വികല ചിന്തകൾ, സാമൂഹ്യ വിമർശനം

ജോബിച്ചൻ

ചെറുപ്പകാലത്ത്‌, ഡോക്ടർ എന്നാൽ, ഭിഷഗ്വരൻ എന്നായിരുന്നു ഞാൻ ധരിച്ചു വച്ചിരുന്നത്. പിന്നെ കോളേജിൽ പഠിച്ചു തുടങ്ങിയപ്പോഴാണ്‌ വേറേ വകുപ്പിൽപ്പെട്ട ഡോക്ടർമാരും ഉണ്ടെന്നു മനസിലാക്കിയത്‌. പി എച്ച്‌ ഡി ഡോക്ടർമാർ! കലാ, ഭാഷാ, സാഹിത്യ, ശാസ്ത്ര, സാങ്കേതിക വിഷയങ്ങളിൽ  ഗവേഷണം നടത്തിയ ശാസ്ത്രജ്ഞന്മാർ!

അടുത്ത കാലത്തായി, പല പുതിയ ഗവേഷണ വിഷയങ്ങളും  രൂപപ്പെട്ടിട്ടുണ്ട്‌. അവിടെ ഗവേഷണം നടത്തുന്നവരെ ശാസ്ത്രജ്ഞൻ എന്നു വിളിയ്ക്കാമോ? വേണമെങ്കിൽ “ചാത്തരഞ്ഞൻ” എന്നു വിളിയ്ക്കാം, അല്ലേ?

“കാള പെറ്റെന്നു കേൾക്കുമ്പോൾ, കയറെടുക്കുക, എന്ന പ്രയോഗത്തിന്റെ ആധികാരികത.” “കുഞ്ഞുങ്ങൾക്കു പാലൂട്ടാൻ, തള്ളക്കോഴിയ്ക്ക്‌ പയോധരങ്ങൾ മുളച്ചാൽ, അതിന്റെ സാമൂഹ്യവും, രാഷ്ട്രീയവും, പാരിസ്ഥിതികവുമായ ആഘാതങ്ങൾ.” “കുട്ടികളെ വളർത്താൻ ന്യൂജൻ അമ്മമാർ പരസഹായം തേടുന്നത്‌ എന്തുകൊണ്ട്‌…?” കേട്ടു കേൾവി പോലും ഇല്ലാത്ത പല പല ഗവേഷണ വിഷയങ്ങൾ!

അങ്ങനെ ആരും കേട്ടിട്ടില്ലാത്ത ചില വിഷയങ്ങളിൽ അനായാസേന ഡോക്ടറേറ്റ്‌ എടുത്ത പല പൊതു പ്രവർത്തകരും, രാഷ്ട്രീയ പുംഗവന്മാരും, കേരളത്തിലുണ്ട്‌. വിദേശത്തുമുണ്ട്‌. അഭിനവ ചാത്തരഞ്ഞന്മാർ!

എന്റെ ഒരു പഴയ സുഹൃത്ത്‌ വടക്കേ ഇന്ത്യയിൽ നിന്ന് ഒറ്റ വർഷം കൊണ്ട്‌ ഒരു ഡോക്ടറേറ്റ്‌ എടുത്തു. സാക്ഷാൽ പി എച്ച്‌ ഡി. അദ്ദേഹം ഗവേഷണം ചെയ്തത്‌‌ ആർട്ട്സ്‌ വിഷയത്തിൽ ആയിരുന്നതിനാൽ, അതു സാധിച്ചു. മറ്റു വല്ല ‘കുനാപ്പീഷ്ടും’ അതിന്റെ പിന്നിൽ ഉണ്ടായിരുന്നോ എന്നറിയില്ല. എന്തായാലും സംഗതി കയ്യിൽക്കിട്ടി.

