ജോബിച്ചൻ

സ്ഥലം: ഇന്ത്യൻ ഗ്രോസറി സ്റ്റോറിന്റെ പാർക്കിംഗ്‌ ലോട്ട്. രണ്ടു മലയാളികളുടെ ഒരു “സ്നേഹ സല്ലാപം” മനസിൽ കേട്ടപ്പോൾ എന്നിലെ മലയാളി വികാരം (സ്വഭാവം) ഉടൻ സടകുടഞ്ഞുണർന്നു..

അവിടെ ഭിത്തിയോടു ചേർത്തു നിർത്തിയിരുന്ന ഒരു മിനിവാനിന്റെ പിറകിൽ നിന്നായിരുന്നു അവരുടെ സ്നേഹ സല്ലാപം ഉയർന്നു കേട്ടത്‌.
അതു കൊണ്ട്‌ സല്ലപിക്കുന്നവർ ആരെന്ന്  തിരിച്ചറിയാനായില്ല..!

ഞാനും ഒരു മലയാളിയല്ലേ..? അതുകൊണ്ടാണ് മറ്റുള്ളവരുടെ കാര്യത്തിൽ ഒരു പ്രത്യേക ആകാംക്ഷയും വികാരവയും എനിക്കും  ഉണ്ടായത്.

ഒളിചെവിയുമായി കാത്തിരുന്നു.. അല്ലാ.. പാത്തിരുന്നു..! അതാണല്ലോ നമ്മുടെ ഒരു ഇത്!!!

“എന്തടാ.. ! നഞ്ചിയമ്മയ്ക്കു പാടിക്കൂടേ..? 
നെനക്ക്‌ ഇഷ്ടമല്ലെങ്കിൽ കേക്കണ്ട്രാ..!”



എന്താണു സംഭവം എന്നറിയാനായി ഞാൻ എന്റെ കാറിൽക്കയറി ചില്ലും താഴ്ത്തി ഒന്നും അറിയാത്തവനെപ്പോലെ അനങ്ങാതെ പമ്മി ഇരുന്നു.
ഇടപെടുന്നതു ശരിയല്ലല്ലോ..!

“അല്ലാ.. അച്ചായൻ എന്തിനാ ചൂടാവുന്നേ..? നഞ്ചിയമ്മ പാടൂല്ലാ.. എന്നൊന്നും ഞാൻ പറഞ്ഞില്ലാല്ലോ..! പക്ഷേ അവർക്ക്‌ അവാർഡിന്‌ അർഹതയുണ്ടോ എന്നേ ഞാൻ ചോദിച്ചുള്ളൂ..”

ഓ..! അപ്പോൾ അതാണു സംഭവം! ദേശീയ ഗായികാ പുരസ്കാരം! 
സംഗതി ഒരു വികല സല്ലാപമാണെന്നു കേട്ട ആദ്യത്തെ ഡയലോഗിൽ നിന്നു തന്നെ മനസിലായിരുന്നു. – എന്നിലെ വികല ചിന്തകളുടെ ചിറക് മെല്ലെ വിരിഞ്ഞു തുടങ്ങി… ഒത്താൽ ഇന്നത്തെ വികല ചിന്തയിൽ ഉൾപ്പെടുത്താം. സംഭവം ശരിക്കും ഒരു വികല ചിന്ത തന്നെ. “പോരട്ടെ അങ്ങോട്ട്” ഞാൻ മനസിൽ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അടുത്ത സംഭാഷണങ്ങൾക്കായി  ജിമ്മി( വീട്ടിലെ വളർത്തു നായയാണ്)യെപ്പോലെ ചെവി കൂർപ്പിച്ചു. ഒളിച്ചുകേൾക്കുമ്പോൾ ഘ്രാണശക്തിയും കൂടുന്നതായി ഞാനറിഞ്ഞു. അങ്ങനെ ഞാനറിയാതെ തന്നെ ജിമ്മിയിലേക്ക് പരകായപ്രവേശനം നടത്തി.


“അവാർഡു തീരുമാനിയ്ക്കാൻ നീ ആരാ….? ജൂറി അംഗമൊന്നും അല്ലല്ലോ..” – അച്ചായൻ ശബ്ധം അൽപ്പംകൂടി കലിപ്പിച്ചു.

അച്ചായൻ കട്ടക്കലിപ്പിൽ തന്നെ!

“അച്ചായൻ അങ്ങനെ പറയരുത്‌. സംഗീതത്തേക്കുറിച്ച്‌,
അത്യാവശ്യം അറിവൊക്കെ എനിയ്ക്കുണ്ട്‌..!”- ചെറുപ്പക്കാരൻ തിരിച്ചടിച്ചു.

ചെറുപ്പക്കാരനും വിടാൻ തയാറല്ല.

