ഷാഹിത റഫീക്
ചിലർ ഇങ്ങനെയാണ്, ചുറ്റുമുള്ളവരുടെ ജീവിതത്തിൽ പ്രകാശം പരത്തി അങ്ങനെയങ്ങു നിറഞ്ഞു നിൽക്കും. അവരുടെ ചുറ്റും എപ്പോഴും ഒരു പോസിറ്റീവ് എനർജി വലയം വച്ചുകൊണ്ടേയിരിക്കും, മഞ്ഞിലും മഴയത്തും അണയാത്ത ഒരു ജ്വാല പോലെ.
നട്ടുച്ചയ്ക്ക് ഭക്ഷണപ്പാത്രത്തിലേക്ക് കയ്യിടുമ്പോൾ , “ക്ലയന്റ് ഉണ്ട് ” എന്ന റിസെപ്ഷനിസ്റ്റിന്റെ വാക്കുകൾ എന്നിൽ അമർഷമാണ് ഉണ്ടാക്കിയത് . കാത്തിരിക്കാൻ പറയാമെന്ന് ആദ്യം വിചാരിച്ചെങ്കിലും അതിനു നിൽക്കാതെ എഴുന്നേറ്റു ചെന്നു .
ഒരു അമ്മയും മകളും, “പ്രോഗ്രാമിനെക്കുറിച്ചു അറിയാൻ…” എന്റെ മുഖം കണ്ടാവണം മകൾ പാതിവഴിയിൽ നിർത്തി . ഒഴിവുള്ള ഒരു മുറിയിലേക്ക് അവരെയിരുത്തി സ്വന്തം മുഖത്ത് ഞാൻ ഒരു ചിരി ചേർത്തൊട്ടിച്ചുവെച്ചു . “ആദ്യം എനിക്ക് നിങ്ങളുടെക്കുറിച്ചുള്ള ചില വിവരങ്ങൾ വേണം , എന്നാലേ എലിജിബിൾ ആണോയെന്ന് പറയാനാവൂ “.
ആശ്വാസഭാവത്തിൽ മകൾ പറഞ്ഞു, “അമ്മയ്ക്ക് ഇംഗ്ലീഷ് അത്ര പെട്ടെന്ന് മനസ്സിലാവില്ല, അത് കൊണ്ട് ഞാൻ പരിഭാഷപ്പെടുത്തിക്കൊടുത്തോട്ടേ ?”. “എത്ര അംഗങ്ങളുണ്ട് വീട്ടിൽ?” അറിയാവുന്ന ഇംഗ്ലീഷിൽ മുഖത്ത് ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞു , “ഭർത്താവും അഞ്ചു മക്കളും. എനിയ്ക്ക് പെട്ടെന്നൊരു ജോലി വേണം, അതിനു വേണ്ട ഒരു ട്രെയിനിംഗ് ആണ് വേണ്ടത്”.
സാധാരണയായി ഈ ഓഫീസ് തേടിവരുന്നവരുടെ ആവശ്യങ്ങൾ പലതാണ് . ഒട്ടനവധി സ്വപ്നങ്ങളുമായി ക്യാനഡയിലോട്ടു കുടിയേറി ഒടുവിൽ വഴിമുട്ടുമ്പോൾ വന്നെത്തുന്നവരാണ് ഭൂരിഭാഗവും . നല്ല വിദ്യാഭ്യാസവുമായി വന്ന് എങ്ങനെ കനേഡിയൻ അവസരങ്ങൾ ഉപയോഗപ്പെടുത്താം എന്നറിയാൻ വരുന്നവരുമുണ്ട് . ഇത് രണ്ടുമല്ലാതെ എങ്ങനെ ഗവണ്മെന്റിന്റെ ആനുകൂല്യങ്ങൾ മാത്രമുപയോഗിച്ചു സുഖമായി ജീവിക്കാം എന്നതിൽ ഗവേഷണം നടത്തുന്ന അതിബുദ്ധിമാന്മാരുമുണ്ട് .
വരുന്നവർ ഏതുവിഭാഗത്തിൽപ്പെടുന്നുവെന്നു എളുപ്പത്തിൽ മനസ്സിലാക്കാനുള്ള ചില നുറുങ്ങുവിദ്യകൾ നമ്മുടെ കയ്യിലും റെഡിയാണ് .
