ഫ്രാൻസിസ് തടത്തിൽ

ന്യു ജെഴ്സി : പ്രവാസികളുടെ സ്വത്ത് സംരക്ഷണത്തിനായി നാട്ടിൽ പ്രവാസി ട്രബ്യൂണൽ രൂപീകരിക്കുന്നതിനുള്ള ഇടപെടൽ നടത്തുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ. മഞ്ചിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു ഡോ ബാബു സ്റ്റീഫൻ. കഴിഞ്ഞതവണ കേരളത്തിലെത്തിയ സന്ദർഭത്തിൽ വിവിധ വകുപ്പ് മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ട്രബ്യൂണലിന്റെ രൂപീകരണം സംബന്ധിച്ചുള്ള പ്രാരംഭ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. 
നിലവിൽ കേരളത്തിൽ അമേരിക്കയിൽ ഉൾപ്പെടെയുള്ള പ്രവാസിമലയാളികളുടെ സ്വത്ത് സംരക്ഷണത്തിനായി പ്രത്യേക സംവിധാനങ്ങളില്ല. നാട്ടിലുള്ള സ്വത്ത് കൈമാറ്റം ചെയ്യുന്നതും, വിൽക്കുന്നതും തടയാനായി വലിയൊരു മാഫിയാ സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ സ്വത്ത് വിൽക്കാനോ വാടകയ്ക്ക് കൊടുക്കാനോ പറ്റാത്ത അവസ്ഥയുണ്ട്. – അദ്ദേഹം ചൂണ്ടിക്കാട്ടി.


പ്രവാസികളുടെ സ്വത്ത് കയ്യേറിയാൽ അവകാശം സ്ഥാപിച്ചെടുക്കാൻ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന നിയമപോരാട്ടം നടത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വസ്തുതർക്ക പരാതികൾ കോടതിയിൽ മൂന്നും നാലും വർഷങ്ങൾ എടുത്താണ് തീർപ്പാവുന്നത്.  കേസ് ആവശ്യത്തിനായി നാട്ടിൽ പോയിവരുന്നതിന് വലിയ സാമ്പത്തിക ബാധ്യതയാണ് പ്രവാസികൾക്ക് ഉണ്ടാവുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് ശ്വാശ്വതപരിഹാരം ഉണ്ടാക്കാൻ പ്രവാസി ട്രബ്യുണൽ രൂപീകരിക്കേണ്ടത് അനിവാര്യമാണ്.

 പ്രവാസി ട്രബ്യൂണൽ രൂപീകരിച്ചാൽ വസ്തു സംബന്ധമായ തർക്കങ്ങളിൽ കാലവിളംബമില്ലാതെ തീർപ്പുകൽപ്പിക്കാൻ കഴിയുമെന്നും ബാബു സ്റ്റീഫൻ വ്യക്തമാക്കി.
നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങൾ മാത്രം പറയുകയും, പറയുന്നകാര്യങ്ങൾ നടപ്പാക്കുമെന്നും, നടപ്പാക്കാൻ പറ്റാത്ത കാര്യങ്ങൾ താൻ പറയാറില്ലെന്നും ഡോ ബാബു സ്റ്റീഫൻ അസന്നിദ്ധമായി വ്യക്തമാക്കി. പൊള്ളയായ വാഗ്ദാനങ്ങൾ നൽകാറില്ല. നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയെടുക്കാൻ നല്ല പരിശ്രമം നടത്തും. നേടിയെടുക്കുകയും ചെയ്യും.

അടുത്ത തവണത്തെ ഫൊക്കാന നാഷണൽ കൺവെൻഷൻ നടക്കുന്നത് വാഷിംഗ്ടൺ ഡി സിയിലായിരിക്കും. ഈ കൺവെൻഷനിൽ 2500 അതിഥികളെ പങ്കെടുപ്പിക്കും. താരതമ്യേന ചിലവുകൂടിയ നഗരമാണ് വാഷിംഗ്ടൺ ഡിസി. എന്നിരുന്നാലും ഒരു കുടുംബത്തിന് പരമാവധി 1000 ഡോളർ എന്ന നിരക്കിലായിരിക്കും രെജിസ്ട്രേഷൻ ഫീസ് ഏർപ്പെടുത്തുക.

ഒ സി.ഐ. കാർഡുള്ള പ്രവാസി മലയാളികൾക്ക് കേരളത്തിലെ വിമാനത്താവളങ്ങളിൽ  പ്രത്യേക ഇമ്മിഗ്രേഷൻ കൗണ്ടർ സ്ഥാപിച്ചു കിട്ടുന്നതിനായുള്ള ഇടപെടലുകളും നടത്തിക്കൊണ്ടിരിക്കയാണെന്നു പറഞ്ഞ ഇത് ഏറെ വൈകാതെ കേരളത്തിലെ എയർപോർട്ടുകളിൽ ഇവ നടപ്പാക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഇതോടെ ഇമ്മിഗ്രേഷൻ ക്ലീയറൻസിനായി മണിക്കൂറുകൾ ക്യൂ നിന്ന് കാത്തിരിക്കുന്ന ദുരിതത്തിന്  അറുതിയാവും. ഇതു സംബന്ധിച്ച് ഡൽഹിയിൽ വച്ച്  കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനുമായി ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.


