ഉപയോക്താക്കളുടെ ലൊക്കേഷൻ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട നിർണായകമായ ഒരു അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഇനി മുതൽ ചില പ്രത്യേക സ്ഥലങ്ങൾ സന്ദർശിച്ചാൽ അത് ഗൂഗിളിന്റെ ലൊക്കേഷൻ ഹിസ്റ്ററിയിൽ രേഖപ്പെടുത്തില്ല, പിന്നീട് അത് പൂർണമായും ഫോണിൽ നിന്നോ ഉപയോഗിക്കുന്ന ഉപകരണത്തിൽ നിന്നോ നീക്കം ചെയ്യപ്പെടുകയും ചെയ്യും. ഗർഭച്ഛിദ്ര കേന്ദ്രങ്ങൾ, ഡിഅഡിക്ഷൻ സെന്ററുകൾ, ഫെർട്ടിലിറ്റി സ്ഥാപനങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള ക്ലിനിക്കുകൾ എല്ലാം ഇക്കൂട്ടത്തിൽപ്പെടും. പ്രധാനമായും അമേരിക്കൻ പൗരന്മാരെ ഉദ്ദേശിച്ചാണ് ഇത്തരം ഒരു അപ്ഡേഷൻ ഗൂഗിൾ കൊണ്ടുവരുന്നതെങ്കിലും ലോകമാകമാനം ഇത് ബാധകമായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഗൂഗിൾ സീനിയർ വൈസ് പ്രസിഡന്റ് ജെൻ ഫിറ്റ്സ്പാട്രിക്ക് തന്റെ ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അമേരിക്കയിലെ സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങൾ ഇല്ലാതാക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ഗൂഗിളിന്റെ പുതിയ തീരുമാനം എത്തുന്നത്. അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങൾ ഈ വിധിയെ പിന്തുടർന്ന് ഗർഭച്ഛിദ്രം നിരോധിക്കാനുള്ള പുറപ്പാടിലാണ്. ഭാവിയിൽ ഇത്തരം കേസുകളിൽ സ്ത്രീകൾ ഗർഭച്ഛിദ്രം നടത്തിയോ എന്ന് കണ്ടുപിടിക്കുന്നതിന് ഗൂഗിളിന്റെ ലൊക്കേഷൻ ഹിസ്റ്ററി വലിയൊരു തെളിവായി സ്വീകരിക്കപ്പെടും. ഇത് ഒഴിവാക്കാനാണ് ഗൂഗിൾ ഒരു മുഴം നീട്ടിയെറിയുന്നത്.

മാത്രമല്ല അമേരിക്കയുടെ സുപ്രീം കോടതി വിധിക്കെതിരായ തങ്ങളുടെ നിലപാട് കൂടിയാണ് ഗൂഗിൾ ഇത്തരമൊരു അപഡേഷനിലൂടെ പറയാതെ പറയുന്നത്. അമേരിക്കയിൽ മൈക്രോസോഫ്റ്റ്, മെറ്റ, നെറ്റ്ഫ്ളിക്സ്, സൂം മുതലായ നിരവധി അന്താരാഷ്ട്ര കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് ഗർഭച്ഛിദ്രം നടത്താനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുമെന്ന് പരസ്യമായ നിലപാട് സ്വീകരിച്ചപ്പോഴും ഗൂഗിൾ നിശബ്ദമായിരുന്നു. എന്നാൽ തങ്ങളും അമേരിക്കൻ കോടതി ഉത്തരവിനെതിരെയാണെന്ന് വ്യക്തമാക്കുകയാണ് ഓൺലൈൻ രംഗത്തെ ഭീമൻ.

LEAVE A REPLY

Please enter your comment!
Please enter your name here