ന്യൂയോര്‍ക്ക്: ജയിച്ചാല്‍ ഒരു വര്‍ഷത്തിനകം ഫൊക്കാനയ്ക്ക് ആസ്ഥാനം ന്യൂയോര്‍ക്കില്‍ സ്ഥാപിക്കുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ.ബാബു സ്റ്റീഫന്‍. ഫൊക്കാന മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനെപ്പറ്റിയും  ആലോചിക്കും. വാഷിംഗ്ടണില്‍ ഔദ്യോഗിക സ്ഥാനങ്ങളില്‍ മലയാളികള്‍ക്ക് അവസരം കിട്ടുന്നതിനും അടിയന്തരമായി ശ്രമിക്കും.

ക്വീന്‍സില്‍ ടൈസന്‍ സെന്ററില്‍ നടത്തിയ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സജി ഹെഡ്ജ് സംഘാടകനായ സമ്മേളനത്തില്‍ ന്യൂയോര്‍ക്ക് മേഖലയിലെ ഏഴു അസോസിയേഷനുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. പങ്കെടുത്തില്ലെങ്കിലും ഒട്ടേറെ പേര്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് സജി ഹെഡ്ജ് പറഞ്ഞു. “പണ്ടത്തെ  കാര്യങ്ങളിലേക്ക് നോക്കിയിരിക്കുകയല്ല, വരാനിരിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോഴത്തെ ആവശ്യം. നാനാരംഗങ്ങളില്‍ മികവ് തെളിയിച്ച ഡോ.ബാബു സ്റ്റീഫന്‍ ഫൊക്കാനയെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. തൊടുന്യായങ്ങള്‍ പറഞ്ഞ് ഇത്തരമൊരു വ്യക്തിത്വത്തെ തെരഞ്ഞെടുത്തില്ലെങ്കില്‍ അത് സംഘടനയ്ക്ക് തന്നെയാണ് നഷ്ടമാകുക. സംഘടനയില്‍ മാറ്റവും ഉയര്‍ച്ചയും സംഭവിക്കണമെങ്കില്‍ ബാബു സ്റ്റീഫന്‍ ജയിക്കണം,” സജി ഹെഡ്ജ് പറഞ്ഞു.

അടുത്ത ജനറല്‍ സെക്രട്ടറിയായി എതിരില്ലാതെ ജയിച്ച ഡോ. കലാ ഷഹി, ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര, ന്യൂയോര്‍ക്ക് റീജിയന്‍ ആര്‍വിപി അപ്പുക്കുട്ടൻ പിള്ള, നാഷണല്‍ കമ്മിറ്റി അംഗം അലക്‌സ് ഏബ്രഹാം (റോക്ക്‌ലാന്‍ഡ് കൗണ്ടി) തുടങ്ങിയവരും സംസാരിച്ചു. വിവിധ സംഘടനാ പ്രതിനിധികള്‍ ഡോ.ബാബു സ്റ്റീഫന്റെ കര്‍മ്മകുശലത ചൂണ്ടിക്കാട്ടുകയും പിന്തുണ അറിയിക്കുകയും ചെയ്തു. മാധ്യമ പ്രതിനിധികളും സംസാരിച്ചു.

സരസമധുരമായ പ്രസംഗത്തില്‍ ഡോ. ബാബു സ്റ്റീഫന്‍ തന്റെ കര്‍മ്മ പദ്ധതികള്‍ അവതരിപ്പിച്ചു. ഫൊക്കാനയില്‍ ഐക്യം സ്ഥാപിക്കും. ജനത്തിനുവേണ്ടിയുള്ള ജനകീയ സംഘടനയായി മാറ്റും. പ്രതിഫലേച്ഛയൊന്നും ഇല്ലാതെ സേവന പ്രവര്‍ത്തികള്‍ എന്നതായിരിക്കും ലക്‌ഷ്യം.

