വാഷിംഗ്ടൺ ഡിസി: നാസയുടെ ചാന്ദ്ര ദൗത്യം ആർട്ടിമിസ് വിക്ഷേപണത്തിൽ ആശങ്ക. സാങ്കേതിക തകരാറിനെ തുടർന്ന് വിക്ഷേപണം മാറ്റിവച്ചതായി നാസ വൃത്തങ്ങൾ അറിയിച്ചു. റോക്കറ്റിന്‍റെ നാല് എൻജിനുകളിൽ ഒന്നിലാണ് സാങ്കേതിക പ്രശ്നം കണ്ടെത്തിയത്. ഇതേ തുടർന്ന് വിക്ഷേപണത്തിന്‍റെ കൗണ്ട് ഡൗൺ നിർത്തിവച്ചു.

റോക്കറ്റിന്‍റെ ഇന്ധന ടാങ്കിലും ചെറിയ ചോർച്ച കണ്ടെത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് നാസ അറിയിച്ചു. അരനൂറ്റാണ്ടിന് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാസയുടെ ആര്‍ട്ടിമിസ് ദൗത്യം. 

ആര്‍ട്ടിമിസ്-1 ഇന്ത്യൻ സമയം വൈകീട്ട് 6.04ന് ഫ്ളോറിഡയിലെ കേപ് കാനവറിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നാണ് വിക്ഷേപിക്കേണ്ടിയിരുന്നത്. പരീക്ഷണ യാത്രയായതിനാല്‍ മനുഷ്യര്‍ യാത്രികരാകില്ല. 400 കോടി യുഎസ് ഡോളറാണ് ഈ ദൗത്യത്തിനായി ചെലവായത്.

ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിക്കാനാണ് ആദ്യ ദൗത്യം ലക്ഷ്യമിടുന്നത്. 2024-ല്‍ രണ്ടാം ദൗത്യത്തിലൂടെ ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്യാനും 2025ല്‍ മൂന്നാം ദൗത്യത്തിലൂടെ 1972ന് ശേഷം മനുഷ്യനെ ചന്ദ്രനിലിറക്കാനുമാണ് നാസയുടെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here