മുംബൈ : മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി സഖ്യസർക്കാർ രാജിവച്ചു, ഇന്ന് രാത്രി മുഖ്യമന്ത്രിയിൽ ഉദ്ധവ് താക്കറെ നടത്തിയ വിടവാങ്ങൽ പ്രസംഗത്തോടെയാണ് നാടകീയമായി രാജി പ്രഖ്യാപിച്ചത്. ഇതോടെ ശിവസേന, എൻ സി പി , കോൺഗ്രസ് പാർട്ടികൾ ഒരുമിച്ച് ബി ജെ പി വിരുദ്ധ സഖ്യസർക്കാർ നിലം പതിക്കുകയായിരുന്നു. വിശ്വാസവോട്ടിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കവേയാണ് ഉദ്ധവ് സർക്കാർ രാജിവച്ചത്. കാർഷിക വായ്പകൾ എഴുതിതള്ളിയതുൾപ്പെടെയുള്ള ഒട്ടേറെ ജനക്ഷേമ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും ശിവസേനയുടെ സ്ഥാപകനായ ബാൽതാക്കറെ വളർത്തിവലുതാക്കിയവർ തന്നെയാണ് തന്നെ പിന്നിൽ നിന്നും കുത്തിയതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
2019 ലാണ് മഹാരാഷ്ട്രയിൽ ബി ജെ പി സഖ്യം വിട്ട് പുതിയ സഖ്യമുണ്ടാക്കാൻ ശിവസേന തയ്യാറായത്.  ബി ജെ പിയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ശിവസേന ബി ജെ പി ബന്ധം അവസാനിപ്പിക്കാൻ വഴിവച്ചത്. താക്കറെ സർക്കാരിനെ അധികാരത്തിൽ നിന്നും ഒഴിവാക്കാനായത് ബി ജെ പിക്ക് മധുമുള്ള പ്രതികാരമായിരുന്നു. ഉദ്ധവ് താക്കറെയുടെ സർക്കാരിനേറ്റ തിരിച്ചടി താക്കറെ കുടുംബത്തിനേറ്റ കനത്ത ആഘാതമായി.
ഏകനാഥ് ഷിന്റെയുടെ നേതൃത്വത്തിൽ ശിവസേനയിൽ കലാപമുയർത്തിയപ്പോൾ ബി ജെ പിയുടെ സഹായവുമെത്തി. ഇതോടെ ഉദ്ധവ് സർക്കാർ നിലം പതിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.

ഭരണ കക്ഷി എം എൽ എമാരിൽ പകുതിയിലേറെ കൂറുമാറിയ സാഹചര്യത്തിലാണ് ഉദ്ധവ് താക്കറെ സർക്കാർ പ്രതിസന്ധിയിലായത്. വിമത എം എൽ എമാർ ഉത്തർ പ്രദേശിലെ സൂറത്തിലേക്ക് പോവുകയും താക്കറെ സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തതോടെ മഹാവികാസ് അഗാഡി സഖ്യസർക്കാർ പ്രതിസന്ധിയിലായി.

വിമത വിഭാഗത്തിനൊപ്പം കൂടുതൽ ശിവസേന എം എൽ എമാർ കൂറുമാറി എത്തിയതോടെ ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി  ഒഴിഞ്ഞിരുന്നു. ഇതോടെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിപദം വിട്ടൊഴിയുമെന്നുള്ള പ്രചാരണം ശക്തമായിരുന്നു.

ഭൂരിപക്ഷം നഷ്ടപ്പെട്ട സർക്കാരാണ് തുടരുന്നതെന്നും, ശിവസേനയുടെ ഹിന്ദുത്വ അജണ്ട കൈമോശം വന്നുവെന്നുമായിരുന്നു വിമതരുടെ ആരോപണം. വിമതരെ അയോഗ്യരാക്കാനുള്ള നീക്കം തുടരുന്നതിനിടെയാണ് ഉദ്ധവ് താക്കറയോട് വിശ്വാസവോട്ട് തേടണമെന്ന് ഗവർണർ ആവശ്യപ്പെട്ടത്.

കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കും എൻ സി പി അധ്യക്ഷൻ ശരത് പവാറിനും ഉദ്ധവ് താക്കറെ നന്ദി അറിയിച്ചാണ് രാജി പ്രഖ്യാപനം.  
സോണിയാ ഗാന്ധിക്കും ശരദ് പവാറിനും നന്ദി. ബാൽ താക്കറെയുടെ സ്വപ്നത്തിനായാണ് താൻ പോരാടിയത്. യഥാർഥ ശിവസൈനികർ തനിക്ക് ഒപ്പമുണ്ട്. വിമതർക്ക് എല്ലാം നൽകി. ശിവസേനയെ സ്വന്തം നേട്ടത്തിനായി മാത്രം കണ്ടവരാണ് പാർട്ടി വിട്ടതെന്നും ഉദ്ധവ് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ട് നടത്താൻ പറഞ്ഞ ഗവർണർക്ക് നന്ദിയെന്ന് ഉദ്ധവ് പരിഹസിച്ചു.

ആരോടാണ് നിങ്ങൾക്ക് വൈരാഗ്യം? എന്ത് പ്രശ്‌നമുണ്ടെങ്കിലും നേരിട്ട് ചർച്ച നടത്താമായിരുന്നു എന്ന് വിമതരോട് ഉദ്ധവ് പറഞ്ഞു. ബിജെപി ഇടപെട്ട് 24 മണിക്കൂറിനകം വിശ്വാസവോട്ട് തേടണമെന്ന് നിർദ്ദേശിച്ചു. ശിവസേനാ പ്രവർത്തകർ അമർഷത്തിലാണ്. ജനാധിപത്യം നമ്പറുകൾ കൊണ്ടുള്ള കളിയാണോ ? തനിക്ക് ആ കളിയിൽ താത്പര്യമില്ലെന്നായിരുന്നു ഉദ്ദവിന്റെ വാക്കുകൾ.
ഉദ്ധവ് സർക്കാർ ഔറങ്കാബാദിന്റ പേര് സാംബാജി നഗർ എന്നാക്കുന്നതുൾപ്പെടെ ഏറെ നിർണായകമായ തീരുമാനങ്ങൾ കൈക്കൊണ്ടതിനുശേഷമാണ് രാജി.

LEAVE A REPLY

Please enter your comment!
Please enter your name here