എന്റെ നയപരിപാടികളും, പ്രവര്‍ത്തന രീതിയും മനസിലാക്കി അത് നല്ലതെങ്കിൽ എനിക്ക് വോട്ട് ചെയ്യുക.-അദ്ദേഹം പറഞ്ഞു.

ഫൊക്കാന തുടങ്ങിയ കാലത്ത് നിന്ന് ലോകം ഏറെ മാറിപ്പോയി. അമേരിക്കയാണ് നമ്മുടെ നാട്. ഈ നാടിന്റെ ഭാഗമാകാതെ നമുക്ക് മുന്നോട്ട് പോകാനാവില്ല. അതിനു വേണ്ടത്  രാഷ്ട്രീയ രംഗത്ത് വരികയാണ്. മക്കള്‍ എന്‍ജിനീയറും ഡോക്ടറും മാത്രം ആയാല്‍ മതി എന്ന ചിന്താഗതി മാറണം.

ഈ രാജ്യത്തുള്ളപോലെ അവസരങ്ങള്‍ മറ്റെങ്ങുമില്ല. ജാതി, മത,നിറ ഭേദമൊന്നും പ്രശ്‌നമല്ല. വിദ്യാഭ്യാസം പോലും പ്രശ്നമല്ല. കോമണ്‍സെന്‍സും അധ്വാനിക്കാനുള്ള മനസും കുശാഗ്രബുദ്ധിയുമുണ്ടെങ്കില്‍ ആര്‍ക്കും ഉയര്‍ന്നുപോകാം.

മലയാളികളൊക്കെ ബുദ്ധിയുള്ളവരാണ്. പക്ഷെ അഹംഭാവവും അസൂയയും നമ്മുടെ മനസില്‍ കിടക്കുന്നു. അതുപേക്ഷിച്ചാല്‍ നാം വളരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമിതാഭ് ബച്ചന്‍ വിമാനയാത്ര ചെയ്യുമ്പോള്‍ അടുത്തിരുന്ന വയസനോട് തന്നെ പരിചയപ്പെടുത്തി. താന്‍ നടന്‍ അമിതാഭ് ബച്ചനാണെന്ന് പറഞ്ഞിട്ടും അയാള്‍ക്ക് പ്രതികരണമില്ല. അയാളുടെ പേര് ചോദിച്ചപ്പോള്‍ ജെ.ആര്‍.ഡി ടാറ്റ എന്നു പറഞ്ഞു. എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ ഉടമ. തന്റെ അഹംബോധത്തിനേറ്റ തിരിച്ചടിയായിരുന്നു അതെന്ന് അമിതാഭ് പറഞ്ഞിട്ടുണ്ട്.

പല നാടുകളില്‍ നിന്ന് ന്യൂയോര്‍ക്ക് തുറമുഖത്തേക്ക് കൊണ്ടുവരുന്ന ഞണ്ടുകള്‍ കണ്ടെയ്‌നറില്‍ നിന്നു പുറത്തേക്ക് കടക്കാന്‍ തത്രപ്പെടുന്നു. ഒരു കണ്ടെയ്‌നറിനുള്ളിലെ ഞണ്ട് മാത്രം പുറത്തേക്ക് വരുന്നില്ല. ഇന്ത്യയില്‍ നിന്നുള്ള കണ്ടെയ്‌നറായിരുന്നു അത്. പുറത്തു കടക്കാന്‍ നോക്കുന്ന ഞണ്ടുകളെ മറ്റുള്ളവര്‍ വലിച്ച് താഴോട്ടിടും. ഇതാണ് നമ്മുടെ സ്ഥിതി. അതു മാറാതെ പറ്റില്ല.

