പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: മയക്കുമരുന്ന് കൈവശം വെച്ചതിനു റഷ്യയില്‍ പിടിക്കപ്പെട്ട അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരത്തെ റഷ്യന്‍ കോടതി ആഗസ്റ്റ് 4ന് 9 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. ഒരു മില്യണ്‍ റൂബിള്‍ ഫൈനായി(16,200 ഡോളര്‍) അടക്കണമെന്നും കോടതി ഉത്തരവിട്ടു. ബാസ്‌ക്കറ്റ് ബോള്‍ സൂപ്പര്‍ സ്റ്റാറും, ഒളിമ്പിക്ക് സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ ബ്രിട്ടിണി ഗ്രനറെയാണ്(31) മാപ്പപേക്ഷ പോലും പരിഗണിക്കാതെ കോടതി ശിക്ഷിച്ചത്.

മയക്കുമരുന്ന് കൈവശം വെച്ചതിന് കഴിഞ്ഞമാസം ഇവരെ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2022 ഫെബ്രുവരിയിലാണ് ഇവരുടെ കൈവശം ഉണ്ടായിരുന്ന ഹാഷിഷ് ഓയില്‍ ലഗേജില്‍ നിന്നും പിടികൂടിയത്. റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്നതിനാണ് ഇവര്‍ റഷ്യയിലെത്തിയത്.
റഷ്യയിലെ വിധി പുറത്തുവന്നയുടനെ ബൈഡന്‍ ഈ വിധിക്കെതിരെ ശക്തിയായി പ്രതിഷേധിക്കുകയും, ഇവരെ ഉടനെ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്ന് പരസ്യപ്രസ്താവന നടത്തുകയും ചെയ്തു. ഇതിന് റഷ്യ പ്രതികരിച്ചിട്ടില്ല.

ഇന്നത്തെ വിധിയോടെ ബ്രിട്ടിണിയെ ഡിറ്റെയ്ന്‍ ചെയ്തത് തെറ്റായിരുന്നുവെന്ന് ഒരിക്കല്‍ കൂടി റഷ്യ ലോകത്തെ അറിയിച്ചിരിക്കയാണ്. ഇത് അംഗീകരിക്കാനാവില്ല. ബ്രിട്ടിണിയെ അവരുടെ ഭാര്യയോടും കുടുംബാംഗങ്ങളോടും ഒത്തുചേരുന്നതിന് ഉടനെ വിട്ടയക്കണമെന്ന് ബൈഡന്‍ ആവശ്യപ്പെട്ടു. ബ്രിട്ടിണിയേയും മറ്റൊരു അമേരിക്കന്‍ തടവുക്കാരനായ പോള്‍ വെലനേയും വിട്ടയയ്ക്കുന്നതിന് അമേരിക്കയില്‍ കുറ്റാരോപിതനായി കഴിയുന്ന ആംസ് ഡീലര്‍ വിക്ടര്‍ ബ്രൗട്ടിനെ വിട്ടയയ്ക്കാന്‍ ബൈഡന്‍ ഭരണകൂടം തയ്യാറാണെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here