മുംബയ്: മഹാരാഷ്ട്രയിൽ നടക്കുന്ന പ്രശ്നങ്ങൾ ബിജെപിയുടെ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് രംഗത്ത്. കടുത്ത മോദി വിമർശകനായ ഉദ്ദവ് താക്കറയെ പുറത്താക്കാനുള്ള ശ്രമമാണ് മഹാരാഷ്ട്രയിൽ നടക്കുന്നതെന്നും കോൺഗ്രസ് ഉദ്ദവിനൊപ്പം നിൽക്കുമെന്നും ഹരീഷ് റാവത്ത് വ്യക്തമാക്കി.

നേരത്തെ മറ്റൊരു കോൺഗ്രസ് നേതാവായ മല്ലികാർജുൻ ഖാർഗെയും ഉദ്ദവ് താക്കറെയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളാണ് മഹാരാഷട്രയിൽ കാണുന്നതെന്നും മഹാ വികാസ് സഖ്യത്തിനൊപ്പം കോൺഗ്രസ് ഒരുമിച്ച് നിൽക്കുമെന്നും ഖാർഗെ വ്യക്തമാക്കിയിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും നേരത്തെ ഉദ്ദവിന് പിന്തുണയുമായി എത്തിയിരുന്നു. നിരവധി വികസന പ്രവർത്തനങ്ങൾ ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാർ മഹാരാഷ്ട്രയിൽ ചെയ്തെന്നും ഇതെല്ലാം നശിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും മമതാ ബാനർജി ആരോപിച്ചിരുന്നു.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഒരു പൊതു സ്ഥാനാർത്ഥിയെ നിർത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങൾക്ക് തുടക്കം മുതൽ തന്നെ തിരിച്ചടികൾ നേരിട്ടിരുന്നു. പൊതു സമ്മതനായ സ്ഥാനാർത്ഥിയെ നിർത്താമെന്ന ആശയം മുന്നോട്ടു വച്ച മമതാ ബാനർജിയുടെ ലക്ഷ്യം യഥാർത്ഥത്തിൽ തിരഞ്ഞെടുപ്പ് ജയിക്കുക എന്നതിലുപരി ബിജെപിയ്ക്കെതിരായി പ്രതിപക്ഷ പാർട്ടികളുടെ ഒരു ഐക്യം ഉണ്ടാക്കുക എന്നതായിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ പൊതു സ്ഥാനാർത്ഥി തന്നെയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിന് നിൽക്കുന്നതെങ്കിലും മമതയുടെ ലക്ഷ്യം പൂർണമായി നടപ്പിലായി എന്ന് കരുതാൻ സാധിക്കില്ലായിരുന്നു.

എന്നാൽ മഹാരാഷ്ട്രയിൽ നിലവിൽ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളിൽ രാജ്യത്തെ വിവിധ പ്രാദേശിക പാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ മഹാ വികാസ് സഖ്യത്തിനും ഉദ്ദവ് താക്കറെയ്ക്കും പിന്തുണയുമായി വരുന്ന കാഴ്ചകളാണ് കാണുന്നത്. മമത ആഗ്രഹിച്ച പ്രതിപക്ഷ കക്ഷികളുടെ ഐക്യം ഒരുപക്ഷേ മഹാരാഷ്ട്രയിൽ കാണാൻ സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here