മാത്യുക്കുട്ടി ഈശോ

ന്യൂയോര്‍ക്ക്: പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോമാ ദ്വൈവാര്‍ഷിക സമ്മേളനം അടുത്ത ഒരു മാസത്തിനകം കാന്‍കൂണില്‍ നടക്കാനിരിക്കെ അടുത്ത രണ്ടു വര്‍ഷം ഫൊമായെ ആര് നയിക്കും എന്ന കണക്കുകൂട്ടലുകള്‍ മത്സരരംഗത്തുള്ള ഇരു മുന്നണികളും നടത്തിക്കൊണ്ടിരിക്കുന്നു. മത്സരാര്‍ത്ഥികളുടെ നാമനിര്‍ദേശാ പത്രിക സമര്‍പ്പിക്കുവാനുള്ള സമയം ജൂലൈ 24-ന് അവസാനിച്ചിരിക്കെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള ‘ഫോമാ ഫാമിലി ടീം’ സ്ഥാനാര്‍ഥികള്‍ ആറു പേരുടെയും പത്രികകള്‍ എലെക്ഷന്‍ കമ്മീഷണര്‍ സ്വീകരിച്ചതായി അറിയിപ്പ് ലഭിച്ചിരിക്കുകയാണ്.

അമേരിക്കയിലും കാനഡയിലുമായി 12 റീജിയണില്‍ നിന്നും 84 അംഗ സംഘടനകളാണ് ഫോമായ്ക്കുള്ളത്. അംഗ സംഘടനകള്‍ക്ക് അവരുടെ പ്രതിനിധികളെ നിര്‍ദ്ദേശിക്കാനുള്ള അവസാന തീയതി കഴിയുമ്പോള്‍ 79 അംഗ സംഘടനകള്‍ മാത്രമേ പ്രതിനിധികളെ നിര്‍ദ്ദേശിച്ചിട്ടുള്ളു. നിശ്ചിത സമയ പരിധിക്കുള്ളില്‍ പ്രധിനിധികളുടെ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ക്കു മാത്രമേ സെപ്റ്റംബര്‍ 3-ന് രാവിലെ നടക്കുന്ന ഇലക്ഷനില്‍ വോട്ടവകാശം ഉണ്ടായിരിക്കുകയുള്ളൂ.

‘സാധാരണ രാഷ്ട്രീയ ഇലക്ഷനില്‍ പല രാഷ്ട്രീയ പാര്‍ട്ടികളും നടപ്പിലാക്കാന്‍ പോലും സാധ്യമല്ലാത്ത മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഇലക്ഷന്‍ പ്രകടന പത്രികകള്‍ ഇറക്കാറുണ്ട്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ പലപ്പോഴും അവര്‍ പ്രകടന പത്രികകളിലെ വാഗ്ദാനങ്ങള്‍ പാടേ മറന്നു പോകുന്നു. അതുപോലെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി അംഗ സംഘടനകളെ വോട്ടിനു വേണ്ടി മാത്രം ആകര്‍ഷിക്കാന്‍ ‘ഫോമാ ഫാമിലി ടീം’ സ്ഥാനാര്‍ഥികള്‍ ആഗ്രഹിക്കുന്നില്ല. മോഹന വാക്കുകളേക്കാള്‍ ഉപരി പ്രായോഗികമായ പ്രവൃത്തികളിലൂടെ ഫോമായെ മുന്‍പോട്ടു നയിക്കണം എന്നാണ് ‘ഫാമിലി ടീമിന്റെ’ ആഗ്രഹം’ – പ്രസിഡന്റ് സ്ഥാനാര്‍ഥി ജെയിംസ് ഇല്ലിക്കന്‍ പറഞ്ഞു.

‘വിവിധ അമേരിക്കന്‍ സംസ്ഥാനങ്ങളിലും കാനഡയിലുമായി വ്യാപരിച്ചു കിടക്കുന്ന അംഗ സംഘടനകള്‍ ഉള്ള ഫോമാ പോലുള്ള ഒരു സംഘടനക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തു ആസ്ഥാന മന്ദിരം സ്ഥാപിച്ചാല്‍ അതിന്റെ ഉപയോഗം ആ സംസ്ഥാനത്തു ഉള്ളവര്‍ക്ക് മാത്രമായി ചുരുങ്ങിപ്പോകും എന്നതാണ് സാധാരണയായി കണ്ടുവരുന്നത്. ഓരോ രണ്ടു വര്‍ഷം കഴിയുമ്പോഴും പുതിയ ഭരണ ചുമതലക്കാര്‍ വരുമ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രസ്തുത ആസ്ഥാന മന്ദിരത്തില്‍ ഒത്തു കൂടുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളത് ആരും മനസ്സിലാക്കുന്നില്ല. ഏതെങ്കിലും ഒരു സംസ്ഥാനത്തോ പ്രദേശത്തോ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനക്കാണെങ്കില്‍ അത്തരം ഒരു ആസ്ഥാന മന്ദിരത്തിന്റെ ഉപയോഗം മനസ്സിലാക്കാവുന്നതാണ്.

