ഫ്രാൻസിസ് തടത്തിൽ 


ഓര്‍ലാണ്ടോ: ഫൊക്കാന വേദികളെ മനോഹാരിമാക്കിയ ദിവസമായിരുന്നു കലാദേവത നിറഞ്ഞാടിയ ഫൊക്കാന കണ്‍വന്‍ഷന്റെ രണ്ടാം ദിനം. പാരിസ് ലക്ഷ്മി എന്ന വിദേശിയായ നർത്തകി ഭാരതനാട്യമെന്ന ഇന്ത്യൻ കലാരൂപത്തെ ശൃംഗാര- ലാസ്യ- ലയ- ഭാവങ്ങളാൽ മനം മയന്ന കാണികളെ സാക്ഷിയാക്കി അരങ്ങില്‍ നിറഞ്ഞു നിന്നപ്പോൾ രണ്ടാം ദിനം ജന ഹൃദയഹാരിയായി മാറി. രണ്ടാം ദിനത്തിൽ കലാമാമാങ്കത്തിനൊപ്പം തെരഞ്ഞടുപ്പ് മാമാങ്കത്തിന്റെ ആവേശവും കൂടിയായപ്പോൾ രണ്ടാം ദിനം അക്ഷരാർത്ഥത്തിൽ പൊടിപൂരമായി മാറിയിരുന്നു.
 
ഇലക്ഷനിലെ മത്സരത്തിന്റെ പൊടിപടലങ്ങൾ  ഒരുഭാഗത്ത് ഉയരുമ്പോഴും വാഗ്‌ദേവത വിവിധ വേദികളെ സജീവമാക്കുന്ന കാഴ്ചയായിരുന്നു ഇന്നലെ കാണാൻ കഴിഞ്ഞത്. സാഹിത്യ സമ്മേളനം മുതല്‍ വിവിധ കലാമത്സരങ്ങള്‍ വരെ അരങ്ങുകളെ സമ്പന്നമാക്കിയപ്പോള്‍ ഏതില്‍ പങ്കെടുക്കണമെന്നറിയാതെ കാണികളും വിഷമിച്ചു. സമയക്കുറവു മൂലം പല വേദികളിലായിട്ടായിരുന്നു വിവിധ പരിപാടികൾ നടന്നത്. ഓരോരുത്തരുടെയും താല്പര്യത്തിനനുസരിച്ച്  ബ്രേക്ക് അപ്പ് പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചുവെന്നതാണ്  സത്യം. 
വളരെക്കാലത്തിനുശേഷം ഇത്രയുമധികം ആളുകള്‍ ഒത്തുകൂടുന്ന സമ്മേളനം പലര്‍ക്കും അപൂര്‍വ്വ അനുഭവമായി. കോവിഡിനെ എല്ലാവരും മറന്നു. മാസ്ക് എവിടെയുമില്ല.

ഏറെക്കാലത്തിനുശേഷം ഫൊക്കാന പഴയ പ്രൗഡിയും ജനപങ്കാളിത്തവും തിരിച്ചെടുത്തുവെന്ന് തെളിയിക്കുന്നതായിരുന്നു സമ്മേളനം. പ്രസിഡന്റ് ജോര്‍ജി വര്‍ഗീസിനും സെക്രട്ടറി സജിമോന്‍ ആന്റണിക്കും ടീമിനും അഭിമാനിക്കാം.

രാവിലെ നടന്ന സാഹിത്യ സമ്മേളനം വ്യത്യസ്ത അനുഭമായിരുന്നെന്ന് നാട്ടില്‍ നിന്നെത്തിയ എഴുത്തുകാരി ഡോ. പ്രമീളാദേവി തന്നെ സാക്ഷ്യപ്പെടുത്തി. ഉച്ചയ്ക്ക് നടന്ന മലയാളി മങ്ക മത്സരത്തില്‍ പങ്കെടുത്തവരുടേയും കാണികളുടേയും എണ്ണം പതിവിലധികമായിരുന്നു.

കേരള ഭക്ഷണത്തിന്റെ ആലസ്യത്തിലായിരുന്നു വൈകിട്ടത്തെ പരിപാടികള്‍ തുടങ്ങിയത്. 1987-ല്‍ ഫൊക്കാന തുടങ്ങിയപ്പോഴത്തെ ട്രഷററും ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ തോമസ് തോമസ് ആമുഖ പ്രസംഗം നടത്തി. നാട്ടില്‍ നിന്നെത്തിയ നടന്മാരായ സുനില്‍കുമാര്‍, ദിനേശ് പണിക്കര്‍ എന്നിവര്‍ ഫൊക്കാന നേടിയെടുത്ത യശസ് ചൂണ്ടിക്കാട്ടി. ഇന്ത്യയും കേരളവും അമേരിക്കന്‍ മലയാളികളെപ്പറ്റി അഭിമാനംകൊള്ളുന്നതായി എഴുത്തുകാരി ഡോ. പ്രമീളാദേവി ചൂണ്ടിക്കാട്ടി. നിങ്ങള്‍ നേടിയെടുത്ത ജീവിത വിജയം നിസാര കാര്യമല്ല. മറ്റൊരു സംസ്‌കാരത്തില്‍ കഠിനാധ്വാനംകൊണ്ട് നേടിയതാണ് എല്ലാം. രണ്ടു കൈകളുമുയര്‍ത്തി നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. ഫൊക്കാനയുടെ വിജയം ഇവിടുത്തെ മലയാളികളുടെ മാത്രം വിജയമല്ല. അത് കേരളത്തിന്റേയും ഭാരതത്തിന്റേയും വിജയമാണ്. എവിടെ ചെന്നാലും പടര്‍ന്ന് പന്തലിക്കുന്ന മനുഷ്യന്റെ വിജയമാണ്. വിജയത്തിലേക്ക് കുതിക്കുന്ന ഫൊക്കാനയ്ക്ക് പ്രണാമമര്‍പ്പിക്കുന്നു.

