ഡോ. മാത്യു ജോയിസ്

ആട് സ്നേഹമുള്ള ജീവിയാണ്. നന്നായി സ്നേഹിച്ചാൽ കൂട്ടം തെറ്റാതെ കൂടെ നിൽക്കും. എന്നാലും ആരെങ്കിലും ഒരു പ്ലാവിലകളുള്ള ഒരു ശിഖിരം കാട്ടിയാൽ അവർക്കു പിന്നാലെ വഴി തെറ്റി കൂട്ടം പിരിഞ്ഞുപോകും ചില കുഞ്ഞാടുകൾ. ചിലർ തങ്ങളുടെ കൂട്ടത്തിലുള്ള കുഞ്ഞാടുകളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ അവരുടെ മേൽ പരാക്രമം നടത്താറുമുണ്ട്.   അത്തരം കൂട്ടം തെറ്റിയ കുഞ്ഞാടുകളും  ദീക്ഷ വിരിച്ച് കൊമ്പുകുലുക്കി മുക്രയിടുന്ന മുട്ടാടുകളെക്കുറിച്ചും ഏറെ ആക്ഷേപഹാസ്യമായി വിവരിക്കുന്ന ഒരു കൃതിയാണ് അമേരിക്കയിലെ പ്രശസ്ത സാഹിത്യകാരനായ ഡോ. മാത്യു ജോയ്‌സ് രചിച്ച അമേരിക്കൻ ആടുകൾ എന്ന ഗ്രന്ഥം.

ആക്ഷേപഹാസ്യമാണ്  വായനക്കാരുമായി സംവദിക്കാൻ ഏറ്റവും നല്ല മാർഗമെന്ന് തെളിയിച്ച  പ്രശസ്ത ആക്ഷേപ സാഹ്യത്യകാരനായ വി.കെ.എൻ.എന്ന അതിമാനുഷികനായ എഴുത്തുകാരൻ നമുക്ക് മുൻപ് ഇവിടെ ജീവിച്ചിരുന്നുവെന്ന് എല്ലാവർക്കും അറിയാം. കുഞ്ചൻ നമ്പ്യാരുടെ ഓട്ടൻ തുള്ളലും കവി ചെമ്മനം ചാക്കോയുടെ ഹാസ്യ കവിതകളും ഭരണസിരാകേന്ദ്രത്തിലുള്ളവരുടെ വരെ കണ്ണു തുറപ്പിച്ച കാര്യം ഏവർക്കുമറിയാവുന്നതാണല്ലോ . ഇവരുടെയൊക്കെ പിൻഗാമിയായി  ആക്ഷേപ ഹാസ്യത്തിലൂടെ സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെ ധീരമായി തൂലിക ചലിപ്പിച്ച അമേരിക്കൻ മലയാളി എഴുത്തുകാരനാണ് ഡോ. മാത്യു ജോയ്‌സ്.  തന്റെ സ്വതസിദ്ധമായ ഹാസ്യശൈലിയിലൂടെ ആക്ഷേപഹാസ്യമുൾക്കൊള്ളുന്ന തീപൊള്ളുന്ന യാഥാർഥ്യങ്ങൾ ആണ്  “അമേരിക്കൻ ആടുകളി”ലൂടെ അതിസാഹസികമായി  ഡോ. മാത്യു ജോയിസ് കോറിയിട്ടിരിക്കുന്നത്. ഇതിലെ വിവിധതരം ആടുകളും നമ്മുടെ ഇടയിൽ മുക്രയിട്ട് നിൽക്കുന്നത് ഇപ്പോഴും നമുക്ക് കാണാമെന്നും അദ്ദേഹം പറയുന്നുണ്ട്.

ഫൊക്കാനയുടെ അവാർഡിന് അർഹമായ അമേരിക്കൻ ആടുകൾ, തന്റെ തിരഞ്ഞെടുക്കപ്പെട്ട ലേഖന- കവിതാ- കഥകളുടെ സമാഹാരമാണ് . നേരിയ ആക്ഷേപഹാസ്യത്തിൽ തുടങ്ങുന്ന ‘പള്ളിപ്പിശാച് ടോമിച്ചൻ’ എന്ന കാരിക്കേച്ചറിൽ തൂടങ്ങി, കോവിഡ്  മഹാമാരിയുടെ ആരംഭത്തിൽ എഴുതി മനോരമയിൽ പ്രസിദ്ധീകരിച്ച ”മോഹിപ്പിച്ച  പൊടിമീശക്കാരൻ’ എന്ന റൊമാന്റിക് ചെറുകഥയിൽ അവസാനിക്കുന്നതാണ് ഈ സമാഹാരം.

