2014ൽ നരേന്ദ്രമോദി അധികാരത്തിലേറിയത് മുതൽ ബി.ജെ.പി സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങളെ നിരന്തരം വിമർശിച്ച് രംഗത്തുവന്നിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാർഥിയായ മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹ. നോട്ടുനിരോധനം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ നിർണായക അവസരങ്ങളിൽ ശക്തമായ വിമർശനം കേന്ദ്ര സർക്കാറിനെതിരെ സിൻഹ ഉയർത്തി. ‘ഇന്ത്യയെ നശിപ്പിച്ചയാൾ’ എന്നാണ് 2020ലെ ജന്മദിനത്തിൽ മോദിയെ യശ്വന്ത് സിൻഹ വിശേഷിപ്പിച്ചത്.
മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് രാജ്യത്തെ യുവജനങ്ങൾക്ക് ‘ഹാപ്പി ജുംല ദിവസ്’ ആണ് യശ്വന്ത് സിൻഹ ആശംസിച്ചത്. പൊള്ളയായ വാഗ്ദാനങ്ങൾക്ക് ഹിന്ദിയിൽ പറയുന്ന വാക്കാണ് ജുംല. വാഗ്ദാനങ്ങൾ വാരിേക്കാരി നൽകുകയും അവയൊന്നും പാലിക്കാതിരിക്കുകയും ചെയ്യുന്ന മോദിയെ കളിയാക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തെ മറ്റുള്ള ആളുകളെ പോലെ, പ്രധാനമന്ത്രിയുടെ പൊള്ളയായ വാഗ്ദാനങ്ങളിൽ ഇവിടുത്തെ യുവജനങ്ങളും തുടക്കത്തിൽ ആകൃഷ്ടരായി. എന്നാൽ, പിന്നീടാണ് അവയൊക്കെ വെറും ‘ജുംല’ ആണെന്ന് മനസ്സിലായത്. ഇതുപോലെ കള്ളത്തരങ്ങൾ എഴുന്നള്ളിക്കുന്ന ഒരു പ്രധാനമന്ത്രിയെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഇന്ത്യയെ നശിപ്പിച്ചയാൾ എന്നതാണ് മോദി ‘((M)an wh(O) (D)estroyed (I)ndia)’ എന്ന പേരിന്റെ ചുരുക്കമെന്നും ട്വീറ്റിൽ യശ്വന്ത് സിൻഹ പരിഹസിച്ചു.