അമേരിക്കയിലെ മില്യനയര്‍മാരില്‍ 150 പേര്‍ മലയാളികളാണ്. പക്ഷെ അവരാരും ഫൊക്കാനയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. നമുക്ക് ഒരു മില്യന്‍ ജനസംഖ്യയുണ്ട്. പക്ഷെ നമ്മുടെ ശബ്ദം ആരും കേള്‍ക്കുന്നില്ല. അതിനു കാരണം നമുക്ക് നേതൃത്വമില്ലാത്തതാണ്. നാം ചിന്തിക്കുന്നത് മറിയാമ്മയ്ക്കും സാറാമ്മയ്ക്കും വലിയ വീടുണ്ട്. അതിലും വലുത് വേണമെന്നാണ്. ഒബാമയ്ക്ക് പ്രസിഡന്റാകാമെങ്കില്‍ നമ്മുടെ മക്കള്‍ക്കും ആകാം. അതിനാല്‍ മക്കളെ വ്യത്യസ്തമായ പ്രൊഫഷനുകള്‍ക്ക് അയയ്ക്കണം.

ജയിച്ചാല്‍ പുതുതായി വരുന്ന മലയാളികള്‍ക്കും മറ്റും ജോലി കണ്ടെത്തി കൊടുക്കാനുള്ള ഒരു എംപ്ലോയ്‌മെന്റ് സര്‍വീസും തുടങ്ങും. പഴയ ഒരു കഥയാണ്. നാട്ടില്‍ നിന്നു വിദ്യാഭ്യാസമില്ലാത്ത സഹോദരനെ സഹോദരി സ്‌പോണ്‍സര്‍ ചെയ്തു കൊണ്ടുവന്നു. തിന്നും ഉറങ്ങിയും കഴിയുന്ന സഹോദരനെ കുറച്ചു കഴിഞ്ഞപ്പോള്‍ ജോലി കണ്ടെത്താന്‍ ഇറക്കി വിട്ടു. അയാള്‍ ജോലി തേടി നടന്നിട്ട് ഒരു രക്ഷയുമില്ല. ഒരു മൃഗശാലയില്‍ (സൂ) ചെന്നപ്പോൾ  അവിടെ ഒരു ജോലിയുണ്ട്. കുരങ്ങിന്റെ വേഷമിടുക. അയാളത് സ്വീകരിച്ചു. അയാളുടെ പ്രകടനം കണ്ട് പിറ്റേ മാസം ഡബിള്‍ പ്രമോഷന്‍ കിട്ടി.

ഒരു ദിവസം ഊഞ്ഞാല്‍ പൊട്ടി അയാള്‍ സിംഹത്തിന്റെ കൂട്ടില്‍ വന്നു വീണു. സിംഹത്തിനെ നോക്കി അയാള്‍ പറഞ്ഞു: ‘ഇന്ത്യാ കമിംഗ്. ടു  ചില്‍ഡ്രന്‍, ഡോണ്ട് കില്‍ മീ.’

അതു കേട്ടപാടെ സിംഹം പറഞ്ഞു: എടാ മല്ലു ഞാന്‍ കല്ലുവാ. പതിയെ പറയടാ.’ എന്തായാലും ഇരുവരുടേയും മക്കളെല്ലാം  ഇന്ന് ഡോക്ടറും എന്‍ജിനീയറുമാണ്  എന്നതാണ് കഥ. ഇത് അവസരങ്ങളുടെ നാടാണ് എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് അത്.

മിക്ക മാതാപിതാക്കളും പറയുന്നത് മക്കള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ അമേരിക്കയില്‍ വന്നതെന്നാണ്. അതായത് തങ്ങള്‍ക്ക് വേണ്ടിയല്ല. മക്കള്‍ മുതിരുമ്പോള്‍ അതൊന്നും മറക്കരുത്. പ്രായമാകുമ്പോള്‍ മാതാപിതാക്കള്‍ക്ക് പൂച്ചെണ്ട് കൊടുക്കുന്നതിലല്ല കാര്യം. നേരത്തെ തന്നെ അവരോട് കരുതലാണ് ഉണ്ടാകേണ്ടത്. കാലവും തിരയും ആരേയും കാത്തിരിക്കുകയില്ല. -ബാബു സ്റ്റീഫന്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here