“ഈ പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആറു  ചെറുകഥകൾ അവയുടെ സംക്ഷിപ്‌തത, വ്യക്തത, ലൗകിക മാനുഷിക സാഹചര്യങ്ങളെക്കുറിച്ചുള്ള വിമർശനാത്മക വീക്ഷണം എന്നിവയാൽ വേറിട്ടുനിൽക്കുന്നു. ഒരു റൊമാന്റിക് കഥ എഴുതാൻ ഒരു റൊമാന്റിക്  എഴുത്തുകാരന് മാത്രമേ കഴിയൂ. എന്റെ സുഹൃത്ത് ഡോ. മാത്യൂ ജോയ്‌സ് (തോമസ് മാത്യു ജോയ്‌സ്) ശരിക്കും കീറ്റ്‌സിന്റെയും ചങ്ങമ്പുഴയുടെയും പിൻഗാമി ആണെന്ന് വിശ്വസിക്കാൻ എനിക്ക് എല്ലാ കാരണവുമുണ്ട്. മൊത്തത്തിൽ, ജോയ്‌സിന്റെ സമകാലിക രചനകളുടെ മനോഹരമായ ഒരു സമാഹാരമാണ് അമേരിക്കൻ ആടുകൾ”.- ദി ട്രിബ്യൂൺ, ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടൈംസ്, ഇൻഡ്യാ കറൻറ്സ് തുടങ്ങിയവയിൽ  ഉയർന്ന എഡിറ്റോറിയൽ പദവികൾ വഹിച്ചിട്ടുള്ള മുതിർന്ന പത്രപ്രവർത്തകനും കോളമിസ്റ്റുമായ ശ്രീ ഏ  ജെ ഫിലിപ്പ്‍  തന്റെ അവതാരികയിൽ ഇങ്ങനെ ഉപസംഹരിച്ചിരിക്കുന്നത്, ഈ സമാഹാരത്തെ വിലപ്പെട്ടതാക്കുന്നു.

സാഹിത്യകാരൻ എന്നറിയപ്പെടാൻ ആഗ്രഹിക്കാത്ത പത്രപ്രവർത്തകൻ കൂടിയായ ഡോ. ജോയിസ്‌  കേരളത്തിലും അമേരിക്കൻ മാധ്യമങ്ങളിലും സമകാലിക സംഭവങ്ങൾ വിശകലനം ചെയ്യാനും ലേഖനങ്ങൾ എഴുതാനും എപ്പോഴും താല്പര്യം കാണിക്കുന്ന എഴുത്തുകാരൻകൂടിയാണ്. നാട്ടിൻപുറത്തെ പഴയ വായനശാഖയിലെ എല്ലാം വായിച്ചുതീർത്തു വല്ലപ്പോഴും വരുന്ന പുതിയ പുസ്തകങ്ങൾക്കായി കാത്തിരുന്ന ആ നല്ല നാളുകൾ ഉണ്ട് ഈ ലേഖകന്.  ചേട്ടന്മാരും ബുദ്ധിജീവികളും കണ്ടറിഞ്ഞു നാളുകൾക്കു ശേഷമായിരിക്കും ആ കൃതികൾ,നിക്കറിട്ടു നടക്കുന്ന ഈ കൊച്ചു പയ്യന് ഒന്ന് കണി കാണാൻ കിട്ടിയിരുന്നത് . അന്ന് കണ്ടറിഞ്ഞും വായിച്ചറിഞ്ഞും കേട്ടറിഞ്ഞതുമായ ചിലതൊക്കെ തലയ്ക്കുള്ളിൽ അവശേഷിക്കുന്നതിന്റെ പ്രചോദനമാവാം പിൽക്കാലത്തു പലതും കുത്തിക്കുറിക്കാൻ സഹായിച്ചതെന്ന് അദ്ദേഹം ഇപ്പോൾ ഓർക്കുകയാണ്. 
അഖില കേരളാ ബാലജന സഖ്യത്തിലൂടെ വളർന്ന് , അന്നത്തെ ഏഷ്യയിലെ ഏറ്റവും വലിയ ആ ബാലസംഘടനയിലെ കേന്ദ്രക്കമ്മറ്റിയിൽവരെ പ്രവർത്തിക്കാൻ സാധിച്ചത്, പിൽകാലത്ത് നേതൃപാടവം തെളിയിക്കാനും സഹായമായി. കോളേജ് മാഗസിൻ,  മനോരാജ്യം വീക്കിലി തുടങ്ങിയവയിൽ  ചെറുകഥകൾ എഴുതിത്തുടങ്ങിയിരുന്നു. പിന്നീട്  ബിരുദാനന്തര പഠനങ്ങൾ ബാംഗ്ലൂരിലേക്ക് ചേക്കേറിയപ്പോൾ പഴയ ഹോബികൾ ഷെൽഫിലെ പുസ്തകശേഖരങ്ങളിലേക്കു ചുരുങ്ങി.