ആസ്ഥാന മന്ദിരം എന്ന മോഹന വാഗ്ദാനം നല്‍കി വോട്ടു പിടിയ്ക്കാന്‍ ‘ഫോമാ ഫാമിലി ടീമിന്’ ആഗ്രഹമില്ല. ഭാവിയില്‍ ഫോമാ ഭാരവാഹികള്‍ ആസ്ഥാന മന്ദിരം ഉള്ള സംസ്ഥാനത്തില്‍ നിന്ന് മാത്രമായി ഒതുങ്ങിപ്പോകാനുള്ള സാധ്യത ഏറെയാണ്. മറ്റു സംസ്ഥാനങ്ങളിലെ അംഗ സംഘടനയില്‍ നിന്നുള്ളവര്‍ക്ക് മത്സര സാധ്യതയും കുറയും. ഫോമാ പോലുള്ള സംഘടനക്ക് ന്യൂയോര്‍ക്കോ വാഷിംഗ്ടണ്‍ ഡി.സി. പോലുള്ള സ്ഥലത്തോ വലിയ തുക മുടക്കി ഒരു ആസ്ഥാന മന്ദിരം സ്ഥാപിച്ചാല്‍ ഫോമാ അംഗ സംഘടനകള്‍ക്ക് എത്ര മാത്രം പ്രയോജനപ്പെടും എന്ന് ഓരോരുത്തരും ചിന്തിക്കേണ്ടതാണ്.

അങ്ങനൊരു ആസ്ഥാന മന്ദിരം ഒരിടത്തു സ്ഥാപിച്ചാല്‍ ഡല്‍ഹിയിലെ കേരള ഹൗസ് പോലെ അവിടെ പോകുന്നവര്‍ക്ക് ഒന്നോ രണ്ടോ ദിവസം താമസിക്കാന്‍ സൗകര്യം ലഭിച്ചേക്കും എന്ന് മാത്രമേ ഉള്ളു. അല്ലെങ്കില്‍ നാട്ടില്‍ നിന്ന് വരുന്ന ഏതെങ്കിലും അതിഥികള്‍ക്ക് താമസിക്കാന്‍ ഉപകാരപ്പെട്ടെന്നു വരും. എന്നാല്‍, രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുതായി വരുന്ന പ്രസിഡന്റ് ഏതു സംസ്ഥാനത്തു നിന്നാണോ അവിടെ ആ രണ്ടു വര്‍ഷത്തേക്ക് ഒരു ആസ്ഥാന മന്ദിരം വാടകക്ക് എടുത്താല്‍ അത് കൂടുതല്‍ പ്രയോജനപ്പെടും എന്നാണ് ഫാമിലി ടീമിന്റെ അഭിപ്രായം. ഭാവിയില്‍ ആസ്ഥാന മന്ദിരം ഫോമായ്ക്കു ഒരു ബാധ്യത ആയിത്തീരും എന്നതാണ് വാസ്തവം.’ – സംഘടനാ പാഠവം കൈമുതലായുള്ള ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി വിനോദ് കോണ്ടൂര്‍ അഭിപ്രായപ്പെട്ടു.

സമൂഹത്തിനു പ്രയോജനപ്പെടുന്ന വിധം വിവിധ സാമൂഹിക പ്രതിബദ്ധതയുള്ള പ്രോഗ്രാമുകള്‍ ഫോമായിലൂടെ നടത്തുന്നതിന് മുന്‍തൂക്കം നല്‍കണമെന്നാണ് ട്രെഷറര്‍ സ്ഥാനാര്‍ഥി ജോഫ്രിന്‍ ജോസിന്റെ താല്‍പ്പര്യം. ന്യൂയോര്‍ക്കിലെ വിവിധ സംഘടനകളുടെ സാരഥ്യം വഹിച്ചിട്ടുള്ള ജോഫ്രിന്‍ തന്റെ പ്രായോഗിക ജീവിതത്തില്‍ നിന്ന് ലഭിച്ചിട്ടുള്ള ധാരാളം അനുഭവ സമ്പത്തിന്റെ ഉടമയാണ്.