“അതെനിയ്ക്കു മനസിലായടാ.. ആ അറിവിന്റെ വകയിൽ അല്ലേ കഴിഞ്ഞ ഞായറാഴ്ച പള്ളി ക്കൊയറിൽ,
നീ എന്റെ മൈക്ക്, ഓഫ്‌ ആക്കിച്ചത്‌‌.. എനിക്കെല്ലാം മനസിലായി ?”

ഓ! അപ്പോൾ പള്ളിക്കൊയർ പൊളിറ്റിക്സ്‌ ആണു വില്ലൻ..!- ഞാൻ മനസിൽ ഓർത്തു.

“അതു പിന്നെ കൊയർ  ഗ്രൂപ്പിൽ അച്ചായൻ ഇങ്ങനെ ശ്രുതി ചേരാതെ അലറി വിളിച്ചു പാടിയാൽ, പാടുന്നവർക്കും കേൾക്കുന്നവർക്കും എല്ലാം അരോചകമാകില്ലേ ..?”

ചെറുപ്പക്കാരൻ ആളൊരു പണ്ഡിതനായ ഒരു പാട്ടുകാരൻ ആണെന്നു തോന്നുന്നു.  കൊയർ ലീഡർ ആയിരിയ്ക്കും..! ഏതു പള്ളിക്കാരാണാവോ..? ഇന്നാട്ടിൽ കുറേ പള്ളികൾ ഉണ്ടല്ലോ!

തർക്കിതാക്കളെയാണെങ്കിൽ കാണാനും  പറ്റുന്നില്ല. വാനിന്റെ പിറകിൽ ഒളിച്ചു നിന്നിട്ടാണ്‌ കീച്ച്‌..

ഒന്നിറങ്ങി നോക്കിയാലോ എന്ന് ഒരു നിമിഷം ആലോചിച്ചു. ങ- വേണ്ട 


“എന്നിട്ടാണോടാ.. നീ നിന്റെ കൂടെപ്പാടുന്ന ഇണക്കുയിലിന്റെ  ശബ്ദം കൂട്ടിയിടീച്ചത്‌..? അവക്കടെ പാട്ടു കേട്ടാൽ വാവടുക്കുമ്പോൾ, പശു അമറുന്ന പോലെയുണ്ട്‌…!”

ഇത്‌ ഒരു നടയ്ക്കു തീരുന്ന ലക്ഷണമില്ല!

പിന്നാലെ പണ്ഡിതന്റെ സ്വരം കനത്തു. “എടോ താൻ പള്ളിപ്പൊളിറ്റിക്സ്‌ ഒന്നും ഇവിടെപ്പറയണ്ടാ..! നഞ്ചിയമ്മയുടെ അവാർഡു യോഗ്യതയെപ്പറ്റി പറഞ്ഞപ്പോൾ, വേറേ അനാവശ്യം പറയുന്നോ‌..?”

കൂടെപ്പാടുന്ന ഇണക്കുയിലിന്റെ  കാര്യം പറഞ്ഞപ്പോൾ പണ്ഡിതനു രക്തം തിളച്ചു!

ഇനി ഇണക്കുയിലുമായി വല്ല ഡിങ്കോലാപ്പിയും ഉണ്ടോ പോലും?- എന്റെ ഉള്ളിലും വികല ചിന്തകൾ ഉയർന്നു.എന്നെ കുറ്റം പറയാൻ പറ്റില്ലല്ലോ. ഞാനും അരിയാഹാരം ധാരാളം കഴിക്കുന്ന ഒരു മല്ലുവാണല്ലോ!

വിവിധ വിഭാഗങ്ങളിൽപ്പെട്ട ക്രിസ്ത്യൻ പള്ളികളിൽ, നൂറിനു നൂറ്റൊന്നു സ്ഥലങ്ങളിലും, കൊയറിലെ പൊളിറ്റ്ക്സ്‌, എന്ന് വേണ്ട സകല കമ്മിറ്റികളിലും പൊളിറ്റിക്സിന്റെ ദേശീയ സമ്മേളനമാണ്! കൊയറില്ലാതെ കുർബാന നടത്തിക്കൂടേ എന്ന ഒരു ചോദ്യം തന്നെ അസ്ഥാനത്താണ്‌.

സംഗീതത്തേപ്പറ്റി പരിമിതമായ അറിവുകൾ വച്ച്‌ 
ചില വിരുതന്മാർ വായിൽക്കൊള്ളാത്ത ചില വലിയ പദങ്ങൾ പറഞ്ഞ്‌, ആളുകളെ അമ്പരപ്പിയ്ക്കുന്നതു കണ്ടിട്ടുണ്ട്. അമ്പരപ്പിൽ നിന്ന് ഉളവാകുന്ന അന്ധാളിപ്പു മാറാതെ, അൽപ്പജ്ഞാനിയായ ഗായകനേയും പൊക്കി, ആളുകൾ വികാരി അച്ചന്റെയടുത്തു ചെല്ലും..!