ഇന്ത്യയിൽ, അദ്ദേഹം ഇന്ത്യാ ഗവൺമെന്റിലും ധനകാര്യ വകുപ്പിലും അവസാനമായി നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷനിലും ജോലി ചെയ്തു. റോട്രാക്ട് ക്ലബ്ബിന്റെ ഡയറക്ടർ,എൻ റ്റീ സി  എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷൻ വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്നത്തെപ്പോലെ ഫോൺ മറ്റു മാധ്യമ ശൃഖലകൾ ഇല്ലാതിരുന്ന അക്കാലത്തു് (1978) വിവരങ്ങൾ ശേഖരിച്ചു  ന്യൂസ് ലെറ്റർ സൃഷ്ടിച്ചു രാജ്യമെമ്പാടും എത്തിക്കുന്നതിലും എഡിറ്റർ എന്ന നിലയിൽ മാത്യു ജോയിസ് തന്റെ പാടവം തെളിയിച്ചിട്ടുണ്ട്.

 ഇമലയാളി, കേരള ടൈംസ്,  കേരള എക്സ്പ്രസ്, മലയാളി മനസ്സ്, ജയ്ഹിന്ദ് വാർത്ത, നമ്മൾ ഓൺലൈൻ, നേർക്കാഴ്ച, ബ്രിട്ടീഷ് പത്രം, ഇന്ത്യാലൈഫ്, യുണൈറ്റഡ് ന്യൂസ് നെറ്റ്‌വർക്ക് എന്നിവയിലെ സ്ഥിരം റിപ്പോർട്ടറും കോളമിസ്റ്റുമാണ്. ജയ്‌ഹിന്ദ്‌ വാർത്തയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായും മലയാളി മാഗസിൻ, എക്‌സ്പ്രസ് ഹെറാൾഡ് തുടങ്ങിയവയുടെ അസോസിയേറ്റ് എഡിറ്ററായും യുഎൻ.എൻ ഇംഗ്ലീഷ് ന്യൂസ് പോർട്ടലിന്റെ കോളമിസ്റ്റായും എഡിറ്റോറിയൽ ടീം അംഗമായും അദ്ദേഹം പ്രവർത്തിക്കുന്നു. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ വൈസ് ചെയർമാൻ, ബോർഡ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ശേഷം  ഐ എ പി സി യുടെ ഡയറക്ടർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നു. പ്രവാസികളായി ലോകമെമ്പാടുമുള്ളഇന്ത്യക്കാരെ ഏകോപിപ്പിച്ചുകൊണ്ടു ആഗോളതലത്തിൽ പ്രവർത്തിച്ചു വരുന്ന ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ എന്ന സംഘടനയുടെ ഗ്ലോബൽ മീഡിയാ ചെയർപേഴ്സൺ കൂടിയാണ്.

നിരവധി പ്രസിദ്ധീകരണങ്ങളിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്ന  ഓ മൈ ലവ്, ബൈബിളിലെ പ്രേമകാവ്യം, വിശ്വാസം അതല്ലേ എല്ലാം, അമേരിക്കൻ ആടുകൾ എന്നിവ വളരെ ജനപ്രിയമാണ്.