ഉത്തരേന്ത്യാക്കാർ കേട്ടിട്ടു പോലും ഇല്ലാത്ത കേരള കലാരൂപമായ ‘കൂത്ത്‌’ എന്നതിൽ നിന്നും ഉരുത്തിരിഞ്ഞ, ഒരു സ്ത്രീ വിരുദ്ധ പദം ഉണ്ട്‌. അത്‌ ഇവിടെ പൂർണ്ണമായി എഴുതാൻ പറ്റില്ല. എങ്കിലും ഒരു ക്ലൂ തരാം. ആദ്യാക്ഷരം- “കൂ”… അന്ത്യാക്ഷരം-“ച്ചി”. ആ പദം എങ്ങനെ ഉണ്ടായി എന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം!

എന്താണ് യഥാർത്ഥത്തിൽ പി.എച്ച് ഡി അഥവാ ഡോക്ടറേറ്റ്?  ഗവേഷണങ്ങളിലെ കണ്ടെത്തലുകൾ, അംഗീകരിയ്ക്കപ്പെടുമ്പോൾ, സർവ്വകലാശാലകൾ അവർക്കു നൽകുന്ന ഒരു ഡിഗ്രിയാണ്‌ പി എച്ച്‌ ഡി.

ഈയിടെ കണ്ട ചാനൽ ചർച്ചയിൽ, ഒരു വിദഗ്ധൻ പറയുന്നതു കേട്ടു. “സാമൂഹിക മാനവിക വിഷയങ്ങളിൽ, ഇന്നു കേരളത്തിലെ സർവകലാശാലകളിൽ സമർപ്പിയ്ക്കപ്പെടുന്ന പല പ്രബന്ധങ്ങളും കത്തിച്ചു കളയാനുള്ള നിലവാരമേയുള്ളൂ. പക്ഷേ സ്വാധീനത്തിന്റെ പിൻബലത്താൽ, അവർക്കും കിട്ടും പി എച്ച്‌ ഡി” എന്ന്. .അതു കൂടാതെ രാഷ്ട്രീയവും, ശാരീരികവും, സാമ്പത്തികവുമായ സ്വാധീനം ഉപയോഗിച്ച്‌, സർവ്വകലാശാലാ മേധാവികളെ വരുതിയിലാക്കിയാൽ‌, അടിച്ചു മാറ്റാൻ പറ്റുന്ന മറ്റൊരു ഡോക്ടറേറ്റ്‌ ഉണ്ട്‌:  ഡി. ലിറ്റ്‌.! ഒരു ഓണർ(റ..റി) ബിരുദം. പത്താം ക്ലാസ്‌ പാസാകാത്തവനും കിട്ടും മേൽപ്പറഞ്ഞ അലങ്കാര പദം.  വെറും സ്വാധീനം  മാത്രം മതി യോഗ്യതയ്ക്ക്.. എങ്കിലും കേരളത്തിൽ അതത്ര സുലഭമല്ലെന്നാ കേൾവി. കൊടുത്തേനേ! പക്ഷേ കേരളത്തിലെ എല്ലാ സാക്ഷരജ്ഞൻ മാരും നോക്കിയിരിയ്ക്കുകയല്ലേ.? വായും പൊളിച്ച്‌! എവിടെയാ ഉഡായിപ്പ്‌ ഉള്ളത്‌ എന്നു കണ്ടു പിടിയ്ക്കാൻ! എന്തു ചെയ്യാനാ ,  സാക്ഷരത കൂടിയാലും പ്രശ്നം!

ഈ ഈസീ ഡോക്ടറേറ്റ്‌ പണം കൊടുത്താലും കിട്ടും കേട്ടോ. വിദേശത്ത്‌.  മൂന്നാം ലോക രാഷ്ട്രങ്ങളിൽ  ഡി ലിറ്റ്‌ കിട്ടി ഡോക്ടർമാരായ അനേകം മലയാളികളിൽ പ്രമുഖരായ പലരും ‘ഡോ.’ എന്ന വാല്‌, പേരിനു മുന്നിൽ, യാതൊരു ഉളുപ്പും ഇല്ലാതെ ചേർക്കുന്നുമുണ്ട്‌. അതേസമയം,  മുൻപിൽ ഡോ. എന്ന വാലുള്ള വ്യാജ ഡോക്ടർമാർ! പിറകിലെ ഡി ലിറ്റ്‌. എന്ന വാല്‌ അവർ മനഃപൂർവം എഴുതില്ല. ഡിലിറ്റിന്‌ അത്രയല്ലേ വിലയുള്ളൂ..?

