു വാങ്ങാനാണ് വരവെന്ന പ്രചാരമായിരുന്നു ചില കേന്ദ്രങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടത്. രാഷ്ട്രീയമറിയില്ല, പ്രവർത്തന പരിചയമില്ല, സംസാരിക്കാൻ പോലുമറിയാത്ത പണത്തിന്റെ ഹുങ്കുള്ള ഒരു അഹങ്കാരി അതായിരുന്നു അമേരിക്കയിലെ തലസ്ഥാനമായ വാഷിംഗ്‌ടൺ ഡി.സി.യിൽ ജീവിക്കുന്ന വ്യവസായിയായ ഡോ. ബാബു സ്റ്റീഫനെക്കുറിച്ച് എതിർ സ്ഥാനാർത്ഥി നടത്തി വന്നിരുന്ന പ്രചാരണം.

കാനഡയിലെ മലയാളികളെ നേരിൽ കണ്ട് സംവദിക്കാനായി  മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ കണ്ട് കാനഡക്കാർ ആദ്യമൊന്ന് അമ്പരന്നു. കൈയ്യിൽ നോട്ടുകെട്ടികളൊന്നുമില്ല; മുഖത്ത് അഹങ്കാരത്തിന്റെ യാതൊരു ലാഞ്ഛനയുമില്ല. എല്ലാവരുമായി കുശലം ചോദിച്ച് അവരിൽ ഒരാളെപ്പോലെ ഓടി നടന്നു എല്ലാവരെയും പരിചയപ്പെടുന്നു. ചിരപരിതരെപ്പോലെ എല്ലാവരെയും “ആശാനേ …” എന്ന അഭിസംബോദനയോടെ തോളിൽ തട്ടി ‘പരിചയം’ പുതുക്കിയ അദ്ദേഹത്തെ വെറും ഒരു സാധാരണക്കാരനെപ്പോലെയാണ് കാണാൻ കഴിഞ്ഞത്.

കൂടെ സെക്രട്ടറി സ്ഥാനാർത്ഥി ഡോ. കല ഷഹി, ട്രഷറർ സ്ഥാനാർത്ഥി ബിജു ജോൺ കൊട്ടരക്കര, നാഷണൽ കമ്മിറ്റി അംഗമായി മത്സരിക്കുന്ന വിപിൻ രാജ് എന്നിവരുമുണ്ട്. മറ്റു ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് കാനഡയിൽ ഉണ്ടായിരുന്ന ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണിയും വൈസ് പ്രസിഡണ്ട് തോമസ് തോമസും എത്തിയതോടെ ഡോ. ബാബു സ്റ്റീഫന് ഫൊക്കാനയിൽ ഉള്ള സ്വീകാര്യത എന്തെന്ന് കാനഡക്കാർക്ക് ഏതാണ്ട് ബോധ്യമായി. താൻ ‘കഷ്ടപ്പെട്ട്’ ഉണ്ടാക്കിയ പാനലിലെ സ്ഥാനാർത്ഥികളുടെ തല (ഫോട്ടോ) വെട്ടിമാറ്റി ഡോ. ബാബു സ്റ്റീഫന്റെ തലയ്‌ക്കൊപ്പം വച്ച് കള്ള പ്രചാരണം നടത്തുകയാണെന്നായിരുന്നു എതിർ സ്ഥാനാർത്ഥി ഡോ. ബാബു സ്റ്റീഫനെതിരെ പരസ്യമായി പറഞ്ഞത്.

