മിനി വിശ്വനാഥൻ  


മിഥുനം പെയ്ത് തീരാനാവുമ്പോഴേ കർക്കിടകത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ്.  സംക്രമത്തിന് മുന്നേ മുറ്റത്തെ പുല്ല് പറിച്ച് വൃത്തിയാക്കണമെന്നുള്ള നിർബന്ധം തുടങ്ങും അച്ഛമ്മ. കർക്കിടക സംക്രമം പുലരുന്നത്  ആടിവേടന്റെ  ചെണ്ട മുട്ടു കേട്ടുകൊണ്ടാണ്. വീടുതോറും കയറിയിറങ്ങി ചേട്ടാഭഗവതിയെ പടിയിറക്കി തെക്കോട്ടും വടക്കോട്ടും ചുവപ്പും കറുപ്പും ഗുരുസി വീശിയൊഴിക്കുമ്പോൾ പുല്ലിൽ തടയരുത്. ഐശ്വര്യക്കേടാണത്രെ അത് !

ഇരിക്കാനുള്ള പലക മുതലിങ്ങോട്ട് മരത്തിന്റെ നിർമ്മിതികൾ എല്ലാം പാറോത്തില കൊണ്ട് ഉരച്ച് തേച്ച് കഴുകും. വീടും പരിസരവും വിളക്കുകളും കഴുകി വൃത്തിയാക്കും.


കർക്കിടക സംക്രമത്തിന് ശ്രീ ഭഗവതി വീട്ടിലെത്തുമ്പോൾ കിഴക്കെ വാതിൽ മലർക്കെ തുറന്ന് കിടക്കണം. ഭഗവതി എന്നും കുടികൊള്ളാൻ കർക്കിടകം ഒന്ന് മുതൽ വിളക്കിന് മുന്നിൽ രാമായണം ചൊല്ലണം…

പല ആചാരങ്ങളും അനാചാരങ്ങളുടെ പട്ടികയിലേക്ക് നീങ്ങുമ്പോഴും കർക്കിടക ഓർമ്മകൾക്ക് എള്ളെണ്ണയിൽ എരിയുന്ന ദീപത്തിന്റെ ഗന്ധത്തിനൊപ്പം അച്ഛമ്മയുടെ ഈണത്തിലുള്ള രാമായണ ശീലുകളാണ് എനിക്ക് ….

കർക്കിടകം തുടങ്ങിയാൽ അച്ഛമ്മ രാമായണം വായന തുടങ്ങും. കിഴക്കും പടിഞ്ഞാറും വശത്തേക്ക് ഓരോ തിരിയിട്ട് നിലവിളക്ക് കത്തിച്ച്  സകല ദൈവങ്ങളെയും സാക്ഷിയാക്കിയാണ് വായന . (രാമായണ പാരായണം കേൾക്കാനായി  മുപ്പത്തിമുക്കോടി ദൈവങ്ങളും സന്നിഹിതരാവുമത്രെ, കൂട്ടത്തിൽ ഭക്തശിരോമണിയായ ഹനുമാനും.)

രാമായണം വായിച്ചവസാനിച്ചാൽ അല്പനേരം കണ്ണടച്ചിരിക്കും. കഥകൾ ഓർത്തെടുക്കുന്നതു പോലെ. പിന്നെയാണ് ഞങ്ങൾ പേരക്കുട്ടികൾക്ക്‌ കഥ പറഞ്ഞുകേൾപ്പിക്കുന്നത്.

അച്ഛമ്മ കഥ പറയുന്നത് കേൾക്കാൻ നല്ല രസമായിരുന്നു. ശ്രീരാമാവതാരകഥ പറഞ്ഞു കഴിഞ്ഞാൽ അല്പനേരം നിശബ്ദയാവും. താടകാവധം മുതലിങ്ങോട്ടുള്ള വീരകഥകൾക്ക്‌ ശേഷം അഭിഷേക വിഘ്നമാണ്. പിന്നെ വനവാസവും . അതിന്റെ സങ്കടമാണ് ആ നിശബ്ദത.

ശ്രീരാമന്റെ അവതാരോദ്ദേശം പൂർത്തിയാക്കാനായി മന്ഥരയുടെ നാവിൽ സരസ്വതീദേവി വന്നിരുന്ന് അഭിഷേകം തടയിച്ചതാണെന്നും കൈകേയിയും മന്ഥരയും ഈശ്വരനിശ്ചയത്തിന് ഒരു കാരണം മാത്രമായിരുന്നെന്നും ഞങ്ങളുടെ മനസ്സിൽ പറഞ്ഞുറപ്പിച്ചിട്ടുണ്ട്. കുഞ്ഞു മനസ്സുകളിൽ ആരോടും വൈരാഗ്യ ബുദ്ധി തോന്നാതിരിക്കാനാണത്. ഓരോ നല്ല കാര്യത്തിനും പിന്നിൽ ഒരു  കാരണമുണ്ടാവുമെന്ന് അതിനിടക്ക് ഒരു തത്വചിന്ത ഞങ്ങളോടും പങ്കു വെക്കും.