രാജഗിരി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ഡോ. മാത്യു ജോണ്‍ ഫൊക്കാനയുമായി ചേര്‍ന്നുള്ള ഹെല്‍ത്ത് കാര്‍ഡിനെപ്പറ്റി സംസാരിച്ചു. അംഗത്വമെടുക്കുന്നവര്‍ക്ക് അതു പ്രയോജനം ചെയ്യും. വളരെ കുറഞ്ഞ ചെലവില്‍ വിവിധ മെഡിക്കല്‍ സൗകര്യങ്ങൾ  ലഭ്യമാകും.

നടന്‍ ദിനേശ് പണിക്കര്‍ സമ്മേളനം തുടങ്ങിയ ജൂലൈ ഏഴിന്റെ പ്രത്യേകത വിവരിച്ചു. 33 വര്‍ഷം മുമ്പ് താന്‍ നിര്‍മ്മിച്ച കിരീടം സിനിമ റിലീസ് ചെയ്ത ദിവസമായിരുന്നു. അന്നേദിനം തന്നെ ഇവിടെ എത്താന്‍ ക്ഷണം ലഭിച്ചപ്പോള്‍ ആഹ്ലാദമായി. പ്രതീക്ഷിച്ചതിലും അധികമാണ് ഫൊക്കാന എന്ന് ഇവിടെ വന്നപ്പോള്‍ മനസിലായി. ലോകമെങ്ങും ഫൊക്കാനയെ അറിയാം.

തുടര്‍ന്ന് നടന്ന പുസ്തക പ്രകാശനവും അവാര്‍ഡ് ദാനവും ശ്രദ്ധ പിടിച്ചുപറ്റി. മാധ്യമ പ്രവര്‍ത്തകനായ ഫ്രാന്‍സീസ് തടത്തില്‍ എഴുതിയ ‘നാലാം തൂണിനപ്പുറം: നിലക്കാത്ത മുളയിലേ ജ്വലിക്കുന്ന ഓർമ്മകൾ’  എന്ന ജീവചരിത്രപരമായ പത്രപ്രവര്‍ത്തന അനുഭവങ്ങള്‍ ജോണ്‍ ബ്രിട്ടാസ് എംപി ഫ്രാന്‍സീസിന്റെ ഉറ്റ സുഹൃത്ത് കൂടിയായ ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. ബ്ലഡ് കാന്‍സര്‍ എന്ന മാരക രോഗത്തില്‍ നിന്ന് പോരാടി വിജയിച്ച  ജീവിതാനുഭവങ്ങള്‍ ഫ്രാന്‍സീസ് വിവരിച്ചത് സദസിനെ നിശബ്ദമാക്കി.

സാഹിത്യ അവാര്‍ഡുകള്‍ ജോണ്‍ ബ്രിട്ടാസും, ഡോ. പ്രമീളാ ദേവിയും ചേര്‍ന്ന് വിതരണം ചെയ്തു. കഴിഞ്ഞ തവണ കണ്‍വന്‍ഷന്‍ നടക്കാത്തതിനാല്‍ ആ അവാര്‍ഡുകളും ഇത്തവണയാണ് നല്‍കിയത്. ഉമാ സജി, ജിന രാജേഷ്, ഷാഹിദ  റഫിക്, എം.പി ഷീല തുടങ്ങിയവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. അവാര്‍ഡ് കമ്മിറ്റി ചെയര്‍ ഫിലിപ്പോസ് ഫിലിപ്പ് സ്വാഗതം ആശംസിച്ചു. കോര്‍ഡിനേറ്റര്‍ ബന്നി കുര്യനായിരുന്നു.

സ്‌പോണ്‍സര്‍മാര്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ നല്‍കി. രണ്ടു വര്‍ഷം തന്നോടൊപ്പം പ്രവര്‍ത്തിച്ച ഭാരവാഹികളേയും കമ്മിറ്റി അംഗങ്ങളേയും പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് വേദിയിലേക്ക് ക്ഷണിച്ച് ആദരിച്ചത് വേറിട്ടതായി.

സദസിനെ പ്രകമ്പനം കൊള്ളിച്ച പാരിസ് ലക്ഷ്മി എന്ന അതുല്യ കലാകാരിയുടെ ഭരതനാട്യം ഹൃദയം കവര്‍ന്നു. എഴുപതോളം കലാകാരന്മാര്‍ അണിനിരന്ന നൃത്തങ്ങളാണ് തുടര്‍ന്ന് അരങ്ങേറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here