 കാനഡക്കാർ നോക്കുമ്പോൾ ‘തല’ വെട്ടി മാറ്റപ്പെടാത്ത ഉയിരോടെ തലയും ഉടലുമുള്ള ടീമിലെ പ്രധാനികളായ സെക്രെട്ടറി സ്ഥാനാർത്ഥി ഡോ. കല ഷഹി, ട്രഷറർ സ്ഥാനാർത്ഥി ബിജു ജോൺ കൊട്ടരക്കര, നാഷണൽ കമ്മിറ്റി അംഗമായി മത്സരിക്കുന്ന വിപിൻ രാജ്, മനോജ് ഇടമന തുടങ്ങിയവർ  നേരിട്ട് അദ്ദേഹത്തോടൊപ്പം എത്തിയിരിക്കുന്നു! അങ്ങനെ അദ്ദേഹം പറയാതെ തന്നെ വ്യാജ പ്രചാരണത്തിന്റെ ആദ്യത്തെ മുനയൊടിഞ്ഞു. തങ്ങൾ സ്ഥാനാർത്ഥിയായത് ആരുടെയും പാനലിൽ നിൽക്കാനല്ല എന്നായിരുന്നു അവരുടെ വിശദീകരണം. എന്നാൽ ഡോ. ബാബു സ്റ്റീഫനെപ്പോലെ ഒരാൾ സ്ഥാനാർത്ഥിയായി വന്നപ്പോൾ അദ്ദേഹത്തോടപ്പം നിൽക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. ഇന്നു വരെ തന്റെ പാനലിൽ ചേരണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുമില്ല; അഥവാ ചോദിച്ചാൽ സമ്മതിക്കുകയുമില്ലായിരുന്നു. തങ്ങളോട് ചോദിക്കാതെയാണ് ഫോട്ടോ വച്ച് അവർ ഫ്ലയർ ഉണ്ടാക്കിയയത്. – സ്ഥാനാർത്ഥികൾ വ്യക്തമാക്കിയതോടെ ആ കള്ളക്കഥയുടെയും മുനയുമൊടിഞ്ഞു.

ടോറോന്റോയിലെ  മാരിയറ്റ് ഹോട്ടൽ ഹാളിൽ നടന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ കാനഡയിലെ ഫൊക്കാന നേതാക്കളുമായി സംസാരിക്കവെ മുഖവുരയില്ലാതെ അദ്ദേഹം ഒരു കാര്യം വ്യകത്മാക്കി. “വോട്ടു ചോദിക്കാനല്ല; നിങ്ങളെ കാണുവാനും സംവദിക്കാനും വേണ്ടി മാത്രമാണ് ഞാൻ വന്നത്. വോട്ട് ആർക്ക് ചെയ്യണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. എന്നാൽ സ്ഥാനാർത്ഥിയെന്ന നിലയിൽ അടുത്ത പ്രസിഡണ്ട് ആവുകയാണെങ്കിൽ ചില കാര്യങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. അക്കാര്യങ്ങളെക്കുറിച്ച്  നിങ്ങളെ ബോധ്യപ്പെടുത്തുക എന്നതു മാത്രമാണ് എന്റെ ലക്ഷ്യം. നിങ്ങൾക്ക് സ്വീകാര്യമാണെങ്കിൽ എന്നെ തെരഞ്ഞെടുക്കാം. മറിച്ചാണെങ്കിലും കുഴപ്പമില്ല. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഞാൻ  ഫൊക്കാന പ്രസിഡണ്ട് ആയാൽ ഫൊക്കാനയെ എന്തുകൊണ്ടും അന്താരാഷ്ട്ര നിലവാരമുള്ള ഒരു സംഘടനയായി വളർത്താനുള്ള ഒരു മാസ്റ്റർ പ്ലാനുമായിട്ടാണ് ഞാൻ നിങ്ങളുടെ മുൻപിൽ എത്തിയിട്ടുള്ളത്. തോറ്റാൽ ഞാൻ ഡിപ്രഷൻ അടിച്ച് കലിതുള്ളി എല്ലാവരെയും ഭൽസിച്ചുകൊണ്ട് പ്രതികാരം ചെയ്യാനുണ്ടാകില്ല. ജയിച്ചവരെ കോടതി കയറ്റി ഫൊക്കാനയുടെയും മറ്റു ഭാരവാഹികളുടെയും പണം പാഴാക്കാൻ ഞാൻ കൂട്ടു നിൽക്കില്ലെന്ന കാര്യത്തിൽ ഉറപ്പു നൽകുന്നു. തോറ്റാൽ  നിങ്ങൾക്കു എന്നെ വേണ്ടെന്നാണ്‌ അർത്ഥം.  പിന്നെന്തിന്  തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തത് എല്ലാവരെയും കോടതി കയറ്റി  മറ്റുള്ളവരുടെ പണവും സമയവും പാഴാകണം? അതുകൊണ്ട് പറയട്ടെ, ആരുടെയും കുറ്റം പറയാനല്ല; എനിക്കെന്തു ചെയ്യാൻ കഴിയും എന്നു നിങ്ങളെ ബോധ്യപ്പെടുത്തണം. അതിനാണ് ഞാൻ വന്നിട്ടുള്ളത്. ” – ഡോ. ബാബു സ്റ്റീഫൻ മനസു തുറന്നു.

