ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ദേശീയ അധ്യകഗ്ഷ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചുവെന്നാണ് ഇഡി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ഇതുവരെ 11 മണിക്കൂറാണ് സോണിയാ ഗാന്ധിയെ ഇഡി സംഘം ചോദ്യം ചെയ്തത്.

പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പമാണ് മൂന്നാം ദിവസവും സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്. തുടർച്ചയായി രണ്ടാം ദിവസമാണ് സോണിയയുടെ ചോദ്യംചെയ്യൽ. ഒരാഴ്ച മുമ്പാണ് സോണിയയെ ആദ്യമായി ഇഡി ചോദ്യംചെയ്തത്. വലിയ പ്രതിഷേധമാണ് ഇഡി നടപടികൾക്കെതിരെ കോൺഗ്രസ് ഉയർത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങൾ സോണിയയോട് ചോദിച്ചതായാണ് വിവരം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്. എന്നാലിക്കാര്യങ്ങളിൽ തനിക്ക് വ്യക്തതയില്ലെന്ന മറുപടിയാണ് അവർ നൽകിയതെന്നാണ് വിവരം.

സോണിയയുടെ ചോദ്യംചെയ്യലിൽ കേന്ദ്ര സർക്കാർ നിയമം ദുരുപയോഗം ചെയ്യുകയാണെന്നത് ആവർത്തിക്കുകയാണ് കോൺഗ്രസ്. എഐസിസി ആസ്ഥാനത്ത് മുതിർന്ന നേതാവ് ഗുലാംനബി ആസാദ്, ആനന്ദ് ശർമ്മ തുടങ്ങി ഗ്രൂപ്പ് 23 നേതാക്കളും കലഹം മറന്ന് എത്തി. ആരോഗ്യ പ്രശ്‌നങ്ങൾ പോലും പരിഗണിക്കാതെയാണ് സോണിയയെ ചോദ്യം ചെയ്യുന്നതെന്നും ഇത് ഉചിതമായ നടപടിയല്ലെന്നും മുതിർന്ന നേതാവ് ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി. പ്രായം പോലും പരിഗണിക്കാതെ വലിയ സമ്മർദ്ദമാണ് എൻഫോഴ്‌സ്‌മെന്റ് സോണിയക്ക് നൽകുന്നത്. 50 മണിക്കൂറിലേറെ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. അതിനപ്പുറം എന്താണ് സോണിയ ഗാന്ധിയിൽ നിന്ന് അറിയാനുള്ളതെന്നും ഗുലാംനബി ആസാദ് ചോദിച്ചു. ആരോഗ്യ പ്രശ്‌നങ്ങൾ കാരണമാണ് താൻ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികൾക്ക് ഇതുവരെ എത്താതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സോണിയയെ ചോദ്യം ചെയ്യുന്നതല്ല കേന്ദ്രം നിയമം ദുരുപയോഗം ചെയ്യുന്നതാണ് വിഷയമെന്ന് ആനന്ദ് ശർമ്മയും കുറ്റപ്പെടുത്തി. നിയമം ജനങ്ങളെ  ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുന്നു. ജനാധിപത്യത്തിൽ എതിരാളികൾ ഉണ്ടാകും. എന്നാൽ ഈ നടപടി അത്യന്തം ഖേദകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here