ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെ സംഘടനയെ നിരോധിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. നിരോധനം സംബന്ധിച്ച കോടതിയിലും മറ്റുമുള്ള വെല്ലുവിളികള്‍ മറികടക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തി വരികയാണ്.

 

1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിന്റെ (യുഎപിഎ) 35-ാം വകുപ്പ് പ്രകാരം നിരോധിക്കപ്പെട്ട 42 തീവ്രവാദ സംഘടനകളുടെ പട്ടികയിലാകും പോപ്പുലര്‍ ഫ്രണ്ടിനേയും ഉള്‍പ്പെടുത്തുക.

 

ഈ മാസം 22-ന് 15 സംസ്ഥാനങ്ങളിലായി എന്‍ഐഎയും ഇ.ഡിയും സംയുക്തമായി നടത്തിയ റെയ്ഡില്‍ നൂറിലേറെ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. റെയ്ഡുകളില്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പിഎഫ്‌ഐയുടെ പങ്കാളിത്തത്തിന്റെ ശക്തമായ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അവകാശപ്പെടുന്നത്.

 

റെയ്ഡിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും എന്‍ഐഎ മേധാവിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ പിഎഫ്‌ഐക്കെതിരെ ശേഖരിച്ച വസ്തുതകള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രഹസ്യാന്വേഷണ ഏജന്‍സികളും പിഎഫ്‌ഐയെ യുഎപിഎ നിയമപ്രകാരം നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിരോധനത്തിന് മുന്നോടിയായി ആഭ്യന്തര മന്ത്രാലയം നിയമോപദേശങ്ങള്‍ തേടിയിട്ടുണ്ട്. പിഎഫ്‌ഐയുമായി ബന്ധപ്പെട്ടവര്‍ കോടതിയില്‍ നിരോധനത്തെ വെല്ലുവിളിക്കാനുള്ള സാധ്യത ഏറെയാണ്. അത്തരം സാഹചര്യങ്ങളില്‍ നിയമപരമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തിവരികയാണ് ആഭ്യന്തര മന്ത്രാലയം. 2008ല്‍ കേന്ദ്രസര്‍ക്കാരിന് സിമിയുടെ നിരോധനം പിന്‍വലിക്കേണ്ടി വന്ന സാഹചര്യങ്ങള്‍ മന്ത്രാലയം പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സിമിയെ വീണ്ടും നിരോധിക്കുകയുണ്ടായി.

പിഎഫ്‌ഐയുമായി ബന്ധപ്പെട്ടുള്ള ഒന്നും വിട്ടുകളയരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ കുറച്ച് വര്‍ഷങ്ങളായി ശക്തമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് വിവരം. സംഘടനയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു എന്‍ഐഎയുടെ അന്വേഷണം, അവരുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുന്നതില്‍ ഇഡി ഇപ്പോള്‍ പൂര്‍ണമായും വിജയിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.

അന്വേഷണത്തില്‍ പിഎഫ്‌ഐയുടെ ബാങ്ക് അക്കൗണ്ടുകളില്‍ 60 കോടി രൂപയുടെ സംശയാസ്പദമായ ഇടപാടുകള്‍ കണ്ടെത്തിയതായി ഇഡിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഹവാല വഴി പിഎഫ്‌ഐയിലേക്ക് പണം വന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇന്ത്യയിലേക്ക് പണം അയച്ചുവെന്നും ഇ.ഡി.പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here