“കുട്ടികളുടെ പ്രായം , ഭർത്താവിന്റെ വരുമാനം, ഇതൊക്കെ അറിയണം ” വിവരങ്ങൾ ബുക്കിലേക്ക് എഴുതുന്നതിനിടയിൽ തലയുയർത്താതെ ഞാൻ പറഞ്ഞു .
“അച്ഛൻ സുഖമില്ല , വീൽ ചെയറിലാണ് , കഴിഞ്ഞ എട്ടു വർഷമായി”, മകളുടെ മറുപടികേട്ട് സ്തബ്ധയായി ഞാൻ മുഖമുയർത്തി.
അവളെ ഒന്ന് തലോടി അമ്മ ബാക്കി പറഞ്ഞു , “മൂത്തതു രണ്ടും ആൺകുട്ടികളാണ്, 22 വയസ്സ് , ഇരട്ടകളാണ്. അടുത്ത മോൾക്ക് 17 വയസ്സ് , ഇവൾക്ക് 15. ഇവളുടെ ഇളയത് മോനാണ് 12 വയസ്സ് “.
“കുട്ടികൾ ആരെങ്കിലും ജോലി ചെയ്യുന്നുണ്ടോ?” മുഖത്തെ പുഞ്ചിരിക്ക് ഒട്ടും മങ്ങലേൽക്കാതെ അവർ പറഞ്ഞു , “മൂത്ത രണ്ടാണ്മക്കളും മോളും ജന്മനാ ബധിരരും മൂകരുമാണ് . ഇവൾ പത്താം ക്‌ളാസ്സിൽ പഠിക്കുന്നു , ഇവളുടെ ഇളയത് ശരീരം ഒരു വശം തളർന്നു വീൽച്ചെയറിലാണ് , എങ്കിലും സ്പെഷ്യൽ സ്കൂളിൽ പോകുന്നുണ്ട്. “
അവരുടെ വാക്കുകൾ കേട്ട് എനിക്ക് നെഞ്ചിൽ എന്തോ വന്നു തടഞ്ഞു ശ്വാസം മുട്ടുന്നതുപോലെ തോന്നി, പേന താഴെ വച്ച് ഞാൻ ആ അമ്മയെ നോക്കി , അവരുടെ മുഖത്തെ പുഞ്ചിരിക്ക് ഒട്ടും മങ്ങലില്ല . ആ പെൺകുട്ടി ജനലിലൂടെ ദൂരേക്ക് നോക്കിയിരിക്കുന്നു .
“നിങ്ങൾ എങ്ങനെ….”. ഞാൻ മുഴുമിപ്പിച്ചില്ല. നിലയില്ലാത്തൊരു സമുദ്രത്തിൽ പ്പെട്ട ഒരു തോണിയിലെ യാത്രക്കാരെപ്പോലെ അവർ തോന്നിച്ചു.
“ഭർത്താവ് ട്രക്ക് ഡ്രൈവർ ആയിരുന്നു , സന്തോഷമായും സ്വസ്ഥമായുമാണ് ജീവിച്ചു പോന്നത്. വൈകല്യവുമായി മൂത്ത രണ്ടുകുട്ടികൾ ഉണ്ടായപ്പോൾ ഞാൻ വളരെ സങ്കടപ്പെട്ടു.പക്ഷേ അദ്ദേഹം പറഞ്ഞത് നോക്കുമെന്നുറപ്പുള്ള നല്ല മനസ്സുള്ളവർക്കേ ദൈവം ഇത്തരം കുട്ടികളെ കൊടുക്കൂ എന്നാണ് . അടുത്ത കുട്ടികൂടി അങ്ങനെയായപ്പോഴും അദ്ദേഹം തളർന്നില്ല. “
“പിന്നീടാണ് ഇവളുണ്ടായത് . അന്ന് ഞങ്ങൾ വളരെയേറെ സന്തോഷിച്ചു . ജീവിതത്തിൽ പ്രതീക്ഷിക്കുവാൻ എന്തെങ്കിലുമൊക്കെ ഉണ്ടെന്നു തോന്നിത്തുടങ്ങി . പിന്നീട് മോനുണ്ടായപ്പോൾ, അവന്റെ കരച്ചിൽ കേട്ടപ്പോൾ വീണ്ടും ദൈവത്തിനു നന്ദി പറഞ്ഞു. പക്ഷേ തൊട്ടടുത്തദിവസ്സം കുഞ്ഞിനെ പരിശോധിക്കാനെത്തിയ ഡോക്ടർ അതിനു ശേഷം മുറിയിലേക്ക് വിളിപ്പിച്ചു ഭർത്താവിനോട് സംസാരിച്ചു . തിരികെയെത്തിയ അദ്ദേഹം എന്റെ കൈ പിടിച്ചു , വീണ്ടും നമ്മൾ നന്മയുള്ളവരാണെന്ന് ദൈവം തീർച്ചപ്പെടുത്തിയിരിക്കുന്നു. മോൻ ഒരിക്കലും എഴുന്നേറ്റു നടക്കില്ല “.
