ന്യൂഡൽഹി: ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ ഒന്നാമതെത്തിക്കുക എന്ന ലക്ഷ്യവുമായി പുതിയൊരു ദേശീയ യജ്ഞത്തിനു തുടക്കമിട്ട് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേ‍ജ്‌രിവാൾ. ‘മെയ്ക്ക് ഇന്ത്യ നമ്പർ വൺ’ എന്ന പേരിലാണ് ദൗത്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദൗത്യത്തിന്റെ ഭാഗമായി രാജ്യമെമ്പാടും യാത്ര ചെയ്യുമെന്നു കേജ്‍രിവാൾ പ്രഖ്യാപിച്ചു. ഇത് എഎപിയുടെ മാത്രം രാഷ്ട്രീയ പദ്ധതിയല്ലെന്നു വിശദീകരിച്ച കേജ്‌രിവാൾ, ദൗത്യത്തിൽ പങ്കാളികളാകാൻ ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളെയും എല്ലാ ഇന്ത്യൻ പൗരൻമാരെയും സ്വാഗതം ചെയ്തു.

‘‘എല്ലാ പൗരൻമാർക്കും സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും, യുവാക്കൾക്ക് തൊഴിൽ, സ്ത്രീകൾക്ക് അവകാശങ്ങളിലുൾപ്പെടെ തുല്യത, കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്കു ന്യായമായ വില എന്നിവയാണ് ഈ ദൗത്യത്തിന്റെ ഭാഗമായിട്ടുള്ള പ്രധാന ലക്ഷ്യങ്ങൾ’’ – കേജ്‍രിവാൾ വിശദീകരിച്ചു. ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും സന്ദർശിക്കുമെന്നു വ്യക്തമാക്കിയ കേജ്‍രിവാൾ, ദൗത്യത്തിൽ പങ്കുചേരാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുമെന്നും അറിയിച്ചു.

‘‘ഇതിനെ ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം ദൗത്യമായി കാണരുത്. ഇത് ഒരു ദേശീയ ദൗത്യമാണ്. ബിജെപി ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഈ ദൗത്യത്തിന്റെ ഭാഗമാകുന്നതിനു സ്വാഗതം ചെയ്യുന്നു. അങ്ങനെ കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് ഇന്ത്യയെ ലോകത്തെ ഒന്നാം നമ്പർ രാജ്യമാക്കാം’ – കേജ്‌രിവാൾ പറഞ്ഞു.

‘‘ഇന്ത്യയ്ക്കു ശേഷം മാത്രം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളാണ് സിംഗപ്പുർ ഉൾപ്പെടെയുള്ളവ. അവരെല്ലാം ഇപ്പോൾ നമ്മേക്കാൾ ബഹുദൂരം മുന്നിലായി. ലോകത്തെ ഏറ്റവും ബുദ്ധിമാൻമാരും കഠിനാധ്വാനികളും ഇന്ത്യക്കാരായിട്ടും നമ്മുടെ രാജ്യം എന്തുകൊണ്ടാണ് പിന്നിലായിപ്പോകുന്നത്?’ – കേജ്‍രിവാൾ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here