ന്യൂഡൽഹി : മോദി സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ അരങ്ങേറുകയാണ്. എന്നാൽ വിവിധ കോണുകളിൽ നിന്നും അഗ്നിപഥിനെ പിന്തുണച്ചു കൊണ്ടും ശബ്ദങ്ങൾ ഉയരുന്നുണ്ട്. നാല് വർഷം കഴിഞ്ഞാൻ അഗ്നിവീരന്മാർ എന്ത് ചെയ്യും എന്ന ചോദ്യം ഉയർത്തുന്നവർക്ക് മുന്നിൽ വ്യവസായ പ്രമുഖരടക്കം നിരവധി പേരാണ് തൊഴിലവസരങ്ങളുടെ വാതിലുകൾ തുറന്നിടുന്നത്. ഇതിന് പുറമേ സർക്കാർ ജോലികളിലും അവസരങ്ങൾ വാഗ്ദ്ധാനം ചെയ്ത് നിരവധി സംസ്ഥാനങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോഴിതാ അഗ്നിപഥ് പദ്ധതിയുടെ മേന്മകളെ കുറിച്ചും, എന്തിന് വേണ്ടിയാണ് മോദി സർക്കാർ അഗ്നിപഥ് നടപ്പിലാക്കുന്നതെന്നും വിവരിക്കുകയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ.

 

വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ഡോവൽ തന്റെ കാഴ്ചപ്പാട് തുറന്ന് പറഞ്ഞത്.
ഇന്ത്യയെ സുരക്ഷിതവും ശക്തവുമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻഗണനയുടെ ഫലമാണ് അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. ഇന്ത്യയെ എങ്ങനെ ശക്തമാക്കാം എന്നതായിരുന്നു 2014ൽ അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രി മോദിയുടെ മുൻഗണനകളിലൊന്ന്. രാജ്യസുരക്ഷ എന്നത് സ്ഥായിയായ ഒന്നല്ല അത് ചലനാത്മകമായ ഒരു പ്രക്രിയയാണ്, അഗ്നിപഥിനെ ആ വീക്ഷണത്തിൽ നോക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

ഹ്രസ്വകാല കരാർ പദ്ധതി ഒരു ഒറ്റപ്പെട്ട ആശയമല്ലെന്നും യുദ്ധത്തിന്റെ സ്വഭാവം വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഡോവൽ പറഞ്ഞു. ‘സമ്പർക്കമില്ലാത്ത യുദ്ധങ്ങളിലേക്കാണ് പോകുന്നത്, നാളേക്ക് വേണ്ടി തയ്യാറെടുക്കണമെങ്കിൽ നമ്മൾ മാറണം,’ അദ്ദേഹം കൂട്ടിച്ചേർത്തു. അഗ്നിപഥ് പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യപ്പെടുന്ന അഗ്നിവീരൻമാർ ഒരിക്കലും മുഴുവൻ സൈന്യത്തെയും രൂപീകരിക്കില്ലെന്നും ഡോവൽ പറഞ്ഞു.


പതിവായി മാറുന്ന അഗ്നിവീരന്മാർ ഒടുവിൽ തീവ്രമായ പരിശീലനത്തിന് വിധേയരാകുകയും ഒരു നിശ്ചിത കാലയളവിൽ അനുഭവം നേടുകയും ചെയ്യും. അഗ്നിപഥിലൂടെ യുവാക്കൾക്ക് രാജ്യത്തെ കാക്കാനുള്ള ആഗ്രഹവും പ്രചോദനവും പ്രതിബദ്ധതയും ഉണ്ടാവും. അഗ്നിപഥ് നടപ്പിലാക്കുന്നതോടെ സൈന്യത്തിലെ റെജിമെന്റുകൾ ഇല്ലാതാകും എന്ന പ്രചരണത്തെയും ഡോവൽ തള്ളിക്കളഞ്ഞു. റെജിമെന്റൽ സംവിധാനം അവസാനിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് പിന്നിൽ കോച്ചിംഗ് സെന്ററുകളുടെ പങ്കാളിത്തം തിരിച്ചറിയുന്നതിനായി സമഗ്രമായ അന്വേഷണം നടത്തുമെന്നും സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here