ഇനി മറ്റൊരു കൂട്ടം ‘ഡോ.’ മാർ കൂടി ഉണ്ട്‌. യാതൊരു അദ്ധ്വാനവും ഇല്ലാതെ ഒരു സുപ്രഭാതത്തിൽ ‘ഡോ.’കിട്ടുന്നവർ. സ്വയം പ്രഖ്യാപിത ‘ഡോ.’ മാരും(തട്ടിപ്പു വീരന്മാർ), മതങ്ങളിൽ സ്ഥാനക്കയറ്റം കിട്ടുന്ന ‘ഡോ.’മാരും.

വിദേശരാജ്യങ്ങളിലെ പല പ്രൊഫഷണൽ കോഴ്സുകൾക്കും നൽകുന്നത്‌ ഡോക്ടർ ഡിഗ്രിയാണ്‌. ഉദാഹരണത്തിന്‌, ഫാർമസി, ഫിസിക്കൽ തെറാപ്പി, ഒപ്റ്റോമെട്രി, നേഴ്സ്‌ പ്രാക്ടീഷണർ… മുതലായവ. അവരാരും ‘ഡോ.’ എന്ന വാലു മുന്നിൽ എഴുതിക്കണ്ടിട്ടില്ല. അൽപ്പന്മാരായ ചുരുക്കം ചില മലയാളികൾ ഒഴികെ!

കുറച്ചു കാലം മുൻപ്‌ എന്റെ ഒരു സഹപാഠി വീട്ടിൽ വന്നു. ബിരുദാനന്തര ബിരുദത്തിന്‌ ഒന്നിച്ചു പഠിച്ചതാണ്‌. ശാസ്ത്ര വിഷയങ്ങൾ ആയിരുന്നു ഞങ്ങൾ പഠിച്ചത്‌. ആ വ്യക്തിയ്ക്ക്‌, രണ്ടു പി എച്ച്‌ ഡി കൾ ഉണ്ട്‌. ഒന്നു കേരളത്തിൽ നിന്നും, അടുത്തതു യൂറോപ്പിൽ നിന്നും. പോസ്റ്റ്‌ ഡോക്ടറൽ റിസേർച്ച്‌ ഉൾപ്പെടെ വർഷങ്ങൾ നീണ്ട ശാസ്ത്ര സപര്യ നടത്തിയ വ്യക്തി! മോഹം കൊണ്ട്‌ ഞാൻ, ഒരു മണ്ടൻ ചോദ്യം ചോദിയ്ക്കാൻ ഇടയായി.

“റിട്ടയർ ചെയ്ത സ്ഥിതിയ്ക്ക്‌ ഒരു പി എച്ച്‌ ഡി എടുത്താലോ എന്നൊരാലോചന! എന്താ വഴി?” എടുത്തടിച്ചതു പോലുള്ള സുഹൃത്തിന്റെ മറുപടി കേട്ടു ഞാൻ ഞെട്ടി. “നിനക്കെന്തിനാ ഇനി പി എച്ച്‌ ഡി? മരിച്ചു കഴിഞ്ഞു കല്ലറയിലെ സ്മാരകശിലയിൽ ഡോ. എന്ന വാൽ എഴുതി വയ്ക്കാനോ?” എന്റെ മുഖത്തെ അസഹിഷ്ണുത കണ്ട്‌ സുഹൃത്ത്‌ വിശദീകരിച്ചു.

