മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ വീണ്ടും ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേക്ക്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ദേവേന്ദ്ര ഫഡ്നവിസ് ഇന്ന് ഗവര്‍ണറെ കണ്ടേക്കും. ഇത് മൂന്നാം തവണയാണ് ദേവേന്ദ്രഫട്നാവിസ് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയാവുന്നത്. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും എന്ന് ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. നടപടികള്‍ രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.

ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ ഇന്നലെ രാത്രി രാജിപ്രഖ്യാപനം നടത്തിയതോടെ ഇന്ന് നടക്കേണ്ടിയിരുന്ന വിശ്വാസ വോട്ടെടുപ്പ് ഒഴിവായിരുന്നു. അതിനിടെ വിമത ശിവസേന എം എല്‍ എമാരോട് ഉടന്‍ മുംബൈയില്‍ എത്തേണ്ടതില്ലെന്ന് ബിജെപി വ്യക്തമാക്കി. സത്യപ്രതിജ്ഞാ ദിവസം എത്തിയാല്‍ മതിയെന്നാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ മഹരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വീഴുമ്പോള്‍ രാഷ്ട്രീയ നാടകങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. അധികാരം നിലനിര്‍ത്തുക എന്ന കടുത്ത സമ്മര്‍ദ്ദത്തില്‍ ഈ ദിവസങ്ങളില്‍ നീങ്ങിയ ഉദ്ധവ് ഇനിയുള്ള ദിവസങ്ങളില്‍ പിന്നില്‍ നിന്നും കുത്തിയ ശിവസേനക്കാരോട് കണക്ക് തീര്‍ക്കാനാനും ശ്രമിക്കുക.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നിയമസഭാ കൗണ്‍സില്‍ അംഗത്വത്തില്‍ നിന്നും രാജിവച്ച താക്കറെ ശിവസേന പ്രവര്‍ത്തകരെ വൈകാരികമായി ഉണര്‍ത്താനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. തീര്‍ത്തും വൈകാരികമായ രാജിപ്രഖ്യാപന പ്രസംഗത്തില്‍ ഉടനീളം സാധാരണക്കാരായ ശിവസേന പ്രവര്‍ത്തകരെ സ്പര്‍ശിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. മഹാരാഷ്ട്ര മന്ത്രിസഭയിലെ മന്ത്രിമാരില്‍ ഇനി മകന്‍ ആദിത്യ താക്കറെ മാത്രമാണ് അദ്ദേഹത്തിനൊപ്പമുള്ളത്. അവശേഷിച്ച ശിവസേന എംഎല്‍എമാരുമായി ഷിന്‍ഡേ ക്യാംപിനെതിരെയുള്ള പോരാട്ടത്തിന് ഉദ്ധവ് താക്കറെ തുടക്കം കുറിക്കും.

രാജിവയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടേയും വിമാനത്താവളങ്ങളുടേയും പേരുകള്‍ മാറ്റാന്‍ തീരുമാനമെടുത്തിരുന്നു. ഇതിലൂടെ ശിവസേന മുന്നോട്ട് വയ്ക്കുന്ന മണ്ണിന്റെ മക്കള്‍ വാദത്തിലും ഹിന്ദുത്വ നയങ്ങളിലും താന്‍ ഉറച്ചു നില്‍ക്കും എന്ന സന്ദേശമാണ് താക്കറെ നല്‍കുന്നത്. നിയമസഭയിലേക്ക് കാര്യങ്ങള്‍ എത്തിക്കാതെ നേരത്തെ രാജിവയ്ക്കുക വഴി പാര്‍ട്ടി പിളര്‍ന്നുവെന്ന ചിത്രം പുറത്തു വരാതിരിക്കാനാണ് ഉദ്ധവ് ശ്രമിച്ചത്.

മുന്‍പ് അധികാരത്തിലുണ്ടായിരുന്ന ബിജെപി -ശിവസേന സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിനും ശിവസേന മന്ത്രിയായിരുന്ന ഏക്നാഥ് ഷിന്‍ഡേയും തമ്മില്‍ മികച്ച വ്യക്തിബന്ധം രൂപപ്പെട്ടിരുന്നു. അജിത്ത് പവാറിനെ ഒപ്പം നിര്‍ത്തി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം വന്‍പരാജയമായേതോടെ കഴിഞ്ഞ രണ്ടര വര്‍ഷമായി അണിയറയ്ക്ക് പിറകില്‍ നിന്ന് ദേവേന്ദ്ര ഫ്ഡാനവിസും ബിജെപിയും കളിക്കുന്നുണ്ടായിരുന്നു.

ഷിന്‍ഡേയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയ ഫഡ്നാവിസ് ശിവസേനയെ പിളര്‍ത്തുന്നതില്‍ വിജയിച്ചു. ആദ്യഘട്ടത്തില്‍ തനിക്കൊപ്പം 12 എംഎല്‍എമാര്‍ വരും എന്ന് ഷിന്‍ഡേ ബിജെപി നേതൃത്വത്തെ അറിയിച്ചത് എന്നാണ് സൂചന. എന്നാല്‍ ഇപ്പോള്‍ ഉദ്ധവ് രാജിവയ്ക്കുമ്പോള്‍ 39 എംഎല്‍എമാര്‍ ഷിന്‍ഡേയ്ക്ക് ഒപ്പമുണ്ട്. ഇത്രവലിയൊരു കരുനീക്കം അണിയറയില്‍ നടന്നിട്ടും അക്കാര്യം അറിയാന്‍ ഉദ്ധവ് താക്കറെയ്ക്കോ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കോ കഴിഞ്ഞില്ല എന്നതാണ് കൗതുകകരം. ശിവസേന ഫലത്തില്‍ പിളര്‍പ്പിലായതോടെ ആരാണ് ഔദ്യോഗിക പക്ഷം എന്നതിലാണ് ഇനി വ്യക്തത വരേണ്ടത്. നിയമ പരമായി പിളര്‍പ്പിന് അംഗീകാരം ലഭിച്ചില്ലെങ്കില്‍ ബി ജെ പിയില്‍ വിമതര്‍ ലയിക്കേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here