രാമായണ കഥയിൽ അച്ഛമ്മക്ക് പ്രിയപ്പെട്ട കഥാപാത്രം ഭരതനാണ്. വനവാസത്തിന് ലക്ഷ്മണനും സീതയും രാമനെ അനുയാത്ര ചെയ്തത് വെറുതെയല്ല , ലക്ഷ്‌മണൻ രാമന്റെ അംശാവതാരമാണ്. സീത പുരുഷന്റെ ശക്തിയായ സ്ത്രീയും . കൂടാതെ ദുഷ്ടനിഗ്രഹത്തിന് ഹേതുവും വേണമല്ലോ!

പക്ഷേ ശ്രീരാമനെ മറ്റാരേക്കാളും സ്നേഹിച്ചത് വനത്തിലേക്ക് അനുയാത്ര ചെയ്യാനാവാതെ ,രാമന് വേണ്ടി നീതിയുക്തമായും പ്രജാക്ഷേമ തത്പരമായും രാജ്യം ഭരിച്ച ഭരതനാണ്. പതിനാലു കൊല്ലം രാജപദവിയും സുഖഭോഗങ്ങളും സ്വന്തമാക്കാമെന്നിരുന്നിട്ടും ഭരതൻ അതിനു മുതിർന്നില്ല. രാജ്യത്തെ ഭരിച്ച് ‘ഉച്ഛിഷ്ട’മാക്കാതെ താപസനെപ്പോലെ ജീവിച്ച് രാജ്യം തിരികെ ഏല്പിച്ച ഭരതന്റെ മഹത്വം കാളിദാസൻ രഘുവംശത്തിലും എടുത്തു പറയുന്നുണ്ട്. രാമപാദുകങ്ങളാണ് രാജാവിന്റെ സ്ഥാനത്ത് സിംഹാസനം അലങ്കരിച്ചത്.


രാവണ നിഗ്രഹത്തിനും , അശോകവനത്തിൽ സീതാദേവിക്ക് പകരമായി ഇരുന്ന മായാസീതയുടെ ജീവത്യാഗത്തിനും ശേഷം രാമൻ ഹനുമാനെ അയോദ്ധ്യയിലേക്ക് അയക്കുന്നത് യഥാർത്ഥത്തിൽ ഭരതൻ ഭരണം ആഗ്രഹിക്കുന്നു എങ്കിൽ അയോദ്ധ്യയിലേക്ക് തിരിച്ച് വന്ന് രാജ്യഭാരം ഏൽക്കരുത്  എന്ന് കരുതിക്കൂടിയാണെന്ന് ആദികവി പറഞ്ഞു വെക്കുന്നുണ്ട്. പക്ഷേ രാമനുള്ളിടത്തോളം സംശയം ഭരതനില്ലായിരുന്നു. പതിനാല് വർഷത്തിനു ശേഷം രാമൻ തിരിച്ചെത്തിയില്ലെങ്കിൽ ജീവത്യാഗം ചെയ്യാനായിരുന്നു ഭരതന്റെ തീരുമാനം.


“രാജ്യം ത്വയാ ദത്തമെങ്കിൽ പുരാദ്യ ഞാൻ
പൂജ്യനാം നിന്നിൽ സമർപ്പിച്ചിതാദരാൽ” എന്നു വെറുതെ പറയുക മാത്രമല്ല, പണ്ടുള്ളതിന്റെ പതിന്മടങ്ങായി രാജ ഭണ്ഡാരവും , തേരും കുതിരയും വർദ്ധിപ്പിച്ചിട്ടുണ്ട് ഭരതൻ. ഇതിൽപ്പരം സഹോദരനെ സ്നേഹിക്കാൻ മറ്റാർക്കു കഴിയും, ഭരതനല്ലാതെ !

രാമായണകഥ സൂക്ഷ്മമായി കഥയറിഞ്ഞു വായിച്ചു മനസ്സിലാക്കിയാൽ മനുഷ്യ ജീവിതത്തിനൊരു കൈപ്പുസ്തകം കൂടിയാണെന്ന് തിരിച്ചറിയും. അച്ഛമ്മക്ക് ചുറ്റുമിരുന്ന് കഥ കേൾക്കുന്ന ഞങ്ങൾ കുട്ടികളോട് ഒരോ
കഥയ്ക്കൊടുവിലുമൊരു ചോദ്യമുണ്ട്. ഈ കഥയിൽ നിന്ന് മനസ്സിലായ കാര്യം പറയണം. ഭരതകഥയിൽ നിന്ന് മനസ്സിലക്കുന്നത് നിസ്വാർത്ഥ സ്നേഹത്തെക്കുറിച്ചാണ്. സഹോദര സ്നേഹത്തിന്റെ പരമായ മാനമാണ് രാമായണ കഥ മുഴുവൻ. ദശമുഖൻ പോലും സഹോദരിയുടെ ആഗ്രഹ പൂർത്തീകരണത്തിനാണല്ലോ രാമലക്ഷ്മണൻമാരെ സമീപിക്കുന്നത്…

സ്നേഹത്തിന്റെ കഥകളാൽ നിറഞ്ഞതാവട്ടെ ഓരോ കർക്കിടക രാവും….

LEAVE A REPLY

Please enter your comment!
Please enter your name here