“ശരിയാണ് ഫൊക്കാനയിൽ ഒരുപാട് സ്ഥാനമാനങ്ങളൊന്നും ഞാൻ അലങ്കരിച്ചിട്ടില്ല. സ്ഥാനമാനങ്ങൾ ഏറ്റെടുക്കുക. ഫോട്ടോകളിൽ ഇടിച്ചുകയറി ചിരിച്ചുകാട്ടുക. പിന്നെ കൺവെൻഷൻ നടത്തുക. തെരഞ്ഞടുപ്പ് , സ്ഥാനമാനങ്ങൾ, കൺവെൻഷൻ … ഇതല്ലാതെ എന്ത് പ്രവർത്തനമാണ് നടത്തിയതെന്ന്‌ ഒന്നറിഞ്ഞാൽ കൊള്ളാം. വ്യക്തമായ പദ്ധതികളും അവ പൂർണമായും നടപ്പിലാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെയാണ് ഞാൻ തെരെഞ്ഞടുപ്പിനെ നേരിടുന്നത്. അല്ലാതെ പ്രസിഡണ്ട് സ്ഥാനം ഒഴികെ മറ്റെല്ലാ സ്ഥാനമാനങ്ങളും ലഭിച്ചു. പ്രസിഡണ്ട് ആകുക എന്നത് ജന്മാഭിലാഷമാണ് എന്നൊക്കെ പറയാൻ ബാബു സ്റ്റീഫനെ കിട്ടില്ല.”- ബാബു സ്റ്റീഫൻ വികാരഭരിതനായി.

ഫൊക്കാനയെ സംബന്ധിച്ച് കാനഡയിലെയും അമേരിക്കയിലെയും മലയാളി സഹോദരങ്ങൾ ഒരു നാണയത്തിലെ ഇരു വശങ്ങളുമെന്നപോലെ തുല്ല്യ പ്രാധാന്യമുള്ളവരാണ്. “പ്രസിഡണ്ട് ആയി ഞാൻ മത്സരിക്കാൻ തീരുമാനിച്ചപോലെ മറ്റുള്ള സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകിയവർ സ്വയം തീരുമാനിച്ചവരാണ്. അല്ലാതെ ആരുടേയും പ്രേരണകൊണ്ടല്ല. ഡോ. ബാബു സ്റ്റീഫൻ പ്രസിഡണ്ട് സ്ഥാനാർത്ഥിയാകുന്നു എന്നറിഞ്ഞപ്പോൾ ഇവർ എനിക്കൊപ്പം നിൽകാൻ സ്വയം തീരുമാനിച്ചതാണ്. ഞാൻ അവരെ ഹൃദയപൂർവം സ്വാഗതം ചെയ്തു. അല്ലാതെ ആരുടെയും തല വെട്ടി മാറ്റുകയോ പണം കൊടുത്തു കൂടെ നിർത്തുകയോ ചെയ്തതല്ല. 

വാഷിംഗ്‌ടൺ ഡി.സിയിൽ ഏറെ തിരക്കുള്ള രണ്ടു പ്രാക്ടീസുകൾ മാനേജ് ചെയ്യുന്ന പ്രശസത ഫിസിഷ്യൻ ആയ ഡോ. കല ഷഹിയെ വിലയ്ക്കു വാങ്ങാൻ ഞാൻ ആരാണ്? സ്വന്തമായി ബിസിനസും ന്യൂയോർക്ക് എം.ടി.എ യിൽ എഞ്ചിനീയറുമായ ബിജു ജോൺ കൊട്ടാരക്കരയ്ക്ക് വില പറയാൻ എനിക്ക് എന്ത് യോഗ്യതയാണുള്ളത്? എനിക്ക് സമ്പത്തുണ്ട്. എല്ലാവരെയും പോലെ  കഷ്ട്ടപ്പെട്ട് അധ്വാനിച്ച് നേടിയവയാണ് അവയൊക്കെ. ധരാളം പണം സമ്പാദിച്ചിട്ടുണ്ട്. അതനുസരിച്ച് ആവശ്യക്കാർക്ക് യോഗ്യത അനുസരിച്ച് നൽകുകയും ചെയ്തിട്ടുണ്ട്. ബാബു സ്റ്റീഫന്റെ വരുമാനത്തിന്റെ ഓരോ അംശവും  സ്റ്റീഫൻ ഫൗണ്ടേഷൻ എന്ന് ഞാൻ തന്നെ രൂപം നൽകിയ സന്നദ്ധ സംഘടനയിലൂടെ ഒരു പാട് നിർദ്ധനരിലേക്ക് സഹായം എത്തിച്ചിട്ടുണ്ട്. ഫൊക്കാന പ്രസിഡണ്ട് ആകാൻ ബാബു സ്റ്റീഫന് എന്ത് യോഗ്യതയാണെന്ന് ചോദിക്കുന്ന എന്റെ എതിർ സ്ഥാനാർത്ഥിയോട് പറയാനുള്ളത് ഇതാണ്. ബാബു സ്റ്റീഫൻ ഫൗണ്ടേഷനിലൂടെ നടത്തുന്ന സന്നദ്ധ പ്രവർത്തനമാണ് എന്റെ ഏറ്റവും വലിയ യോഗ്യത.” – ഡോ. ബാബു സ്റ്റീഫൻ ചൂണ്ടിക്കാട്ടി.

