ഉമ സജി 

മയൂഖം സാഹിത്യ- സാംസ്ക്കാരികവേദി എന്ന സമൂഹമാധ്യമ കൂട്ടായ്മ സംഘടിപ്പിക്കുന്ന വിഷയാധിഷ്ഠിത ചെറു കഥാ മത്സരത്തിൽ, കഴിഞ്ഞ ആഴ്ച്ച  “കർഷകൻ”  എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച കഥാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പ്രമുഖ അമേരിക്കൻ മലയാളി സാഹിത്യകാരി  ഉമ സജി എഴുതിയ  ചെറു കഥയാണ്  “ഞാൻ കർഷകനാണ്.” 

പുതുതലമുറയിലെ സർഗ്ഗവാസനയുളളവരെ കണ്ടെത്തി സാഹിത്യത്തി ന്റെയും കലയുടെയും മുഖ്യധാരയിലേയ്ക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടു കൂടി രൂപവത്കരിച്ച സാമൂഹ്യ ശൃംഖലയാണ് മയൂഖം- സാഹിത്യസാംസ്കാരിക വേദി. ലോകത്തിന്റെ വിവിധഭാഗങ്ങളിലുളള സാഹിത്യപ്രവർത്തകരുടെ ഉത്കൃഷ്ട സൃഷ്ടികള്‍ ഈ കൂട്ടായ്മയുടെ പ്രത്യേകതയാണ്.’’എഴുതുക! വായിക്കുക! വിലയിരുത്തി പ്രോത്സാഹിപ്പിക്കുക… അപ്പോൾ നമ്മളിലും ഒരു കഥതെളിയും….
മയൂഖം! എഴുത്തിനോടൊപ്പം!വായനയൊടൊപ്പം.! – ഇതാണ് അവർ ഉയർത്തിപ്പിടിക്കുന്ന ആപ്തവാക്യങ്ങൾ. 

ഇക്കഴിഞ്ഞ  ദിവസങ്ങളിൽ കേരളത്തിന്റെ പലഭാഗങ്ങളിലും വൻ കൃഷി നാശം വിതച്ചുകൊണ്ട്  പെരുമഴ താണ്ഡവമാടിക്കൊണ്ടിരുന്ന സമയത്താണ്  ഈ ചെറുകഥാ മത്സരം അരങ്ങേറുന്നത്. അതുകൊണ്ടു തന്നെ  വിഷയാധിഷ്ഠിതമായി ഉമ എഴുതിയ ഈ ചെറുകഥയുടെ  പ്രസക്തിയേറുകയാണ്. ഒരു കർഷകന്റെ ആത്മാവ് കുടികൊള്ളുന്നത് അവന്റെ കൃഷിയിടങ്ങളിലും അവൻ കഷ്ട്ടപ്പെട്ടു വച്ചു പിടിപ്പിച്ചു പരിപാലിച്ചു പോരുന്ന കൃഷികളിലാണ്. ഓരോ ചെടികളും അവനു സ്വന്തം മക്കളെപ്പോലെയാണ്. കുഞ്ഞുങ്ങളുടെ കൈയ്യാണോ കാലാണോ വളരുന്നത് എന്ന് ഏറെ ജിജ്ഞാസയോടെ നോക്കിക്കാണുന്നത്പോലെയാണ് ഓരോ ചെടികളുടെയും വളർച്ചയെ കർഷകനും നോക്കികാണുന്നത്.

 കർഷന്റെ ആത്മാവ് തുടിക്കുന്ന കൃഷിയെയും കൃഷിയിടത്തെയും ആസ്പദമാക്കിയുള്ള ഈ ചെറുകഥയെ വലിയിരുത്തികൊണ്ട് നിരൂപണം നടത്തിയിരിക്കുന്നത് പ്രമുഖ പ്രവാസി നിരൂപകൻ റ്റി. ആർ. സുധീഷ്  ആണ്.  “മീനാക്ഷി ഭൂതക്കുളം”- എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന സുധീഷ് ,  ഈ ചെറുകഥ വായനയിലൂടെ നടത്തിയ നിരൂപണം ഏറെ ഹൃദയമായി തോന്നും. അദ്ദേഹത്തിന്റ വിലയിരുത്തൽ കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന  ഓഡിയോ ലിങ്കിൽ അമർത്തുക: 

https://soundcloud.com/branpotnews/poem?si=b99943000fb34d0bb617401acfd4bf10&utm_source=clipboard&utm_medium=text&utm_campaign=social_sharing