അവാർഡുകൾ: ലിംക ബുക്‌സ് ഓഫ് റെക്കോർഡ്‌സ് അവാർഡ് നേടിയ കാവ്യസമാഹാരത്തിലെ കവിത, ഗാന്ധി പീസ് ഗ്ലോബൽ എസ്സേ കോമ്പറ്റീഷൻ അവാർഡ് – ഡ്രഗ് ഫ്രീ കേരള (2021), കേരള ലിറ്റററി സൊസൈറ്റിയുടെ ഒന്നാം സമ്മാന ജേതാവ് – മനയിൽ കവിതാ  മത്സരം (2022), ഫൊക്കാന 2020-22 സോഷ്യൽ മീഡിയയിലെ മികച്ച കാഴ്ചപ്പാടിനുള്ള സാഹിത്യ അവാർഡ് ( 2022).

മുമ്പ് ഒഹായോയിലെ സിൻസിനാറ്റി യിലായിരുന്നു.  ഇപ്പോൾ ഭാര്യ ഡോ. ആലീസ് മാത്യുവിനോടൊപ്പം നെവാഡയിലെ ലാസ് വേഗസിൽ കഴിഞ്ഞ നാലു വർഷമായി റിട്ടയർ ജീവിതം ആഘോഷിച്ചു ജീവിക്കുന്നു.

നിലച്ചുപോയൊരു സ്വരരാഗ ഗംഗാ പ്രവാഹം (നവ മാധ്യമ പുരസ്കാരം ലഭിച്ച ‘അമേരിക്കൻ ആടുകൾ’ എന്ന പുസ്തകത്തിൽ നിന്നും)

(യൂസഫലി കേച്ചേരി അനുസ്മരണം)

വർഷങ്ങൾക്കു മുൻപ് ആദ്യമായി യൂസഫലി കേച്ചേരി എന്ന മഹാനുഭാവനെ കണ്ടുമുട്ടുമ്പോൾ, തൻറെ എഴുത്ത് മേശയിൽ വലിയ അക്ഷരങ്ങളിൽ കോറിയിട്ടിരുന്ന; ‘പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു, മണ്ണിൽ വീണുടയുന്ന തേൻകുടം കണ്ണുനീരെന്നും  വിളിച്ചു’ ആ കവിതാശകലം അദ്ദേഹം തന്നെ രണ്ടാവർത്തി വായിച്ചു കേട്ടപ്പോൾ, ഒന്നുമല്ലാതിരുന്ന ഞാൻ, അതിലെ ഭാവനകളുടെ സൗന്ദര്യത്തിൽ വിസ്മയിച്ചിരുന്നുപോയി.


സത്യം പറഞ്ഞാൽ ബാംഗ്ലൂരിൽ പഠിക്കുന്ന കാലത്ത്, ഞാൻ ഒരു ജ്യേഷ്ഠനെപ്പോലെ കരുതിയിരുന്ന എൻറെ സുഹൃത്തായ ഹരിയുടെ വിവാഹത്തോട് അനുബന്ധിച്ചാണ് ഞാൻ ആദ്യമായി കേച്ചേരി എന്ന ഈ കുഗ്രാമത്തിലേക്ക് ചെന്നത്. ഹരിയുടെ അയൽക്കാരനായ ഒരു വക്കീൽ സുഹൃത്തിനെ പരിചയപ്പെടുത്താമെന്നും പറഞ്ഞാണ് ഈ യൂസഫലി മാസ്റ്ററുടെ ഭവനത്തിലേക്ക് പോയത്. അക്കാലത്ത് ഒരു ഹിന്ദുവും ക്രിസ്ത്യാനിയും കൂടെ ഒരു മുസൽമാൻറെ വീട്ടിലേക്കു കയറി ചെന്നതിൻറെ സാരസ്യം അചിന്തനീയമാണ്. അവിടെ ചെന്ന് കയറുമ്പോൾ, പാറിപ്പറന്ന മുടിയുമായി വലിയ ഫ്രെയ്മുള്ള കണ്ണാടിയും വെച്ചിരിക്കുന്ന ഇദ്ദേഹം ഇത്രവലിയ കവിയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. കുറെ സിനിമകളിൽ ഗാനരചയിതാവായിരുന്നെന്ന് അങ്ങോട്ട് പോകുന്ന വഴി ഹരി പറഞ്ഞ അറിവ് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ മിക്കവാറം മലയാളം സിമികൾ ഞാൻ കാണുമായിരുന്നെങ്കിലും അതിൻന്റെയൊന്നും ഗാനരചയിതാവ് ആരായിരുന്നെന്ന് ശ്രദ്ധിച്ചിട്ടില്ല. പക്ഷേ പല നല്ല പാട്ടുകളുടെയും ഗായകർ ആരായിരുന്നെന്ന് ഏതാണ് നല്ല ഊഹമുണ്ടായിരുന്നു. (അന്നു സിനിമാ ഇറങ്ങി മാസങ്ങൾക്കും വർഷങ്ങൾക്കും ശേഷമായിരുന്നു അതിലെ പാട്ടുകൾ റേഡിയോയിൽ കേട്ട് തുടങ്ങിയിരുന്നത്. കൂടാതെ ഇന്നത്തെപ്പോലെ മുൻകൂട്ടി സീഡി ഇറക്കുന്ന സാങ്കേതിക വിദ്യയൊന്നും പുരോഗമിച്ചിരുന്നില്ല).