ഫൊക്കാന കൺവെൻഷനുകളോടനുബന്ധിച്ച് പുറത്തിറക്കാറുള്ള സുവനീറുകൾക്ക് താൻ പരസ്യം പിടിച്ചു കൊടുക്കാറില്ല. അത് വഴി 30 ശതമാനം കമ്മീഷൻ കൈപ്പറ്റി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെയാണ് സംഘടനാ പ്രവർത്തന പാരമ്പര്യമായി കാണുന്നതെങ്കിൽ ബാബു സ്റ്റീഫന് അത്തരം പ്രവർത്തന പരിചയമൊന്നുമില്ല. സാധാരണഗതിയിൽ പ്രസിഡണ്ട് സ്ഥാനത്തു മത്സരിക്കുന്നവർ തിരഞ്ഞെടുപ്പിനു വേദിയാകുന്ന കൺവെൻഷൻ നടത്തിപ്പിന് അവരവരുടെ കഴിവനുസരിച്ച് എന്തെങ്കിലും സ്‌പോൺസർഷിപ്പ് നൽകേണ്ടത് മിനിമം മര്യാദയാണ്.  

“എനിക്ക് വേണമെങ്കിൽഎതിരാളിയെപ്പോലെ 750 ഡോളർ കൊടുത്ത് സിംഗിൾ രെജിസ്ട്രേഷൻ ചെയ്ത് കൺവെൻഷനിൽ പങ്കെടുത്ത്  തെരെഞ്ഞെടുപ്പിൽ ഭാഗഭാക്കാകുകയും ചെയ്യാവുന്നതാണ്. നാളെ പ്രസിഡണ്ട് ആയാൽ അടുത്ത തെരെഞ്ഞെടുപ്പ് നടത്താൻ ചുമതലയുള്ളവനാണ്  ഞാൻ. മറ്റുള്ളവർ നടത്തുന്ന കൺവെൻഷന് ഞാൻ എന്തിനു പണം ചെലവഴിക്കണമെന്നു ചിന്തിക്കുന്നതു പോലും തെറ്റാണ്. അതുകൊണ്ടാണ് കൺവെൻഷൻ നടത്തിപ്പിന് സ്‌പോൺസർഷിപ്പ് ചോദിച്ചപ്പോൾ ഞാൻ റോയൽ പേട്രൺ സ്‌പോൺസർഷിപ്പ് തന്നെ ഏറ്റെടുത്തത്. അതുകൊണ്ട് മുഴുവൻ വോട്ടും ഞാൻ വിലയ്‌ക്ക്‌ വാങ്ങിയെന്നു പ്രചരിപ്പിക്കുന്നവർ ആദ്യം അവർ കൺവെൻഷന് എന്തു നൽകി എന്ന് വെളിപ്പെടുത്തട്ടെ.”- ബാബു സ്റ്റീഫൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് രംഗത്തില്ലായിരുന്നുവെങ്കിലും താൻ സ്‌പോൺസർഷിപ്പ് നൽകുമായിരുന്നു. മാധവൻ നായർ പ്രസിഡണ്ട് ആയിരുന്നപ്പോൾ ന്യൂ ജേഴ്‌സിയിൽ നടത്താനിരുന്ന കൺവെൻഷന്റെ റോയൽ പേട്രൺ സ്പോണ്സര്ഷിപ്പിനുള്ള തുക താൻ അഡ്വാൻസ് ആയി നല്കിയിരുന്നതാണെന്നും കൺവെൻഷൻ മാറ്റി വയക്കപ്പെട്ട സാഹചര്യത്തിൽ ആ തുക മടക്കി ലഭിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. അന്നത്തെ ട്രഷറർ ആയിരുന്ന സജിമോൻ ആന്റണിയാണ് തുക മടക്കി നൽകിയത്. അന്ന് താൻ സ്ഥാനാർത്ഥിപോലുമായിരുന്നില്ലെന്നും ബാബു സ്റ്റീഫൻ ചൂണ്ടിക്കാട്ടി.