രാവിലെ ചങ്കിടിപ്പോടെയാണ് നാരായണൻ പറമ്പിലേക്കിറങ്ങിയത്. രാത്രിമുഴുവൻ പേമാരിയും കാറ്റും താണ്ഡവമാടുകയായിരുന്നു. ഭാര്യ കല്യാണി ഇടയ്ക്കിടയ്ക്ക് പിറുപിറുക്കുന്നുണ്ടായിരുന്നു “എന്റീശ്വരാ കാത്തോണെ”യെന്ന്. വാർത്ത മേൽക്കൂരയായിട്ടും അവൾ ഭയത്തോടെയാണ് രാത്രി കഴിച്ചുകൂട്ടിയത്. എല്ലാം പറത്തിക്കൊണ്ടു പോകുമെന്നു തോന്നിയ ഹൂങ്കാര ശബ്ദമായിരുന്നു കാറ്റിന്. നാരായണന്റെ ആധിമുഴുവൻ കുലച്ച് വെട്ടാറായ ഏത്തവാഴയെക്കുറിച്ചും, വിളഞ്ഞ് പൊന്നായ നെൽക്കൃഷിയേയും താൻ കുഞ്ഞുമക്കളെപോലെ നോക്കിവളർത്തുന്ന മറ്റു വിളകളെക്കുറിച്ചുമായിരുന്നു.

കല്യാണി ജീവനെക്കുറിച്ച് ഭയപ്പാടോടെ കഴിഞ്ഞപ്പോൾ നാരായണൻ ചിന്തിച്ചത് അതുവരെ കൊണ്ടവെയിലും, മഞ്ഞും, മഴയും, ഒഴുക്കിയ വിയർപ്പും, എല്ലാം ചേർത്തു നേടിയെടുത്ത സംതൃപ്തിയെക്കുറിച്ചും അതിലൂടെ കഴിഞ്ഞുകൂടേണ്ട നളെകളെക്കുറിച്ചുമായിരുന്നു. പാവം കല്യാണി പുലരാറായപ്പോളെപ്പൊഴോ മയങ്ങിപ്പോയി. ഉണർത്താതെയാണ് പുറത്തേക്ക് വന്നത്.

വീട്ടിൽ നിന്നും അല്പം അകലെയാണ് തന്റെ ജീവൻ വിളയുന്നത്. നടന്നിട്ടും കാലുകൾ നീങ്ങുന്നില്ലയെന്ന് തോന്നി. മുറ്റത്തിറങ്ങിയതെ കാലുകളുടെ ചലനശേഷി നിലച്ചതുപോലെയായി. മുറ്റത്തു നിന്ന മൂവാണ്ടൻ മാവും, വരിക്കപ്ലാവും പോലും കാറ്റിനെ തടുക്കാനാവാതെ ശാഖികൾ ഒടിഞ്ഞ് ദയനീയമായി അയാളെ നോക്കുന്ന പോലെ തോന്നി. ഞങ്ങളീ ഫലങ്ങളെ നിങ്ങൾക്കു തരാൻ വേണ്ടി കഴിയുന്നപോലെ ചെറുത്തു നിന്നതാണ്. എന്നിട്ടും കാറ്റ് ഹൂങ്കാരത്തോടെ ഞങ്ങളെ തള്ളിയിട്ടു. വെള്ളത്തോടൊപ്പം ഒലിച്ചിറങ്ങിയ അവരുടെ കണ്ണുനീർ അയാളുടെ കണ്ണുകളിലും പൊടിഞ്ഞു. അവരെ ഒന്നു നോക്കി നെടവീർപ്പിട്ട് അയാൾ കാലുകളെ മുന്നോട്ടു നയിച്ചു.
എത്ര ആലോചിച്ചിട്ടും മനസ്സിലാവാത്ത ഒരുകാര്യമുണ്ട്. ഈ പേമാരി വരുമ്പോൾ കൂടെ ഈ കാറ്റെന്തിനാ വരുന്നെ? ലോകം നശിപ്പിക്കാൻ ഒത്തുകൂടുന്നതാണോ? എന്റെ തേവരെ എന്തു തെറ്റാ ഞങ്ങളീ പാവം മനുഷ്യർ ചെയ്തത്? നീ തന്ന ജീവനെ സംരക്ഷിക്കാൻ പെടപ്പാട് പെടുന്നതോ?
വഴിയിലെ കാഴ്ചകൾ  നെഞ്ചുലയ്ക്കുന്നതായിരുന്നു. മടവീണ് പാടമേതെന്നറിയാൻ വയ്യാത്ത അവസ്ഥ. ഇന്നലെ നടന്ന വഴിയേതെന്നറിയുന്നില്ല. പൊന്നുവിളഞ്ഞ പാടങ്ങളെല്ലാം കുത്തിയൊലിച്ച് കടലിലേക്ക് പോയിരിക്കുന്നു. ഇനി അതിനപ്പുറമുള്ള കരക്കൃഷിയെന്തായോ എന്തോ?