സംസാരിക്കുന്നതിനിടയിൽ അദ്ദേഹം എഴുതിയ ഒരു സംസ്കൃത കാവ്യം കൂടി ആലപിച്ചുകേട്ടപ്പോൾ, ഞാൻ ഇദ്ദേഹം ഒരു വൻ പ്രതിഭാശാലിയായ സാഹിത്യകാരൻ തന്നെ എന്ന് മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു. പൊതുവെ വക്കീലന്മാർ കലാസ്വാദകർ അല്ല എന്നായിരുന്നു എന്റെ ധാരണ. ഈ നിയമബിരുദകാരനായ മധ്യവയസ്കരൻറെ തലയിൽ മുഴുവൻ കവിതയും, സംസ്കൃതവും പ്രേമസുധാരാഗങ്ങളുടെ നിലച്ചുപൊയൊരു സ്വരരാഗ ഗംഗാ പ്രവാഹവുമാണെന്ന് ആ ഒറ്റപരിചയപ്പെടലിൽ എനിക്ക് മനസ്സിലായി. അന്നു ചായയോടൊപ്പം നൽകിയ നീളത്തിൽ കീറിയിട്ട സേലം മാങ്ങാപ്പൂളുകളുടെ മാധുര്യം ഇന്നും നാവിൽ നിൽക്കുന്നതുപോലെ, ഏതായാലും തിരിച്ചു പോരുമ്പോൾ അറിയാതെ ഞാൻ യൂസഫലി മാസ്റ്ററുടെ സൃഷ്ടികളുടെ ഒരു ആരാധകൻ ആയി മാറിത്തുടങ്ങുകയായിരുന്നു. അതിനുശേഷം മാസറ്ററുടെ ചില കൃതികളും ഗാനങ്ങളും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. യൂസഫലി എന്ന് കേൾക്കുമ്പോൾ കേച്ചേരി എന്ന കൊച്ചുഗ്രാമവും യൂസഫലിമാസ്റ്ററുടെ പഴയ പ്രണയഗാനങ്ങളും മാസ്റ്ററിന്റെ വീടിൻറെ ചുറ്റുമുള്ള മാവിൻതോട്ടവും എല്ലാം എൻറെ മനോമുകുരത്തിൽ തെളിഞ്ഞുവരുന്നു. ഞാൻ ഈപ്പറഞ്ഞ കാര്യങ്ങൾ നാൽപ്പത് വർഷങ്ങൾക്കു മുൻപ് (1975) നടന്ന ഒരു ചെറിയ സംഭവം മാത്രം.


