ന്യൂയോർക്ക്: അന്തരിച്ച സി.പി.ഐ (എം) മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റി ബ്യുറോ അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്റെ വേർപാടിൽ കേരള ടൈംസ് മാനേജ്മെന്റ് അഗാധ ദുഃഖം രേഖപ്പെടുത്തി. സി.പി.എമ്മിന് വ്യത്യസ്തമായ മുഖവും നേതൃത്വവും നൽകിയ സഖാവ് കോടിയേരി എന്ന കോടിയേരി ബാലകൃഷ്ണന്റെ വേർപാട് പാർട്ടിക്കു മാത്രമല്ല ഒരു വലിയ സുഹൃദ് വലയത്തിനുടമയായ കോടിയേരിയുടെ അനേകായിരം സുഹൃത്തുക്കളുടെയും അനുഭാവികളുടെയും കൂടി തീരാ നഷ്ടമാണ്.


 താനുമായി ദീര്ഘകാലം ബന്ധം പുലർത്തിയിരുന്ന സഖാവ് കോടിയേരി ബാലകൃഷ്‌ണനെ പലപ്പോഴും സന്ദർശിക്കുകയും രോഗ വിവരങ്ങൾ ആരായുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് കേരള ടൈംസ് മാനേജിങ്ങ് ഡയറക്ടർ പോൾ കറുകപ്പള്ളിൽ അനുശോചന സന്ദേശത്തിൽ അറിയിച്ചു. ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ന്യൂയോർക്കിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന സെമിനാറുകളിൽ രണ്ടു തവണ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ഫൊക്കാനയുടെ കേരള കൺവെൻഷനിലും കോടിയേരി ബലകൃഷ്‍ണൻ പങ്കെടുത്തിരുന്നതായി പോൾ കറുകപ്പള്ളിൽ അനുസ്മരിച്ചു. 

ഫൊക്കാനയുടെ ഇക്കഴിഞ്ഞകേരള കൺവെൻഷനോടനുബന്ധിച്ച് നാട്ടിൽ പോയപ്പോൾ അദ്ദേഹത്തെ കാണാൻ ശ്രമിച്ചതായിരുന്നു എന്നാൽ അദ്ദേഹത്തിന്റെ രോഗാവസ്ഥ വഷളായതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.- കറുകപ്പള്ളിൽ പറഞ്ഞു.

സഖാവ് അഴീക്കോടനു ശേഷം പുഞ്ചിരിയോടെ എല്ലാവരെയും അഭിമുഖീകരിക്കുന്ന അപൂർവം ചില നേതാക്കന്മാരിൽ ഒരാളാണ് കോടിയേരി. അവസാന നാളുകളിൽ വ്യക്തി  ജീവിതത്തിൽ അദ്ദേഹം പലവിധ വേട്ടയാടലുകൾക്ക് വിധേയനായിട്ടുണ്ട്. അപ്പോഴെല്ലാം ചിരിക്കുന്ന മുഖത്തോടെയാണ് കോടിയേരി ബാലകൃഷ്ണൻ എന്ന കരുത്തനായ നേതാവിനെ കാണാൻ കഴിഞ്ഞിട്ടുള്ളത്. രോഗാവസ്ഥയിലായിരുന്നപ്പോഴും വേദനകളെ പുഞ്ചിരിയോടെ നേരിട്ട കോടിയേരി ബാലകൃഷ്ണൻ എന്ന ധീര യോദ്ധാവ് മരണത്തെയും ഏറെ പുഞ്ചിരിയോടെയാകും അഭിമുഖീകരിച്ചിട്ടുണ്ടാകുക. കോടിയേരിയുടെ ആ പുഞ്ചിരിക്കുന്ന മുഖം പാർട്ടി അണികളിൽ മാത്രമല്ല എല്ലാ മലയാളികളുടെയും മനസിൽ മായാതെ കിടക്കുമെന്ന കാര്യം ഉറപ്പാണ്. അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാഗങ്ങൾക്കൊപ്പം കേരള ടൈംസ് മാനേജ്‍മെന്റും ജീവനക്കാരും പങ്കു ചേരുന്നു.


പോൾ കറുകപ്പള്ളിൽ,  (മാനേജിങ്ങ് ഡയറക്ടർ), കേരള ടൈംസ്  

LEAVE A REPLY

Please enter your comment!
Please enter your name here