അൽപ്പനിമിഷത്തേക്കു അവർ കണ്ണുകൾ അടച്ചു, സെക്കൻഡുകൾ നീണ്ട ഒരു മൗനം വെടിഞ്ഞു വീണ്ടും തുടർന്നു . “ആദ്യത്തെ കുറച്ചുദിവസങ്ങൾക്കു ശേഷം ഞാൻ എന്നെത്തന്നെ ബോധ്യപ്പെടുത്തി . എന്റെ മക്കളാണിവർ, എന്റെ ജീവന്റെ അംശങ്ങൾ , എന്ത് കുറവുണ്ടായാലും അവർ എന്റേതാണ്.”
“നിങ്ങളുടെ ഭർത്താവിന് എന്തു പറ്റി ?” ചോദിക്കുന്നത് ശരിയാണോയെന്ന സംശയം പോലും തോന്നാതെ ഉള്ളിലെ പിടച്ചിൽ പുറത്തേക്കു വന്നുപോയി .
“ഉറങ്ങിപ്പോയതാണ് , ഡ്രൈവിങ്ങിനിടയിൽ. തലേദിവസം മോന് നല്ല സുഖമില്ലായിരുന്നു , വല്ലാത്ത കരച്ചിലായിരുന്നു . രാത്രിമുഴുവൻ അവനെക്കൊണ്ടു നടന്നു , എന്നോട് ഉറങ്ങിക്കൊള്ളാൻ പറഞ്ഞു അദ്ദേഹം ഉണർന്നിരുന്നു . അടുത്തദിവസം ഒരു ദീർഘദൂര ഓട്ടമുണ്ടായിരുന്നു . ഒരു നിമിഷത്തെ കണ്ണടയ്ക്കൽ…. എന്നെ താങ്ങിനിർത്തിയ കൈകൾ തളർന്നുവീണു . ഒരു രാത്രികൊണ്ട് എന്റെ ജീവിതം വലിയൊരു നടുക്കയത്തിലേക്ക് …. “
“… പക്ഷേ, ആസ്പത്രിയിൽ നിന്നും അദ്ദേഹത്തെ വീട്ടിലേക്കെത്തിച്ചപ്പോൾ ഞാൻ തീരുമാനിച്ചിരുന്നു ,ഇതാണ് ജീവിതം , എനിക്ക് തിരുത്താനോ മാറ്റിയെഴുതാനോ സാധിക്കാത്ത എന്റെ ജീവിതം. ഇനി കരയില്ല ഞാൻ. കാരണം ദൈവം വീണ്ടും എന്നെ തിരഞ്ഞെടുത്തുകഴിഞ്ഞിരിക്കുന്നു ” അവർ പറഞ്ഞുനിർത്തി .
അവർ കാണാതെ മേശപ്പുറത്തിരുന്ന ടിഷ്യു പേപ്പർ വലിച്ചെടുക്കാൻ ഞാൻ ഒരു ശ്രമം നടത്തി. ഭാവഭേദമില്ലാതെ എന്റെ നേരെ പേപ്പർ നീട്ടി അവർ തുടർന്നു , “ഭർത്താവിനു കിട്ടിക്കൊണ്ടിരിക്കുന്ന ഗവണ്മെന്റ് സഹായം കുറഞ്ഞുവരികയാണ് . കുട്ടികൾക്കുണ്ടായിരുന്ന ഹോം സ്കൂളിംഗ് നിർത്തിയിരിക്കുകയാണ് . ഇവളും ഇളയ മോനും മാത്രം സ്കൂളിൽ പോകുന്നുണ്ട് . നല്ല സാമ്പത്തിക ബുദ്ധിമുട്ടുണ്ട് . രണ്ടുദിവസ്സം ക്ലീനിംഗ് ജോലിക്കു പോകുന്നുണ്ട് , പക്ഷേ അത് മതിയാകുന്നില്ല . അതുകൊണ്ടാണ് . നിങ്ങൾക്കു സഹായിക്കാൻ കഴിയുമെങ്കിൽ….”