വർഷങ്ങൾക്കുശേഷം കോയമ്പത്തൂരിലും തൃശൂരിലും വെച്ച് സദസ്സുകളിൽ ഇരുന്ന് കാണുമ്പോൾ യൂസഫലി കേച്ചേരി മലയാളി മനസ്സിൽ ഒരു വടവൃക്ഷം പോലെ വളർന്നു കഴിഞ്ഞിരുന്നു. കാലത്തിൻറെ ത്വരിത ഗമനത്തോടൊപ്പം ഭാവനാസമ്പന്നമായ തൻറെ ഗാനങ്ങളിലുടെ മലയാളക്കരയെ വീണ്ടും വീണ്ടും പുളകിതമാക്കിക്കൊണ്ടേയിരുന്നു. പൂങ്കാററിനോടും പുഴകളോടും പൂമഴയോടും കിളികളോടും സുന്ദരിപ്പെണ്ണിനോടും, കാട്ടുപൂവിൻന്റെ കരളിനോടും, മന്ത്രമോതി തൻന്റെ നെഞ്ചിലെ ദാഹം പനിനീർത്തുള്ളിപോലെ നീലത്താമരത്താളിൽ മലയാളത്തിന് നിവേദിച്ച ആ മഹാനുഭാവൻ കഴിഞ്ഞ മാസം (21 മാർച്ച് 2015) കാലയവനികക്കുള്ളിൽ മറഞ്ഞു.


തൃശൂർ ജില്ലയിൽ ഗുരുവായൂരിനടുത്തുള്ള കേച്ചേരിയിൽ ചിമ്പയിൽ അഹമ്മദിൻറെയും ഏലംകുളം നജിമക്കുട്ടി ഉമ്മയുടെയും മകനായി 1936 മേയ് 16 ന് യൂസഫലി ജനിച്ചു. ഉമ്മയുടെ മുലപ്പാലിനൊപ്പം മാപ്പിളപ്പാട്ടിൻന്റെ നിരവധി ശീലുകൾ കേട്ട് വളർന്നതാണ് തന്നെ ഒരു കവിയാക്കിയെന്നത് യൂസഫലി മാസ്റ്റർ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. കേരളവർമ്മ കോളേജിൽനിന്നും ബി.എ.യും തുടർന്ന് ബി എൽ പരീക്ഷയും പാസ്സായി കുറച്ചുകാലം അഭിഭാഷകനായി ജോലി ചെയ്തിരുന്നു. തൻറെ മൂത്ത സഹോദരൻന്റെ പ്രോത്സാഹനം കാരണമാണ് താൻ കലാസാഹിത്യരംഗത്തു കാലെടുത്തു വച്ചതെന്നും അദ്ദേഹം പറയുമായിരുന്നു. സംസ്കൃതം പഠിച്ചാലേ ആഴങ്ങളിൽ നീന്തിത്തുടിച്ച് നല്ല ഭാഷയും സർഗ്ഗവാസനയും പരിപോ ഷിപ്പിക്കാനാവൂ എന്ന് മനസ്സിലാക്കിയ അദ്ദേഹം സംസ്കൃത പണ്ഡിതൻ കെ.പി. നാരായണ പിഷാരടിയുടെ കീഴിൽ സംസ്കൃതം പഠിച്ചെടുത്തിരുന്നു.


1954 ൽ യൂസഫലി മാസ്റ്ററിൻറെ ആദ്യ കവിയായ കൃതാർത്ഥൻ ഞാൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. ഗുരുവായൂരിനടുത്ത് ജീവിച്ചതുകൊണ്ടാണോ, അതോ ചുറ്റുപാടുമുള്ള കൃഷ്ണഭക്തരായ ഹിന്ദുക്കളുടെ സഹവാസമാണോ എന്നറിയില്ല യൂസഫലി ശ്രീകൃഷ്ണനേയും തൻറെ മനസ്സിൽ താലോലിച്ചിരുന്നു. തൻറെ സംസ്കൃത പഠനം വേദങ്ങൾ പഠിക്കുന്നതിനും സഹായിച്ചു. ഒരു പക്ഷേ നമ്മുടെ ഇൻഡ്യയിൽ സംസ്കൃതത്തിൽ ഒരു സിനിമാഗാനം രചിച്ച ഒരേ ഒരു കവിയും യൂസഫലി മാസറ്റർ ആയിരിക്കാം. മതവിശ്വാസങ്ങൾക്ക് അപ്പുറമായിരുന്നു തൻറെ വിശാലമായ മനസ്സെന്ന് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. യൂസഫലി മാസ്റ്ററുടെ കൃഷ്ണഭക്തിഗാനങ്ങൾ വിശേഷാൽ സുപ്രസിദ്ധമാണ്.