എങ്ങനെയും അവിടെയെത്തിയേ മതിയാവൂ. കഴിഞ്ഞ രണ്ടുവർഷങ്ങളിലും കർകശ്രീ പുരസ്ക്കാരം നേടിയ നാരായണൻ ഇന്ന് ഒരു നിമിഷം കൊണ്ട് ഒന്നുമല്ലാതായിരിക്കുന്നു. അന്നത്തെ പ്രസംഗങ്ങളും, കരഘോഷങ്ങളുടെ ആരവങ്ങളും, അഭിനന്ദനങ്ങളും കൺമുന്നിൽ തെളിഞ്ഞു, കാതിൽ മുഴങ്ങി. അറിയാതെ ഒരുനിമിഷം നാരായണൻ ഒന്നു നിവർന്നു നിന്നു. വെള്ളത്തിന്റെ ഇരമ്പൽ അയാളെ തളർത്തി വർത്തമാനത്തിലേക്ക് കൊണ്ടു വന്നു.

അവിടെ നിന്ന് നോക്കിയാൽ ദൂരെ ഒരു പൊട്ടുപോലെ കാണാവുന്ന ബാങ്ക് അയാളുടെ ചങ്കിടിപ്പു കൂട്ടി. ശ്വാസഗതി നിലയ്ക്കുമെന്ന് തോന്നി. ഈ വർഷം ആറേക്കർ പാടവും പറമ്പും കൂടി പാട്ടമെടുത്താണ് കൃഷിവിപുലപ്പെടുത്തിയത്. ആ വിപുലപ്പെടുത്തലിന് ബാങ്ക് തന്ന തുക എങ്ങനെ തിരിച്ചടയ്ക്കും. “ഒടുവിൽ കിടക്കാൻ പോലുമിടമില്ലാതെ തെരുവിലേക്കിറങ്ങേണ്ടി വരുമോ തേവരേ”. നാരായണന്റെ നിലവിളി വെള്ളത്തിന്റെ ഒഴുക്കിലലിഞ്ഞുപോയി. പാടത്തിനക്കരെ കാണുന്ന പറമ്പിലേക്കൊന്നു കണ്ണോടിച്ചു. തലയുയർത്തിനിന്ന ഒരു പുൽനാമ്പുപോലും കാണാനില്ല.