അച്ചന്റെ ആസനം മുത്തുന്നതോടെ പാമരനായ അജ്ഞാനി, പിന്നീട്‌ പണ്ഡിതൻ എന്നറിയപ്പെടും..! അവന്റെ കീറുവാണങ്ങൾ കേട്ട് അച്ഛന്റെ തലയിൽ ലഡു പൊട്ടും ” സംഗീതത്തിൽ രാവണാനാവൻ! പത്തു തലകളാ… അച്ഛന്റെ വക കമന്റും.- 
ആസനം മുത്തിയാൽ അങ്ങനെയാ…

 

പിന്നീട് ഈ രാവണനായിരിക്കും  അവിടുത്തെ ആസ്ഥാന ഗായകൻ എന്നറിയപ്പെടുക…! പണ്ഡിതനു കള്ളക്കണ്ണുള്ള ഒരുത്തിയെ ആസ്ഥാന ഗായികയാക്കും..! അവളായിരിക്കണം സൊ കോൾഡ്‌  ഇണക്കുയിൽ..!

അപ്പോൾപ്പിന്നെ കുശുമ്പന്മാർക്കു പൊള്ളൂല്ലേ..? എല്ലാ കുശുമ്പന്മാരും ഒത്തുകൂടി, പണ്ഡിത പട്ടം ഏറ്റെടുത്ത ആസ്ഥാന ഗായകനെതിരേ നിലയ്ക്കാത്ത സമരം..! ഇതാണു മിക്ക പള്ളികളിലേയും അവസ്ഥ..!

പാട്ടുകാരുടെ അതി ബാഹുല്ല്യം മൂലമുള്ള ശല്ല്യം സഹിയ്ക്കാൻ ആവാതെ, പല പള്ളികളിലേയും കൊയറുകൾ, രണ്ടും മൂന്നുമായി വിഭജിച്ച്‌,
ഞായറാഴ്ചകളിൽ, ഊഴം വച്ച്‌  പാടിയ്ക്കുന്ന പതിവും കുറവല്ലാ..!

അങ്ങനെയൊക്കെ ചിന്തിയ്ക്കുന്നതിനിടയിലാണ്‌ നമ്മുടെ അച്ചായൻ വിഷാദ രാഗം മൂളിയത്‌‌..‌.!

“എടാ..! ഞാനിതു കേൾക്കണം..! നിന്റെ അപ്പനാകാൻ പ്രായമുള്ള എന്നെ ‘എടോ… താൻ’ എന്നൊക്കെ വിളിയ്ക്കുന്നതു മര്യാദയാണോ.?”

എങ്കിൽപ്പിന്നെ ഈ വയസാം കാലത്ത്‌ “വയ്യാത്ത പട്ടി കയ്യാല കേറാതെ കൊയറിൽ നിന്ന് ഒഴിവായി, യുവ തലമുറയ്ക്ക്‌ അവസരം കൊടുത്തൂടേ.?”
എന്നു ചോദിയ്ക്കാണമെന്നു തോന്നി. പക്ഷേ, സീൻ അലമ്പാക്കണ്ടാന്നു കരുതി ഞാൻ ആത്മസംയമനം പാലിച്ചു.

“അതല്ലാ അച്ചായാ.. 
ഈ നഞ്ചിയമ്മ പാടിയതിന്‌ ഒരു ഈണവും താളവും ഒക്കെ ഉണ്ടായിരുന്നു എന്നല്ലാതെ, അതിൽ വൃത്തമോ, വിരുത്തമോ, ശ്രുതിയോ, ബൃഹയോ, ഷഡ്ജമോ, സ്വരമോ, സാഹിത്യമോ, അർത്ഥമോ എന്തെങ്കിലും ഉണ്ടോ..?”- പണ്ഡിതൻ തന്റെ പരിമിത പാണ്ഡിത്യം വിളമ്പി.


ഷഡ്ജമിട്ടാന്നോ ജെട്ടിയുണ്ടോന്നോ എന്ന് ഞാൻ നോക്കിയില്ല. ങാ..! അതൊന്നും എനിയ്ക്കറിയില്ല..! പക്ഷേ നഞ്ചിയമ്മയുടെ ആലാപനം എനിയ്ക്ക്‌ ഇഷ്ടമായി..!”


അച്ചായൻ മുട്ടുമടക്കി എന്നു ഞാൻ കണക്കു കൂട്ടി.

