മുംബയ്: ഏക്‌നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള വിമതരുടെ ആവശ്യത്തിന് മുന്നിൽ കീഴടങ്ങി ശിവസേന. എൻസിപി- കോൺഗ്രസ് സഖ്യം വിടാൻ തയാറെന്ന് ശിവസേന നേതൃത്വം അറിയിച്ചു. മുതിർന്ന നേതാവ് സഞ്ജയ് റാവുത്താണ് ഇക്കാര്യം പറഞ്ഞത്.

‘എംഎല്‍എമാര്‍ ഗുവാഹട്ടിയില്‍ നിന്ന് ആശയവിനിമയം നടത്തരുത്. അവര്‍ മുംബയില്‍ വന്ന് മുഖ്യമന്ത്രിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. എല്ലാ എംഎല്‍എമാരുടെയും ഇഷ്ടം ഇതാണെങ്കില്‍ മഹാവികാസ് അഘാടിയില്‍നിന്ന് പുറത്തുപോകുന്നത് പരിഗണിക്കാന്‍ ഞങ്ങള്‍ തയാറാണ്. അതിനായി അവര്‍ ഇവിടെ വന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യണം’,- സഞ്ജയ് റാവുത്ത് പറഞ്ഞു.

ശിവസേനാ എംഎല്‍എമാരെ സൂറത്തിലേക്ക് തട്ടികൊണ്ടുപോയതാണെന്നും സഞ്ജയ് റാവുത്ത് ആരോപിച്ചു. വിമത ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ടെന്ന് പറയുന്ന എംഎല്‍എമാരായ കൈലാസ് പാട്ടീല്‍, നിതിന്‍ ദേശ്മുഖ് എന്നിവരും സഞ്ജയ് റാവുത്തിനൊപ്പം മാദ്ധ്യമങ്ങള്‍ക്ക് മുന്നിലെത്തി. സൂറത്തില്‍നിന്ന് തങ്ങള്‍ കിലോമീറ്ററുകളോളം ഓടിയാണ് രക്ഷപ്പെട്ടതെന്നും അവര്‍ വിവരിച്ചു. തങ്ങള്‍ ശിവസേനയെ കൈവിടില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, ശിവസേനയുടെ പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് മുതിർന്ന നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here