ഇനി എന്തു ചെയ്യാനാണ്, ഒന്നും ചെയ്യാനില്ല. എവിടേക്ക് പോകും. തിരികെ നടക്കണമെന്ന് ആഗ്രഹിച്ചു. ഒന്നിനുമാകാതെ തളർന്ന ശരീരം നിലതെറ്റുന്നുവെന്ന് മനസ്സിലായി. എന്റെ ജീവൻ ഊറ്റിക്കടലിലേക്ക് പോകുന്ന ഈ വെള്ളത്തോടൊപ്പം ഞാനുമലിയട്ടെ. അയാളൊരുനിമിഷം കല്യാണിയെ മറന്നു, പൊന്നുമക്കളെ മറന്നു. മുന്നോട്ടാഞ്ഞ അയാളെ പിന്നോട്ട് വലിച്ച് അക്ഷോഭ്യയായി കല്യാണി പറഞ്ഞു, തനിയെ പോകണ്ട. നമുക്കൊപ്പം പോകാം. എനിക്കറിയാമായിരുന്നു നാരായണേട്ടന്റെ ചങ്കു പിടയ്ക്കുന്നത്. ഈ കാലമത്രയും നിങ്ങടെ നിഴലായിരുന്നു ഞാൻ.

മുന്നോട്ടാഞ്ഞ അവളെ പുറകോട്ട് വലിച്ച് നെഞ്ചോടടുപ്പിച്ചയാൾ പറഞ്ഞു. നീ ക്ഷമിക്കൂ. ഒരുനിമിഷം ഞാൻ തളർന്നുപോയി. ഞാൻ തളരില്ല. ഞാനൊരു കർഷകനാണ്. നമുക്കിനിയും സൂര്യോദയങ്ങളുണ്ട്. എന്റെ കൈയ്ക്ക് തൂമ്പ പിടിക്കാനുള്ള കരുത്തും.

കല്യാണിയെ ചേർത്തുപിടിച്ച് നടക്കുമ്പോൾ അയാൾ ഉറച്ച ശബ്ദത്തിൽ വീണ്ടും പറഞ്ഞു “ഞാൻ കർഷകനാണ്. കർഷകൻ തളരരുത്, മണ്ണിനെ അറിയുന്നവനാണ്, കാലത്തെ അറിയുന്നവനാണ്, പ്രകൃതിയെ അറിയുന്നവനാണ്, പൊരുതി ജീവിക്കുന്നവനാകണം. ജീവിക്കാനാവണം. കർഷകന് മരണമില്ല…എല്ലാത്തിനും വഴിയുണ്ടാവും…”

https://soundcloud.com/branpotnews/poem?si=b99943000fb34d0bb617401acfd4bf10&utm_source=clipboard&utm_medium=text&utm_campaign=social_sharing

6 COMMENTS

  1. മനോഹരം. ക്ലൈമാക്സ് അതാണു ഞങ്ങളെ ശ്രീ ഉമാസജിയുടെ കഥയെ ഒന്നാംസ്ഥാനത്തിനു പരിഗണിക്കാനുള്ള മികച്ച അടയാളമായത്. ആശംസകൾ. അഭിനന്ദനങ്ങൾ

  2. വികസനം ഏതൊക്കെ വഴിയിലൂടെ സഞ്ചരിച്ചാലും കൃഷിയുടെ മഹത്വം ഇല്ലാതാകുന്നില്ല. രാജ്യത്തിന്‍റെ ജീവ നാഡിയാണ് കൃഷി. തലതിരിഞ്ഞ രാഷ്ട്രീയ നയങ്ങളില്‍പ്പെട്ടു കാര്‍ഷികരംഗവും രാഷ്ട്രീയവത്കരിക്കപ്പെടുന്നു. മനോഹരമായ കഥ, അഭിനന്ദനങ്ങൾ
    ????

  3. രാജ്യത്തിന്റെ വികസനം ഏതൊക്കെ വഴിയിലൂടെ സഞ്ചരിച്ചാലും കൃഷിയുടെ മഹത്വം ഇല്ലാതാകുന്നില്ല. രാജ്യത്തിന്‍റെ ജീവ നാഡിയാണ് കൃഷി. തലതിരിഞ്ഞ രാഷ്ട്രീയ നയങ്ങളില്‍പ്പെട്ടു കാര്‍ഷികരംഗവും രാഷ്ട്രീയവത്കരിക്കപ്പെടുന്നു. മനോഹരമായ കഥ, അഭിനന്ദനങ്ങൾ
    ????

Leave a Reply to Pullampara Rajesh Cancel reply

Please enter your comment!
Please enter your name here