ഒരുസംഘം അഭ്യുദയകാംക്ഷികള്‍, ചിക്കാഗോ


ആത്മാര്‍ത്ഥതയും സൗമ്യതയും സ്‌നേഹത്തില്‍ ചാലിച്ചെടുത്ത ഒരു വ്യക്തിപ്രഭാവനാണ് ചിക്കാഗോയുടെ അഭിമാനമായ ജോയി പീറ്റര്‍. താന്‍ ഏറ്റെടുക്കുന്ന ഏതു കാര്യവും ബുദ്ധികൂര്‍മ്മതയോടും നയ തന്ത്രജ്ഞതയോടും പടിപടിയായി വിജയിപ്പിച്ച ചരിത്രമാണ് ജോയി പീറ്ററുടേത്. സംഘടനകള്‍ വ്യക്തി ബന്ധങ്ങളും സ്‌നേഹ സൗഹാര്‍ദ്ദങ്ങളും വളര്‍ത്തി ഊട്ടിയുറപ്പിക്കുന്ന ഒരു വേദിയാക്കണമെന്ന് ഉറച്ചു വിശ്വസിക്കുന്ന ആദര്‍ശ ധീരന്‍.

നാല് വര്‍ഷം തുടര്‍ച്ചയായി ഇല്ലിനോയി മലയാളി അസോസിയേഷന്റെ ട്രഷററായി പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ച അപൂര്‍വ്വ വ്യക്തിത്വം. അതിലൂടെ തന്റെ മികവ് പ്രകടിപ്പിച്ച് സംഘടനയ്ക്ക് മികച്ച നീക്കിയിരുപ്പ് കണ്ടെത്താനും തന്റെ പിന്നാലെ വരുന്നവര്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ തക്ക ഊര്‍ജ്ജം പകര്‍ന്നു നല്‍കുവാനും തന്റെ പ്രവര്‍ത്തനശൈലി കൊണ്ട് സാധ്യമാക്കിയിട്ടുണ്ട്.

തന്റെ സര്‍ഗ്ഗാത്മകമായ കഴിവുകളിലൂടെ പിറവിയെടുത്ത അനേകം രചനകള്‍, കവിതകള്‍, രണ്ട് പുസ്തകങ്ങള്‍ ഇവയൊക്കെ മാത്രം മതി ഇദ്ദേഹത്തിന്റെ ഭാവസാന്ദ്രമായ ഹൃദയത്തിന്റെ പ്രസരിപ്പും തുടിപ്പുകളും മനസ്സിലാക്കാന്‍. അനുവാചകരിലേക്ക് പകര്‍ന്നു നല്‍കുന്ന ഊഷ്മളതയുടെ മാറ്ററിയുവാന്‍ ഈ പുസ്തകത്താളുകളിലേക്ക് ഒന്നു പരതിയാല്‍ മതി. താനെഴുതിയ പുസ്തകങ്ങള്‍, പുറത്തിറക്കിയ ഗാന സമാഹരങ്ങളുടെ സിഡി എന്നിവയെടുത്ത് പത്രത്താളുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരാളാകാതെ ആള്‍ക്കൂട്ടത്തില്‍ തനിയെ നടക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വമാണ് ഇദ്ദേഹം.

ഇപ്പോള്‍ ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റ്, രണ്ട് തവണ വൈസ് പ്രസിഡന്റ്, ക്‌നാനായ സമൂഹത്തിന്റെ ലജിസ്ലേറ്റീവ് അംഗം, ലെയ്‌സണ്‍ അംഗം എന്നിങ്ങനെ തന്റെ പ്രവര്‍ത്തന മണ്ഡലങ്ങളിലൊക്കെ തനതായ വ്യക്തിത്വവൈഭവം കാഴ്ച വെക്കുവാന്‍ ജോയിക്ക് സാധിച്ചിട്ടുണ്ട്.

ഫോമയുടെ ദേശീയ അംഗസമിതിയിലേക്ക് മത്സരിക്കുന്ന ജോയി പീറ്റര്‍ തന്റെ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനമണ്ഡലങ്ങളിലെ അനുഭവജ്ഞാനം കൊണ്ട് നേടിയ ആര്‍ജ്ജവവും സത്യസന്ധതയും മഹത്തരമായ സഹകരണഭാവവും തന്നെ വിജയത്തിലേക്ക് നയിക്കുവാന്‍ പര്യാപ്തമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. അതിനാല്‍ത്തന്നെ ചിക്കാഗോയിലെ എല്ലാ അസോസിയേഷന്‍ പ്രതിനിധികളോടും ജയിച്ചാന്‍ താന്‍ നിങ്ങളുടെ വിളിപ്പുറത്തുള്ള ഒരു സേവകനായിരിക്കുമെന്നും നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശവും അനുഗ്രഹാശിസ്സും തന്നോടൊപ്പം ഉണ്ടായിരിക്കണമെന്നും ജോയിപീറ്റര്‍ അഭ്യര്‍ത്ഥിച്ചു.

ചിക്കാഗോയിലെ ഫോമാ കണ്‍വെന്‍ഷന്‍ സ്‌പോണ്‍സര്‍, കാന്‍കൂണ്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സ്‌പോണ്‍സര്‍ എന്നിങ്ങനെ ഫോമയുടെ ആവശ്യങ്ങളുടെ പുറകിലും ജോയി പീറ്റര്‍ ഒരു നിശ്ശബ്ദ കൈത്താങ്ങാണ്. എതിര്‍ക്കുന്നവര്‍ പോലും ആദരിക്കുകയും വിജയിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ഇദ്ദേഹം. കാലത്തിന്റെ അനിവാര്യതയാണ് ജോയി പീറ്ററുടെ വിജയം എന്ന് മനസ്സിലാക്കി ചിക്കാഗോയിലെ പ്രതിനിധികള്‍ പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here