“നമ്മൾ പഠിച്ച ശാസ്ത്ര വിഷയത്തിൽ ഒരു പി എച്ച്‌ ഡി കിട്ടാൻ ചുരുങ്ങിയത്‌, നാലു മുതൽ ഏഴു വരെ വർഷങ്ങൾ നന്നായി അദ്ധ്വാനിയ്ക്കേണ്ടി വരും. വിവിധ ആർട്ട്സ്‌ വിഷയങ്ങളിൽ, വിദൂര പഠനത്തിനു ഡിഗ്രി നൽകുന്ന യൂണിവേഴ്സിറ്റികൾ വേറേ ധാരാളം ഉണ്ടല്ലോ.

അവരുടെ ഫീസും കൊടുത്ത്‌‌, കുറച്ച്‌ എക്സ്ട്രായും കൂടി അടച്ചാൽ, അവർ തന്നെ വല്ല തിയോളജിയിലോ, അല്ലെങ്കിൽ ആർക്കും മനസിലാകാത്ത അതു പോലുള്ള വിഷയങ്ങളിലോ പഴയ പ്രബന്ധങ്ങൾ തപ്പിയെടുത്ത്‌ അൽപ്പ സ്വൽപ്പം വ്യത്യാസം വരുത്തി, നിന്റെ പേരിൽ മുൻകാല പ്രാബല്യത്തോടെ പിറ്റേന്നു തന്നെ പി എച്ച്‌ ഡി അടിച്ചു കയ്യിൽത്തരും..!”

സുഹൃത്തു തുടർന്നു. ഇപ്പോൾ ഈ ഡോ. യും പി എച്ച്‌ ഡി യും ഒക്കെ പേരിനോടു ചേർത്തു വയ്ക്കുന്നത്‌ നാണക്കേട്‌ ആണെടേ. അർഹിയ്ക്കുന്നവന്റെ ഡിഗ്രിയും വ്യാജമാണെന്നേ ജനം ധരിയ്ക്കൂ… അതല്ലേ രണ്ട്‌ ഡോ. ഉണ്ടായിട്ടും ഞാനതു വയ്ക്കാത്തത്‌.”

എന്താല്ലേ? മലയാളി ഡാ …

1 COMMENT

  1. അടിപൊളി. ഗംഭീരം. ഇത്ര നല്ല ഒരു ലേഖനം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. അമേരിക്കയിൽ എത്രയോ പേരാണ് “ഡോക്ടറേറ്റ് ” മായി ഒരു ചമ്മലും ഇല്ലാതെ തേരാ പാര നടക്കുന്നത്. അമേരിക്കയുടെ ‘പടിഞ്ഞാറെ ‘ ഭാഗത്തുള്ള ഒരു സൊ called “യൂണിവേഴ്സിറ്റി ” ആർക്കും കൊടുക്കും ഒരു ഡോക്ടറേറ്റ്?! അവർക്കു 5000 ഡോളർസ് കൊടുത്താൽ മതി. ശ്രീലങ്കയിലെ ഒരു “university” ഇതു പട്ടിക്കും കൊടുക്കും! നാട്ടിൽ ജനറൽ നഴ്സിംഗ് ഉള്ള ഒരാൾ അമേരിക്കയിൽ വന്നാൽ 2 വർഷം കൊണ്ട് BSc നേഴ്സ് ആകും, ആക്കും! പിന്നെ ഒരു വർഷം കഴിഞ്ഞാൽ MSc ആകും, ആക്കും!! ഒരു വർഷം കൂടി കഴിഞ്ഞാൽ വരുന്നു ഡോക്ടറേറ്റ്!!! എല്ലാം കൂടി 10000 ഡോളർസ്!!!! Thesis: ഏതെങ്കിലും ഒരു കോളേജ് മകന്റെ /മകളുടെ thesis. എല്ലാത്തിനും പ്രൂഫ് ഉണ്ട്. പക്ഷേ, പ്രാണ ഭയത്താൽ പറയുന്നില്ല!!

LEAVE A REPLY

Please enter your comment!
Please enter your name here