‘വണ്ടേഴ്സ് (WONDERS)’ എന്ന ആപ്ത വാക്യത്തിന് മുന്‍ തൂക്കം നല്‍കി പ്രവത്തിക്കാനാണ് ‘ഫോമാ ഫാമിലി ടീമിന്റെ’ ആഗ്രഹമെന്ന് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ഥി സിജില്‍ പാലക്കലോടി പറഞ്ഞു. W-O-N-D-E-R-S – ന്റെ ഓരോ അക്ഷരങ്ങള്‍ക്കും നല്‍കുന്ന പൂര്‍ണ രൂപവും സിജില്‍ വിശദീകരിച്ചു. W എന്നാല്‍ Women Friendly; O എന്നാല്‍ Opportunity To Member Aossciations; N എന്നാല്‍ Network Is Net-worth; D എന്നാല്‍ Dynamic Governance; E എന്നാല്‍ Empower Youth; R എന്നാല്‍ Rapport With Family; S എന്നാല്‍ Selfless Service. ഈ പറഞ്ഞ കാര്യങ്ങളിലൂടെയും നിസ്വാര്‍ത്ഥ സേവനത്തിലൂടെയും വണ്ടേഴ്സ് (WONDERS) അഥവാ അത്ഭുതങ്ങള്‍ ഫോമായില്‍ അടുത്ത രണ്ടു വര്‍ഷം കൊണ്ട് സൃഷ്ടിക്കണം എന്നാണ് ‘ഫാമിലി ടീം’ ആഗ്രഹിക്കുന്നത്. നേതൃപാടവം കൈമുതലായുള്ള സിജില്‍ പാലക്കലോടി വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഇത്തരം അത്ഭുതങ്ങള്‍ സൃഷ്ടിച്ചു ഫോമായെ നയിക്കണം എന്നാണ് ആഗ്രഹിക്കുന്നത്.

ഫോമായില്‍ ഇപ്പോള്‍ നിലവിലുള്ള ‘ഫോമാ ഹെല്പിങ് ഹാന്‍ഡ്സ്’ എന്ന സാമൂഹിക സേവന പ്രവര്‍ത്തന പ്രോജക്ടിന്റെ സെക്രട്ടറിയായി ചുക്കാന്‍ പിടിക്കാന്‍ അവസരം ലഭിച്ച ബിജു ചാക്കോ ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിന്റെ ഉദ്ദേശം തന്നെ ഹെല്‍പ്പിങ് ഹാന്‍ഡ്സ് പ്രോജെക്ടിനെ കൂടുതല്‍ ഉന്നതങ്ങളിലേക്ക് എത്തിക്കണം എന്നതാണ്. ന്യൂയോര്‍ക്കിലെ സാമൂഹിക സേവന സംഘടനയായ ECHO പോലുള്ള സംഘടനയിലെ പ്രധാന ചുമതല വഹിക്കുന്ന ബിജു ചാക്കോയ്ക്ക് സാമൂഹിക സേവനം ഒരു ഹരമാണ്. സമൂഹത്തിലെ ആവശ്യക്കാര്‍ക്ക് പ്രയോജനപ്പെടുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഫോമായെ ജനപ്രിയ സംഘടനായായി കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാനാണ് ബിജുവിന് ആഗ്രഹം.

ജോയിന്റ് ട്രെഷറര്‍ സ്ഥാനാര്‍ഥി ബബ്ലൂ ചാക്കോ മലയാളീ സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു സംഘാടകനാണ്. വിവിധ സംഘടനകളില്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്ന ബബ്ലൂ ഫോമായിലേക്കു ഒരു മുതല്‍ക്കൂട്ടാണ്. ബബ്ലുവിന്റെ നിസ്വാര്‍ത്ഥ സേവന തല്പരതയും നേതൃപാടവുമാണ് ‘ഫോമാ ഫാമിലി ടീമില്‍’ ചേര്‍ത്ത് ജോയിന്റ് ട്രെഷറര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുവാന്‍ ടീം അംഗങ്ങള്‍ തീരുമാനിച്ചത്.

വിജയ സാധ്യതയും ഫോമാ പോലുള്ള സംഘടനയെ നയിക്കുവാന്‍ പ്രാപ്തിയുള്ളതുമായ സ്ഥാനാര്‍ഥികളെ ഒരുമിച്ച് ചേര്‍ത്തു നിര്‍ത്തി മത്സര രംഗത്ത് പ്രകടനം കാഴ്ച വെക്കുവാന്‍ സാധിക്കുന്നതാണ് ടീം ലീഡര്‍ ജെയിംസ് ഇല്ലിക്കലിന് ആത്മവിശ്വാസം നല്‍കുന്നത്. എതിര്‍ ടീമില്‍നിന്നും ചിലരിലൂടെ അംഗ സംഘടനകളുടെ പ്രസിഡന്റ്മാര്‍ക്ക് ഭീഷണിയുടെ സ്വരമുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും തങ്ങള്‍ ഫോമാ ഫാമിലി ടീമിനോടൊപ്പം തന്നെയാണ് എന്നുള്ള അവരുടെ വാഗ്ദാനങ്ങളാണ് തങ്ങളുടെ വിജയത്തിനുള്ള ശുഭ പ്രതീക്ഷ നല്‍കുന്നതെന്ന് ജെയിംസ് ഇല്ലിക്കല്‍ പ്രസ്താവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here