ഉമ സജി
ഓണത്തിനോർമ്മകളെന്തെന്നു ചോദിച്ചാൽ
നല്ലതാണോർമ്മകളെന്നു ചൊല്ലാം

കുഞ്ഞുടുപ്പിട്ടു പാറിനടന്നിട്ടു തുമ്പിയെ
പിടിച്ചാതാണെന്റെയോണയോർമ്മ
തുമ്പയും, മുക്കുറ്റിയും മറ്റുള്ള പൂക്കളും
നുള്ളുവാനോടി നടന്നതാണെന്റെയോണം

കൂട്ടരോടൊത്തു ഞാൻ മുറ്റത്തു തീർത്തൊരാ
നിറമുള്ള പൂക്കളമാണെന്റെയോണയോർമ്മ
ഉത്രാടരാത്രിയിൽ പൂനിലാപ്പായയിൽ
നിദ്രയെപ്പുൽകാതെ സുന്ദര സ്വപ്നവുമായി
തിരുവോണപ്പുലരിയെ നോക്കിയിരുന്ന
താണെന്റെയോണയോർമ്മ
അച്ഛനുമമ്മയ്ക്കുമൊപ്പമിരുന്നമ്മയൂട്ടിയ
സദ്യയാണെന്നുമെന്നോണയോർമ്മ
ഒപ്പമുണ്ണാൻ മാവേലിമന്നൻ വരുന്നതുനോക്കി സദ്യയ്ക്കുമുന്നിലിരുന്നതാന്റെയോണം
ഊഞ്ഞാൽ ചുവട്ടിൽ കൂട്ടരോടൊത്തു ഞാൻ
പാടിയൊരൂഞ്ഞാൽ പാട്ടാണെന്റെയോണയോർമ്മ
തിരുവാതിരപ്പാട്ടിന്നീണത്തിൽ കൈകൊട്ടി-
താളത്തിലാടിയതാണെന്റെയോണയോർമ്മ
ഇനിയെന്റെയോണങ്ങളമ്മയെയൂട്ടണം
മക്കളെയൂട്ടണം, ഓർമ്മകൾക്കൊപ്പം നടക്കണം

അച്ഛനോടൊപ്പം നടന്നൊരാ വഴികളിൽ പിന്നിട്ട
ഓണക്കഥയോർത്തു മനസ്സു നിറയ്ക്കണം
ഓണമൂട്ടാനാരുമില്ലാത്തോരോടൊപ്പം
മോദമോടെയോണമുണ്ടിടേണം
നീറും മനസ്സിനു കൈത്താങ്ങായി മാറണം
ഓണപ്പുടവയിൽ മാധുര്യം ചേർക്കണം
മാവേലിമന്നനെയൊത്തു വരവേൽക്കാൻ
വീണ്ടുമൊരിക്കലാ കുട്ടിയായീടണം.