കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനായി കോടികൾ ചെലവിട്ട് മോടികൂട്ടിയ റോഡ് തകർന്നു. 23 കോടിക്ക് ടാറിട്ട റോഡാണ് സന്ദർശനം കഴിഞ്ഞ് മോദി തിരികെ മടങ്ങിയതിനു പിറ്റേന്നു തന്നെ തകർന്നിരിക്കുന്നത്. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരുന്നു മോദിയുടെ കർണാടക സന്ദർശനം.(Bengaluru road caved just after pm modi visit)

 
 
 

ദക്ഷിണ ബംഗളൂരുവിലെ ജനനഭാരതി, ബംഗളൂരു യൂനിവേഴ്‌സിറ്റി, കൊമ്മഗട്ട, ഡോ. ബി.ആർ അംബേദ്കർ സ്‌കൂൾ ഓഫ് എകോണമിക്‌സ്(ബേസ്) യൂണിവേഴ്‌സിറ്റി, ഹെബ്ബൽ എന്നിവിടങ്ങളിലായി 14 കി.മീ നീളത്തിലാണ് റീടാറിങ് നടത്തിയത്.ഇതോടൊപ്പം സർവീസ് റോഡുകളും നടപ്പാതകളും മോടികൂട്ടുകയും സ്ട്രീറ്റ്‌ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു

ഇതിൽ ബേസ് യൂണിവേഴ്‌സിറ്റി ക്യാമ്പസിന്റെ ഭാഗത്തെ റോഡാണ് പൊളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ മഴയിലാണ് റോഡ് തകർന്നത്. ടാറ് ഇളകുകയും കുഴിയാകുകയും ചെയ്തതിനെ തുടർന്ന് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടാതിരിക്കാൻ ഇവിടെ നാട്ടുകാർ കല്ലും പൊടിയും കൊണ്ടിട്ടിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ മോദിയുടെ സന്ദർശനം നിശ്ചയിച്ചിരുന്ന ഏപ്രിലിലും ഇവിടെ ടാറിങ് പ്രവൃത്തി നടന്നിരുന്നെന്നും നാട്ടുകാർ സൂചിപ്പിക്കുന്നു. സന്ദർശനം പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.

ഒരാഴ്ച മാത്രമെടുത്താണ് ഈ പ്രവൃത്തികളെല്ലാം പൂർത്തിയാക്കിയതെന്ന് ബി.ബി.എം.പി സ്‌പെഷൽ കമ്മിഷണർ രവിന്ദ്ര പി.എൻ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബൃഹത്ത് ബംഗളൂരു മഹാനഗര പാലികെ(ബി.ബി.എം.പി)യുടെ നേതൃത്വത്തിലായിരുന്നു നഗരത്തിലെ പ്രധാന നിരത്തുകളിലെ കുഴികളടച്ച് ടാറിട്ട് നവീകരിച്ചത്. രാവും പകലും ഒഴിവില്ലാതെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ തൊട്ടുമുൻപ് റോഡിന്റെ അടിയന്തര മോടികൂട്ടൽ.

LEAVE A REPLY

Please enter your comment!
Please enter your name here