 
ഫൊക്കാനയുടെ ഒരുപാട് കാര്യങ്ങൾ അമേരിക്കയിലെയും കാനഡയിലെയും മലയാളികൾക്കായി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. അതിൽ സന്നദ്ധപ്രവർത്തനങ്ങൾക്കു പുറമെ അമേരിക്കൻ- കാനേഡിയൻ മലയാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതുൾപ്പെടെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ ഉതുകുന്ന നിരവധി കർമ്മ പദ്ധതികൾ രൂപം നൽകിക്കൊണ്ടുള്ള  ഒരു പ്രവർത്തന രൂപരേഖയും താൻ തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  
 
അതിലുപരി ഫൊക്കാനയെ അന്തരാഷ്ട്ര നിലവാരമുള്ള ഒരു സംഘടനയാക്കി വളർത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്നു പറഞ്ഞ അദ്ദേഹം അത് തന്നിലൂടെ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു അടിസ്ഥാന ശില പാകാൻ തനിക്കു കഴിയുമെന്നും വ്യക്തമാക്കി. പ്രസിഡണ്ട് സ്ഥാനമൊഴിഞ്ഞാലും ഒരു സാധാരണ പ്രവർത്തകനായി താൻ സ്വപ്നം കണ്ടു വിഭാവനം ചെയ്ത ആ പദ്ധതികൾ പൂർത്തീകരിക്കാൻ തന്റെ പിന്തുടർച്ചക്കാരായി വരുന്ന യുവ തലമുറയ്‌ക്കൊപ്പം നിൽക്കുമെന്നും വാഗ്ദാനം ചെയ്തു. താൻ നേതൃസ്ഥാനത്ത് എത്തിയാൽ ഫൊക്കാനക്ക് സ്വന്തമായ ആസ്ഥാനം എന്ന ലക്ഷ്യം നടപ്പാക്കുമെന്നും ഡോ. ബാബു സ്റ്റീഫൻ ഉറപ്പ് നൽകി.
 
നേരത്തേ സൂചിപ്പിച്ചപോലെ കാനഡയിലെയും അമേരിക്കയിലെയും മലയാളികൾ ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. അതിൽ കാനഡയെന്ന വശത്തെ പലപ്പോഴും സ്ഥാനാർത്ഥികൾ പോലും കാണാതെ പോകുന്നത് നിർഭാഗ്യകരമാണ്. താൻ പ്രസിഡൻറ് ആയാൽ കാനഡയിലെ നേതാക്കൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടുള്ള വിധത്തിലായിരിക്കും മുൻപോട്ടുള്ള പ്രയാണമെന്നും അദ്ദേഹം വ്യകത്മാക്കി.
 
നേരത്തെ, മറ്റൊരു പ്രസിഡൻറ് സ്ഥാനാർത്ഥിയായ ലീല മാരേട്ട് കാനഡക്കാരെ തീർത്തും അവഗണിക്കുകയായിരുന്നുവെന്ന പരാതിയും ഡെലിഗേറ്റുമാരിൽ നിന്നും നേതാക്കന്മാരിൽ നിന്നും ഉയർന്നിരുന്നു. കാനഡയിൽ നടന്ന കൺവെൻഷൻ രെജിസ്ട്രേഷൻചടങ്ങിൽ നിന്നു മാത്രം ലീല മാരേട്ട് വിട്ടു നിന്നത് തങ്ങളെ അപമാനിക്കുന്നതിനു തുല്യമായിരുന്നുവെന്ന് അവർ ചടങ്ങിൽ ആരോപിച്ചു. അമേരിക്കയിൽ നടന്ന എല്ലാ റീജിയണൽ കൺവെൻഷനുകളിലും ഓടി നടന്നു പങ്കെടുത്ത അവർ താരതമ്യേന ദൂരക്കുറവുള്ള ടോറോന്റോയിൽ നിന്നു വിട്ടു നിന്നത് കാനഡയിലെ ഫൊക്കാന നേതാക്കളെ അവഗണിക്കുന്നതിനു തുല്യമാണെന്നും കാനഡയിലെ പ്രതിനിധികൾ പങ്കെടുത്തു. 
 