സീൻ അത്ര “കോണ്ട്രാ” ആകുന്നില്ലെന്നു മനസിലായപ്പോൾ, ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി സ്ഥലം വിട്ടു.. ഒരു സ്റ്റണ്ടു സീൻ പ്രതീക്ഷിച്ചിരുന്നു. അതു കാണാൻ കഴിയാതെ പോയതിലുള്ള നിരാശയോടെ മടങ്ങുമ്പോൾ, 
ഞാൻ ആലോചിച്ചു- അവർ രണ്ടാളും എന്തിനാണു തർക്കിച്ചത്‌???


അവർക്ക്‌ നഞ്ചിയമ്മയേയോ, ജൂറിയേയോ, പറ്റി എന്തറിയാം..? എന്തിനേറേ.. ‘അയ്യപ്പനും കോശിയും’ എന്ന അവാർഡുകൾ വാരിക്കൂട്ടിയ ആ ചിത്രത്തേപ്പറ്റി, വ്യക്തമായ ഒരു ധാരണ  പോലും ‌ അവർക്ക്‌ ഉണ്ടെന്നു തോന്നിയില്ല.

അതു വിശദീകരിയ്ക്കാൻ, ദേശീയ അവാർഡു ജേതാവായ സംവിധായകൻ “സച്ചി” ഇന്നു നമ്മോടൊപ്പം ജീവിച്ചിരിപ്പില്ലല്ലോ..! അദ്ദേഹത്തിന്  ആദരാഞ്ജലികൾ!

അതോടൊപ്പം ഒരു ചോദ്യം കൂടി: സംഗീതം ശാസ്ത്രീയമെങ്കിലും, സാധാരണക്കാരന്‌ ആസ്വദിയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, പിന്നെന്തിനു സംഗീതം???


ഇതെന്താ … പണ്ഡിതന്മാർക്കു മാത്രം ആസ്വദിയ്ക്കാനുള്ള ഒരു കലാ രൂപമോ..? അല്ലെങ്കിൽ തന്നെ നഞ്ചിയമ്മയുടെ പാട്ടീൽ സംഗീതമില്ലെന്ന് ആരാ പറഞ്ഞത്? ഒരു സിനിമ ഗാനം ആ സിറ്റുവേഷനുമായി ( അതെടുക്കുന്ന രംഗത്തെ) തികച്ചും ഒത്തുപോകുന്നുവെങ്കിൽ ആ പാട്ടീൽ തീർച്ചയായും സംഗീതമുണ്ട്. 
അയ്യപ്പനും കോശിയും’ എന്ന സിനിമ കണ്ടവർക്കറിയാം നഞ്ചിയമ്മയുടെ ആ പാട്ട് ആ സിനിമയിലെ സിറ്റുവേഷനെ എത്രമാത്രം അനശ്വരമാക്കിയെന്ന്. നഞ്ചിയമ്മ എന്ന കുപ്പയിലെ മാണിക്യത്തെ തേച്ചുമിനുക്കി മലയാള സിനിമയ്ക്ക് സമ്മാനിച്ച ശേഷം ഈ ലോകത്തോട് തന്നെ വിടപറഞ്ഞു പോയ സച്ചി എന്ന അനശ്വര സംവിധായകന് ഒരായിരം കൂപ്പുകൈ???… 

ചില ജന്മങ്ങൾ അങ്ങനെയാണ് .  നഞ്ചിയമ്മ  സംഗീതം പഠിച്ചിട്ടില്ല. എന്നാൽ അവരുടെ ഉള്ളിൽ നിറയെ സംഗീതമുണ്ട്, താളബോധമുണ്ട്. ചില ജന്മങ്ങളുടെ സൃഷ്ടിയിൽ ദൈവം സംഗീതം അവരുടെ സിരകളിലെ രക്തത്തിൽ ചാലിച്ചു വച്ചിട്ടുണ്ട്. അവ തനിയെ വന്നുകൊള്ളും. നഞ്ചിയമ്മ വെറും പാട്ടുകാരിയല്ല, അവർ പാടുന്ന പാട്ടുകളുടെ വരികളുടെ സൃഷ്ട്ടാവും അവർ തന്നെയാണെന്ന് പള്ളിക്കോയറുകളിലെ പണ്ഡിതന്മാരായ രാവണന്മാർ അറിയണം! അവരാണ് യഥാർത്ഥ സംഗീതജ്ഞ. ദൈവത്തിന്റെ കൈയ്യൊപ്പ് ചാർത്തപ്പെട്ട അനശ്വര ഗായിക!!!


ഒരുവേള ഇത്‌ എന്റെ വികല ചിന്തയാകാം..! നഞ്ചിയമ്മയ്ക്കു കൂപ്പുകൈ..! ആദരവോടെ..!

LEAVE A REPLY

Please enter your comment!
Please enter your name here