എം.പി .ഷീല  


ഫിലാഡൽഫിയ : ആർപ്പുവിളിയുടെയും  ആനന്ദതിമിർപ്പിൻറെയും  ഓണനിമിഷങ്ങളെ  അണിയിച്ചൊരുക്കി  ബഡി ബോയ്സ്  ഫിലാഡെൽഫിയായിൽ  2022 ലെ പൊന്നോണം ആഘോഷമാക്കുന്നു .ഓഗസ്റ്റ് 14  ഞായറാഴ്ച  വൈകുന്നേരം 3  മണിക്ക് പ്രാദേശിക കലാകാരന്മാരും  കലാകാരികളും മത്സരിച്ചു അരങ്ങേറുന്ന വിവിധ നൃത്ത -സംഗീത  കലാപരിപാടികളോടെ ഇത്തവണത്തെ ഓണം അനശ്വരമാക്കാനുള്ള  എല്ലാ തയ്യാറെടുപ്പും അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു .

 ലോക പ്രശസ്ത മജീഷ്യൻ   പ്രൊഫ. ഗോപിനാഥ് മുതുകാടിൻറെ  സാന്നിദ്ധ്യം ഓണാഘോഷങ്ങൾക്ക് നിറപ്പകിട്ടുകൂട്ടും .ഒർലാണ്ടോയിൽ നടന്ന ഫൊക്കാന കൺവെൻഷന് അതിഥിയായി  പങ്കെടുത്ത ശേഷം ഇന്ത്യയിൽ മടങ്ങി എത്തി  വീണ്ടും ഹ്രസ്വ സന്ദർശനത്തിനായിട്ടാണ് ഗോപിനാഥ് മുതുകാട് ഇപ്പോൾ അമേരിക്കയിൽ എത്തിയിട്ടുള്ളത് .ബഡി ബോയ്സിൻറെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിൻറെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പങ്കുവെച്ചിരുന്നു . കാഞ്ഞിരമറ്റം നിത്യനികേതൻ മഠാധിപൻ   സ്വാമി മുക്താനന്ദ യതിടെ  സാന്നിദ്ധ്യം ഓണസംഗമത്തിനു കൂടുതൽ ചൈതന്യമേകും .  ദാർശനിക പ്രഭാഷകൻ കൂടിയായ അദ്ദേഹം    ഓണ സന്ദേശം പങ്കുവെക്കും .
                       
അമേരിക്കയുടെ സമ്പത്സമൃദ്ധിയിൽ  ജീവിക്കുമ്പോഴും ജന്മനാടിൻറെ  പ്രതിസന്ധികളിലും പ്രാരാബ്ധങ്ങളിലും വേദനകളിലും കൈത്താങ്ങാവുന്ന ഫിലാഡൽഫിയയിലെ ഒരുകൂട്ടം ചെറുപ്പക്കാർ നേതൃത്വം  നൽകുന്ന സംഘടനയാണ്  ബഡി ബോയ്സ് .  പ്രവർത്തന രീതികൊണ്ട് സാധാരണ സംഘടനകളിൽനിന്ന്  തികച്ചും വ്യത്യസ്തമാണ്  ഈ സംഘടന.  സ്ഥാനമാനങ്ങളുടെ   പേരെടുത്തു പറഞ്ഞുകൊണ്ടുള്ള   നീണ്ട  നേതൃത്വനിര  ബഡി ബോയ്സ് ഫിലിക്കില്ല   .പ്രസിഡണ്ട് , സെക്രട്ടറി ,കോ -ഓർഡിനേറ്റർ  തുടങ്ങിയ സ്ഥാനമാനങ്ങൾ  ആരും അലങ്കരിക്കുന്നില്ല .സാമ്പത്തിക ഇടപാടുകൾ കൃത്യതയോടെ  ഒരാൾ ഏറ്റെടുത്തു ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തുന്നു . കഴിഞ്ഞകുറച്ചു വർഷങ്ങൾക്കൊണ്ടുതന്നെ എടുത്തുപറയത്തക്ക  നിരവധി സഹായങ്ങൾ കേരളത്തിൽ അർഹരായവർക്ക്‌ നൽകിയതു വഴി ബഡി ബോയ്സ് അമേരിക്കയിലും കേരളത്തിലും അറിയപ്പെടുന്ന ഒരു നല്ല സംഘടനയായി  വളർന്നിട്ടുണ്ട്  .ഭവന  നിർമ്മാണം , ചികിത്സ സഹായം , തൊഴിൽ സംരംഭം തുടങ്ങുവാനുള്ള   സഹായം   കൂടാതെ പ്രളയക്കെടുതിയിലും  കാരുണ്യത്തിൻറെ  കൈത്താങ്ങായി ഫിലാഡൽഫിയയിൽ ബഡി ബോയ്സ്  സജീവമായിരുന്നു . ആത്മാർത്ഥതയോടെ  പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ  ചെറുപ്പക്കാരാണ്  ഈ സം ഘടനയുടെ മുതൽക്കൂട്ട് .

സ്നേഹത്തിൻറെയും  സഹോദര്യത്തിൻെയും സന്ദേശം പങ്കുവെച്ചുകൊണ്ടുള്ള  ഈ ഓണസംഗമത്തിനു പിന്നിലും ബഡിബോയ്സിൻറെ കരുതലിൻറെ കാരുണ്യം പ്രകടമാണ് .ഓണാഘാഷങ്ങൾക്കായി സമാഹരിച്ച തുകയിൽനിന്ന്  ചെലവുകൾ നീക്കി മിച്ചം വരുന്ന  തുകയത്രയും  ഭിന്നശേഷിക്കാരായ  കുട്ടികളുടെ ഉന്നമനത്തിനായി ഗോപിനാഥ്‌ മുതുകാടിൻറെ  നേതൃത്വത്തിൽ  സ്ഥാപിച്ചിട്ടുള്ള ഡിഫറൻറ് ആർട്ട്  സെൻെററിനു നൽകുവാനാണ്‌   ബഡി ബോയ്സിൻറെ തീരുമാനം .ഫിലാഡൽഫിയയിൽ Chrites  Mar Thomachurch  Auditorium  ആഗസ്ത്  14 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് തുടങ്ങുന്ന  സംഗീത – നൃത്ത കലാവിരുന്നിലേക്കു എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ബഡി ബോയ്സ് പ്രവർത്തകർ അറിയിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here