ഫൊക്കാന കൺവെൻഷനിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന അവസരത്തിൽ പ്രഖ്യാപിച്ച നിർധനർക്കായുള്ള 25 വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിക്ക് തിരുവനന്തപുരത്ത് ആരംഭിച്ചു. 25 വീടുകൾ നിർമ്മിക്കുന്നതിനുള്ള ആദ്യപടിയായി മൂന്നു വീടുകൾക്കുള്ള തുക തിരുവനന്തപുരത്തുവച്ച് കൈമാറികഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ഫൊക്കാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കേരളാ ഗവർണറെ സന്ദർശിക്കാനെത്തിയ തനിക്ക്  ഔദ്യോഗിക വസതിയിൽവച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിരുന്നുനൽകിയിരുന്നു. ഒരു ഫൊക്കാന അധ്യക്ഷന് രാജ് ഭവനിൽ ഔദ്യോഗികമായ സ്വീകരണം ലഭിക്കുന്നത് ഇത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.
എച്ച് വൺ ബി വിസയിൽ അമേരിക്കയിൽ എത്തുന്ന മലയാളികൾക്ക് എന്തെങ്കിലും അപകടമോ, ആകസ്മികമായുള്ള മരണമോ സംഭവിച്ചാൽ അവരെ നാട്ടിലെത്തിക്കാനുള്ള പദ്ധതി ഫൊക്കാന ആരംഭിച്ചിരിക്കയാണ്. ഇതു സംബന്ധിച്ച നടപടി ക്രമങ്ങൾ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നുംഡോ. ബാബു സ്റ്റീഫൻ വ്യക്തമാക്കി.

മഞ്ചിന്റെ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത ഡോ.ബാബു സ്റ്റീഫൻ ഫൊക്കാനയുടെ മുൻ ജനറൽ സെക്രട്ടറിയും മഞ്ച് മുൻ പ്രസിഡന്റായിരുന്ന സജിമോൻ ആന്റണിയെ പ്രസംസിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഫൊക്കാനയിൽ  തന്റെ വിജയത്തിന്റെ പ്രധാന ശില്പി സജിമോൻ ആന്റണി ആയിരുന്നുവെന്നും, തനിക്കൊപ്പം ഏറെ പിന്തുണയോടെ തുടക്കം മുതൽ നിന്ന സജിമോൻ ആന്റണി ഏറെ ഗുണങ്ങളുള്ള പൊതു പ്രവർത്തകനാണെന്നും അദ്ദേഹത്തിനൊപ്പം പ്രസംഗ വേദിയിൽ ഉണ്ടായിരുന്ന സജിമോൻ ആന്റണിയെ ചേർത്തു നിർത്തിക്കൊണ്ട് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. പറഞ്ഞു.

ഫൊക്കാന മുൻ സെക്രട്ടറി സജിമോൻ ആന്റണിയാണ് ബാബു സ്റ്റീഫനെക്കുറിച്ചുള്ള  ലഘു വിവരണം നൽകിയത്. ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പള്ളിൽ ബാബു സ്റ്റീഫനെ പൊന്നാടയണിയിച്ചു. ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പട്ട മഞ്ചിന്റെ ബി.ഒ .ടി. ചെയർകൂടിയായ ഷാജി വർഗീസിനെ ഫൊക്കാന മുൻ ബി.ഒ.ടി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പും അസോസിയേറ്റ് സെക്രെട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ജോയി ചാക്കപ്പനെ മഞ്ച് സെക്രട്ടറി ആന്റണി കല്ലക്കാവുങ്കലും മഞ്ചിന്റെ യൂത്ത് വിഭാഗത്തിൽ നിന്നും ഫൊക്കാന ബോർഡ് മെമ്പർ ആയി തെരെഞ്ഞടുക്കപ്പെട്ട ടോണി കല്ലക്കാവുങ്കലിനെ മഞ്ച് ജോയിന്റ് സെക്രെട്ടറി അനിൽ ചാക്കോയും ഫൊക്കാന ന്യൂജേഴ്‌സി റീജിയണൽ ആർ. വി.പി ദേവസി പാലാട്ടിയെ മഞ്ച് കമ്മിറ്റി അംഗം ലിന്റോ മാത്യുവും നാഷണൽ കമ്മിറ്റി അംഗം അലക്സ് എബ്രഹാമിനെ ആൽബർട്ട് ആന്റണി കണ്ണമ്പള്ളിയും നാഷണൽ കമ്മിറ്റി അംഗം അജി ഉമ്മനെ മനോജ് വാട്ടപ്പള്ളിയും പൊന്നാട അണിയിച്ച് ആദരിച്ചു. 

 ഫൊക്കാനയുടെ സ്ഥാനമൊഴിഞ്ഞ സെക്രെട്ടറിയും മഞ്ച് മുൻ പ്രസിഡണ്ടുമായ സജിമോൻ ആന്റണിയെയും ഫൊക്കാനയുടെ ഈ വർഷത്തെ സാഹിത്യ പുരസ്കാരവിഭാഗത്തിൽ മികച്ച ജീവിതാനുഭകുറിപ്പുകൾക്കുള്ള അവാർഡും മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡും ലഭിച്ച മഞ്ച് പി.ആർ.ഒ ഫ്രാൻസിസ് തടത്തിലിനെയും ന്യൂജേഴ്സിയിലെ ആദ്യത്തെ വനിത മലയാളി പോലീസ് ഓഫീസറും ( ഡിക്റ്റക്റ്റീവ്) മഞ്ച് കുടുംബാംഗവുമായ ക്രസ്റ്റീന മൈക്കിൾ എന്നിവരെയും ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു.  മഞ്ച് ട്രഷറർ ഷിബു മാത്യു സജിമോൻ ആന്റണിയെയും മഞ്ച് ചാരിറ്റി ചെയർ ഷിജിമോൻ മാത്യു ഫ്രാൻസിസിനെയും ഡോ. ഷൈനി രാജു ക്രസ്റ്റീന മൈക്കിളിനെയും പൊന്നാടയണിയിച്ചു. 

1 COMMENT

  1. അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച് മുന്നോട്ടുപോകുന്ന ഫൊക്കാനയ്ക്ക് ആശംസകൾനേരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here