കാനഡയിലെ മലയാളികളെ ആരും കുറച്ചു കാണേണ്ട എന്നു പറഞ്ഞ നേതാക്കൾ ഏതൊരു സ്ഥാനാർത്ഥികളുടെയും ജയപരാജയങ്ങളുടെ തോത് നിർണയിക്കാനുള്ള ശേഷി കാനഡയിലെ ഡെലിഗേറ്റുമാർക്കുണ്ടെന്നും  വ്യക്തമാക്കി. ലീല മാരേട്ട് ‘കഷ്ട്ടപ്പെട്ടുണ്ടാക്കിയ’ പാനലിൽ കാനഡയിലെ ഫൊക്കാന നേതാക്കൾക്കുള്ള  സ്ഥാനം  എന്താണെന്നും അവർ യോഗത്തിൽ ചോദ്യമുന്യയിച്ചു. കാനഡക്കാരെ തഴഞ്ഞ ലീല മാരേട്ട് ഇനി വോട്ടു തേടി കാനഡയിൽ വരേണ്ടതില്ലെന്നും ബാബു സ്റ്റീഫന് പൂർണ പിന്തുണ നൽകാനാണ് കാനഡ റീജിയണിലെ എല്ലാ അസോസിഷനുകളുടെയും തീരുമാനമെന്നും കാനഡയിലെ ഫൊക്കാന നേതാക്കന്മാരും വ്യക്തമാക്കി. 
 
 എന്തായാലും കാനഡയുടെ മനസു കീഴടക്കി മുന്നേറുകയാണ്  ഡോ. ബാബു സ്റ്റീഫൻ. കാനേഡിയൻ മലയാളികൾക്ക് അത്ര അടുത്ത പരിചയമില്ലാതിരുന്ന  അദ്ദേഹത്തെക്കുറിച്ചുണ്ടായിരുന്ന ഏറെ തെറ്റിദ്ധാരണകൾ ആണ് ടോറോന്റോയിലെ മാരിയറ്റ് ഹോട്ടൽ ഹാളിൽ നടന്ന കാനഡയിലെ വിവിധ മലയാളി സംഘടനാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ഇല്ലാതായത്.

ഫൊക്കാന മുൻ പ്രസിഡന്റും ഫൗണ്ടേഷൻ ചെയർമാനും ലോക കേരള സഭയുടെ പ്രത്യേക ക്ഷണിതാവുമായ ജോൺ പി. ജോൺ, ഫൊക്കാന അഡീഷണൽ അസ്സോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, റീജിയണൽ വൈസ് പ്രസിഡണ്ട് സോമോൻ സക്കറിയ, നാഷണൽ കമ്മിറ്റി അംഗം ജോസി കാരക്കാട്ട്,  നയാഗ്ര മലയാളി അസോസിയേഷൻ പ്രസിഡണ്ടും നിലവിൽ ആർ.വി.പി സ്ഥാനാർത്ഥിയുമായ മനോജ് ഇടമന, ബ്രാംപ്റ്റൺ മലയാളി സമാജം പ്രസിഡണ്ടും ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് അംഗവുമായ കുര്യൻ പ്രക്കാനം, ലോമ പ്രസിഡണ്ട് ലിന്റോ ജോസഫ്,
നയാഗ്ര മലയാളി അസോസിയേഷൻ, ടൊറന്റോ മലയാളി അസോസിയേഷൻ, ലണ്ടൻ ഒന്റാറിയോ മലയാളി അസോസിയേഷൻ, ബ്രാംപ്ടൺ മലയാളി സമാജം, മലയാളി ട്രക്കേഴ്സ് അസോസിയേഷൻ, കാനഡ 
മലയാളി അസോസിയേഷൻ, ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷൻ, ബ്രാംപ്ടൺ മലയാളി സമാജം, മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡ തുടങ്ങിയ സംഘടനകളിലെ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here