ന്യൂഡൽഹി: താൻ ശ്രമിച്ചത് ജനങ്ങളെ ശാക്തീകരിക്കുന്നതിനാണ്. എല്ലാ കാര്യങ്ങളിലും ആദ്യ പരിഗണന രാജ്യത്തിനെന്ന മനോഭാവം ഉണ്ടായാൽ ഐക്യം ശക്തിപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനി വരാനുള്ള 25 വർഷം പ്രധാനപ്പെട്ടതാണെന്നും രാജ്യത്തിന് അഞ്ച് ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസിത ഇന്ത്യ, അടിമത്ത മനോഭാവം ഇല്ലാതാക്കൽ, പാരമ്പര്യത്തിലുള്ള അഭിമാനം, ഐക്യം, പൗരന്റെ കടമ നിറവേറ്റൽ എന്നിവയാണ് അഞ്ച് ലക്ഷ്യങ്ങൾ (പഞ്ച് പ്രാൺ). രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോഴേക്കും ഇന്ത്യ അടിമത്ത മനോഭാവത്തിൽ നിന്ന് പൂർണമായി സ്വാതന്ത്ര്യം നേടണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ രാജ്‌ഘട്ടിലെത്തിയ മോദി പുഷ്‌പാർച്ചന നടത്തി. ട്വിറ്ററിലൂടെ സ്വാതന്ത്ര്യദിനാശംസകളും നേർന്നു.

75 വ‌ർഷം നീണ്ട യാത്ര ഉയർച്ചതാഴ്‌ച്ച നിറഞ്ഞതായിരുന്നെന്ന് പ്രധാനമന്ത്രി അഭിസംബോധനക്കിടെ പറഞ്ഞു. ഐതിഹാസിക ദിനമാണിന്ന്. വെല്ലുവിളികൾക്കിടയിലും ഇന്ത്യ മുന്നേറി. പുതിയ ദിശയിൽ നീങ്ങാനുള്ള സമയമായി. ലോകം ഇന്ത്യയെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യയെന്ന് തെളിയിച്ചെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

ഓരോ ഇന്ത്യക്കാരനും സ്വന്തം മാതൃഭാഷയിൽ അഭിമാനിക്കണം. അഴിമതിയും കുടുംബരാഷ്ട്രീയവുമാണ് രാജ്യം നേരിടുന്ന പ്രധാനപ്രശ്നങ്ങളെന്നും ഇതിനെതിരെ പോരാടണമെന്നും മോദി പ്രസംഗത്തിൽ വ്യക്തമാക്കി. സ്ത്രീവിരുദ്ധത തുടച്ചുനീക്കണം. സത്രീകളെ ബഹുമാനിക്കാൻ കഴിയണം. സ്ത്രീവിരുദ്ധ നിലപാടുകൾ മാറണം. എഴുപത്തിയഞ്ചാം വർഷത്തിൽ രാജ്യത്തിനായി പുതിയ മന്ത്രവും മോദി അവതരിപ്പിച്ചു. ജയ് ജവാൻ, ജയ് കിസാൻ, ജയ് വിഗ്യാൻ ജയ് അനുസന്ധാൻ എന്നിവയാണ് പുതിയ മന്ത്രമായി അദ്ദേഹം അവതരിപ്പിച്ചത്.

ലാൽ ബഹദൂർ ശാസ്ത്രിയുടെ മുദ്രാവാക്യം മോദി പുതിയ തലത്തിലവധരിപ്പിച്ചു. വി ഡി സവർക്കറെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. ജവഹർലാൽ നെഹ്‌റു, ശ്രീനാരായണ ഗുരു, സ്വാമി വിവേകാനന്ദൻ, മഹാത്മാ ഗാന്ധി, സുബാഷ് ചന്ദ്ര ബോസ്, അംബേദ്‌കർ എന്നിവരെയും അദ്ദേഹം പ്രസംഗത്തിൽ അനുസ്മരിച്ചു.

രാഷ്ട്രീയ സ്ഥിരതയുടെ കരുത്ത് ഇന്ത്യ കാണിച്ചു, ലോകം അതിന് സാക്ഷിയാവുകയും ചെയ്തു. വൈവിധ്യമാണ് ഏറ്റവും വലിയ ശക്തി, വിഭജനകാലം ഇന്ത്യ വേദനയോടെയാണ് പിന്നിട്ടത്. ഊർജസ്വലമായ ജനാധിപത്യമാണ് ഇന്ത്യ. 91 കോടി വോട്ടർമാരാണ് നമ്മുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു

കൊവിഡ് പോരാളികൾക്കും അദ്ദേഹം പ്രസംഗത്തിൽ ആദരം അർപ്പിച്ചു. രാജ്യത്തിന് വേണ്ടി പോരാടിയ ആദിവാസികളെ സല്യൂട്ട് ചെയ്യുന്നു. ത്യാഗം ചെയ്തവരെ ഓർക്കേണ്ട ദിവസമാണിന്ന്. ചരിത്രം അവഗണിച്ചവരെയും ഓർക്കണം. രാജ്യത്തെ ജനങ്ങൾ സ്വപ്‌ന സാക്ഷാത്കാരത്തിനായി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വനിതകളെയും അദ്ദേഹം അനുസ്മരിച്ചു.

സാമൂഹിക മുന്നേറ്റത്തിന് അച്ചടക്കം പ്രധാനമാണെന്ന് മോദി ഓർമ്മിപ്പിച്ചു. പൗരധർമ്മം പാലിക്കുന്നതിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി, സാധാരണ പൗരൻ എന്നിങ്ങനെ വ്യത്യാസമില്ല. വൈദ്യുതി പാഴാക്കാത്തത് അടക്കം എല്ലാ കാര്യങ്ങളിലും പൗരൻമാർ സ്വന്തം ഉത്തരവാദിത്തം നിറവേറ്റണം. ഭക്ഷ്യസുരക്ഷ, .യുദ്ധങ്ങൾ, ഭീകരവാദം, പ്രകൃതി ദുരന്തങ്ങൾ, എന്നിങ്ങനെ ഒട്ടേറെ വെല്ലുവിളികൾ നാം നേരിട്ടു. നമ്മുടെ മണ്ണ് കരുത്തുറ്റതാണ്. വെല്ലുവിളികൾക്ക് മുന്നിൽ ഇന്ത്യ പതറില്ല. തല കുനിച്ചതുമില്ല. മറിച്ച് കരുത്തോടെ മുന്നേറിയെന്ന് മോദി പരാമർശിച്ചു.

രാജ്യത്ത് ഐക്യവും അഖണ്ഡതയും ഉണ്ടാകേണ്ടത് പരമപ്രധാനമാണ്. രാജ്യത്തിന്റെ സാമൂഹികചേതന പുത്തനുണർവിലാണ് ഇപ്പോൾ. സ്വാതന്ത്ര്യസമരം വിജയിപ്പിച്ച അതേ ചേതനയാണ് പുനരുജ്ജീവിപ്പിക്കപ്പെട്ടത്. ദേശീയപതാകയുടെ പ്രചാരണവും കൊവിഡ് പോരാട്ടത്തിന്റെ വിജയങ്ങളും പുതിയ ഉണർവിന്റെ തെളിവുകളാണ്. നമ്മുടെ രാജ്യത്തിന്റെ മഹത്വം ആഘോഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു വന്നതിന്റെ ഉദാഹരണമാണ് ‘ഹർ ഘർ തിരംഗയെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here