“ഞാൻ ശ്രമിക്കാം “ഉള്ളിൽതട്ടിത്തന്നെയാണ് പറഞ്ഞത്. വിവരങ്ങൾ ശേഖരിച്ചു മീറ്റിംഗ് മതിയാക്കി ഞാൻ എഴുന്നേറ്റു. അവരെ ചേർത്തു നിർത്തിക്കൊണ്ടു പറഞ്ഞു “നിങ്ങൾ ഒരു അത്ഭുതമാണ്. ഇങ്ങനെ പുഞ്ചിരിക്കുവാൻ എങ്ങനെ കഴിയുന്നു ?”
മകളെ ചേർത്തു നിർത്തി അവർ പറഞ്ഞു , “എന്റെ മക്കളാണ് എന്റെ ശക്തി. ഒരേ ഒരിടത്തേ ഞാൻ തളർന്നുപോവൂ , കളിക്കൂട്ടുകാരനായി പിന്നീട് ഭർത്താവായി മാറിയ അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും ഇടയ്ക്കിടെ പൊഴിയുന്ന നീർത്തുള്ളികൾ കാണുമ്പോൾ..” നനവ് പടർന്ന കൺപീലികൾ തുടച്ചു.
അവർ ബാഗിൽ നിന്നും ഒരു സർട്ടിഫിക്കറ്റ് എടുത്തു , “എനിക്ക് കിട്ടിയ അവാർഡാണ് , ഇമിഗ്രന്റ്‌സ് ഏജൻസിയിൽ നിന്നും.”
ഞാൻ ആ പേപ്പർ വാങ്ങി നോക്കി , “”strongest mom ” അവാർഡ് .
ചിരിച്ചുകൊണ്ട് യാത്രപറഞ്ഞു ഇറങ്ങുന്ന അവരെ ഒന്നു മുറുകെ കെട്ടിപ്പിടിക്കണമെന്നു എനിക്കു തോന്നി . ആവശ്യങ്ങളുമായി എത്തുന്നവരോട് സംസാരിക്കുമ്പോൾ അവരുടെ സങ്കടങ്ങൾ മനസ്സിലേക്ക് എടുക്കരുതെന്നും അവർ പോയിക്കഴിയുമ്പോൾ നമ്മൾ നമ്മളിലേക്കുതന്നെ തിരിച്ചുവരണമെന്നും ഒക്കെയുള്ള ജോലിയുടെ ബാലപാഠങ്ങൾ ഞാൻ വീണ്ടും മറന്നുപോയി .
ട്രെയിനിൽ വീട്ടിലേക്ക് മടങ്ങവേ ഞാൻ ആലോചിക്കുകയായിരുന്നു, പലപ്പോഴും ജീവിതത്തിലെ അനുഗ്രഹങ്ങൾ മറന്നുപോകുമ്പോൾ ഇങ്ങനെ ചിലർ നടന്നു കയറിവന്ന് നമ്മളോട് വിളിച്ചുപറയുകയാണ് , “ഇങ്ങോട്ടു നോക്കൂ ” എന്ന് .
അന്ന് രാത്രി കാർക്കശ്യങ്ങൾ മറന്നു ഞാനെന്റെ മക്കളുടെ ഉറങ്ങുന്ന കണ്ണുകളിൽ ഉമ്മ വെച്ചു. പരാതികളില്ലാതെ എന്റെ സുരക്ഷിതത്തിന്റെ നെഞ്ചിൽ മുഖം ചേർത്തുറങ്ങി

LEAVE A REPLY
Must Read
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു
പി പി ചെറിയാൻ
വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
so touching
Very easily readable. Thoughtful and touchy…
ജീവിതം നമ്മൾ കാണുന്നതിൽ നിന്നും വളരെ വ്യത്യസ്തമാണ്. നെഞ്ചുപിടയുമ്പോൾ ആ പിടച്ചിലൊടുങ്ങും മുൻപ് അടുത്തയാളെത്തും. അവസാനമില്ലാത്ത ജീവിത കഥകൾ.
So many people around us, carry lives in so many different ways. This story ripped my heart! Why am I complaining? God bless this family ?