ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് 19 പ്രതിരോധ പോരാട്ടത്തില്‍ സംസ്ഥാനങ്ങള്‍ വഹിച്ച പങ്കിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോരാട്ടത്തില്‍ എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ ശക്തിക്കനുസരിച്ച് നിര്‍ണായക പങ്കുവഹിച്ചെന്ന് അദ്ദേഹം നിതി ആയോഗ് യോഗത്തില്‍ പറഞ്ഞു.

 

2020-നു ശേഷം ഇതാദ്യമായാണ് ഓണ്‍ലൈന്‍ വഴിയല്ലാതെ നിതി ആയോഗ് യോഗം നടക്കുന്നത്. 2021-ല്‍ ഓണ്‍ലൈനില്‍ ആയിരുന്നു യോഗം. 23 മുഖ്യമന്ത്രിമാര്‍, മൂന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, രണ്ട് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരാണ് ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കുന്നത്.

 

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങായിരുന്നു യോഗത്തിന്റെ അധ്യക്ഷന്‍. വിള വൈവിധ്യവത്കരണം, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരു, മറ്റ് കാര്‍ഷികോത്പന്നങ്ങള്‍ തുടങ്ങിയവയുടെ ഉത്പാദനത്തില്‍ സ്വാശ്രയത്വം കൈവരിക്കല്‍, സ്‌കൂള്‍-ഉന്നത വിദ്യാഭ്യാസമേഖലയില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് നിതി ആയോഗ് യോഗത്തില്‍ ചര്‍ച്ചയായത്.

 

ഇന്ത്യയുടെ ഫെഡറല്‍ രൂപവും സഹകരണ ഫെഡറലിസവും കോവിഡ് കാലത്ത് ലോകത്തിനുതന്നെ മാതൃകയായി ഉയര്‍ന്നുവന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെങ്കില്‍ വിഭവപരിമിതിയുണ്ടെങ്കിലും വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിക്കുമെന്ന സന്ദേശം ലോകത്തിലെ വികസ്വര രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here