മുംബൈ:ഒരാഴ്ചയിലേറെയായി നീണ്ടുനിന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജിയോടെ പരിസമാപ്തി. വ്യാഴാഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെയാണ് താക്കറെ രാജിവെച്ചത്. വ്യാഴാഴ്ചത്തെ വിശ്വാസവോട്ടെടുപ്പ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഉദ്ധവിന്റെ രാജി പ്രഖ്യാപനം.

 

തനിക്ക് പിന്തുണ നല്‍കിയതില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ക്കും മറ്റു സംസ്ഥാന നേതാക്കള്‍ക്കും തന്നെ പിന്തുണച്ച സേനാ എംഎല്‍എമാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഭൂരിപക്ഷം എംഎല്‍എമാരും വിമതനീക്കം നടത്തിയതോടെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെ വീണത്. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേനയുടെ നേതൃത്വത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാവികാസ് അഘാഡി സര്‍ക്കാരിന് രൂപം കൊടുത്തത്. രണ്ടര വര്‍ഷത്തോളം നീണ്ട ഭരണത്തിനൊടുവിലാണ് സഖ്യസര്‍ക്കാര്‍ രാജിവെച്ചത്.

 

എംഎല്‍എസി തിരഞ്ഞെടുപ്പിന് പിന്നാലെ കഴിഞ്ഞ ആഴ്ചയാണ് ഒരു വിഭാഗം ശിവസേന എംഎല്‍എമാരുമായി ഷിന്ദേ ഗുജറാത്തി സൂറത്തിലേക്ക് കടന്നത്. തുടര്‍ന്ന് അവിടെ നിന്ന് ഗുവാഹാട്ടിയിലേക്ക് കടന്ന് എംഎല്‍എമാരുമായി ആഡംബര ഹോട്ടലില്‍ തമ്പടിച്ചിരുന്നു. ഗവര്‍ണര്‍ വിശ്വാസ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെ വിമതര്‍ ഇന്ന് വൈകീട്ടോടെ ഗോവയിലേക്ക് തിരിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച മുംബൈയിലേക്ക് തിരിക്കാനായിരുന്നു പദ്ധതി.

സുപ്രീംകോടതി വിധിക്ക് തൊട്ടുമുമ്പായി മന്ത്രിസഭായോഗം വിളിച്ച് ഉദ്ധവ് നിര്‍ണായ തീരുമാനങ്ങളെടുത്തിരുന്നു. മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റുന്നതിന് അംഗീകാരം നല്‍കി. ഔറഗാംബാദിന്റെ പേര് സംഭാജിനഗര്‍ എന്നും ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് പേര് മാറ്റിയത്. നവി മുംബൈയിലെ പുതിയ വിമാനത്താവളത്തിന് ഡി.ബി. പാട്ടീലിന്റെ പേര് നല്‍കാനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here