ജാതിമത ചിന്തകൾക്ക് അതീതമായി നമുക്ക് എത്ര കേട്ടാലും മതി വരാത്ത കൃഷ്ണകൃപാസാഗരം എന്ന് തുടങ്ങുന്ന സർഗ്ഗം എന്ന ചിത്രത്തിലെ ഗാനും ജാനീ ജാനേ രാമാ… എന്ന് തുടങ്ങുന്ന ധ്വനി എന്ന ചിത്രത്തിലെ ഗാനവും, മാസ്റ്ററുടെ കൃഷ്ണഭക്തിയുടെയും, സംസ്കൃതഭാഷാ ജ്ഞാനത്തിൻറെയും അതുല്യപാടവും വെളിവാക്കുന്നു. മതേതരത്വത്തിൻറെ കവിയായ യൂസഫലി മാസ്റ്ററിൻറെ അഭിപ്രായത്തിൽ വേദങ്ങൾക്കെല്ലാമുള്ള വ്യക്തിത്വം ഒന്നാണ്. ഭാരതീയ അദ്ധ്യാത്മീയതയിൽ ഭാവന കോർത്തിണക്കിയത് ഭക്തിയുടെ മാത്രമല്ല, സ്നേഹത്തിൻറെ അനശ്വരഗീതികൾ കൂടിയാണ്. കൃഷ്ണനും, മുഹമ്മദ് നബിയും യേശുക്രിസ്തുവും മനുഷ്യരെ ദൈവത്തിങ്കലേക്ക് നയിക്കുന്നവർ മാത്രമാണ്. ദൈവം ഒന്നേയുള്ളു അതൊരു മഹാശക്തിയാണ്. ഋഗ് വേദത്തിലെ അവസാന മന്ത്രം പറയുന്നത് ഈ ഭൂലോകത്തിലെ വിഭിന്ന ജന സമൂഹത്തിലെ മനുഷ്യരെല്ലാം ഏക മനസ്സായിത്തീരട്ടെ എന്നാണ്.


മലയാളക്കരെയെയും ഭാരതീയ സംസ്കാരത്തെയും വളരെ ആഴത്തിൽ പഠിച്ച പണ്ഡിതനായിരുന്നു യൂസഫലി എന്ന് നിസ്സംശയം പറയാം. പ്രത്യേകിച്ച് മലയാളിയുടെ ലോല മനസ്സിനെയും മലയാളത്തിൻറെ ആത്മാവിനെയും തൊട്ടറിഞ്ഞ കവി, പ്രകൃതിയുടെ ഒരു നിത്യോപാസകനായിരുന്നു.


ഒഴുകുന്നു മന്ദമെൻ ഗ്രാമത്തിലൂടെന്നും
പുഴയെന്നു പേരുള്ളോരോമനത്വം
പഴമക്കാർ വൻനദി കാണാത്തോർ
കേച്ചേരിപ്പുഴയെന്നതിനെ വിളിച്ചതാവാം…..എന്ന് തുടങ്ങുന്ന മനോഹരമായ കവിത തൻറെ കൊച്ചു ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴയെപ്പറ്റിയായിരുന്നു. ആധുനിക കാലത്തെ ഏറ്റവും ജനപ്രിയ കവികളിൽ ഒരാളായി മാറിയ അദ്ദേഹത്തിൻറെ പാട്ടുകൾ മലയാളത്തിൻറെ മാനസനിളയിൽ ഏക്കാലവും പൊന്നോളങ്ങളായി മജ്ഞീരധ്വനിയുയർത്തി നിലനിൽക്കുമെന്ന് തീർച്ച.


1962 ൽ മൂടുപടം എന്ന ചിത്രത്തിനുവേണ്ടി മൈലാഞ്ചിത്തോപ്പിൽ മയങ്ങി നിൽക്കുന്ന മൊഞ്ചത്തി എന്ന ഗാനത്തിലൂടെ, ചലച്ചിത്രഗാനരചയിതാവ് എന്ന തൻന്റെ കഴിവും മിഴിവും തുടങ്ങിവെച്ചതുമുതൽ യൂസഫലി മാസ്റ്റർ മലയളിക്ക് ലഭിച്ച പുണ്യമായി മാറിത്തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ചും 1983 കൾക്ക് ശേഷം മലയാള ചലച്ചിത്രഗാനങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രണയകാവ്യങ്ങളുടെ ഒരു പ്രവാഹമായിരുന്നു. യൂസഫലി മാസ്റ്റർ മലയാളത്തിലെ ഒട്ടുമിക്ക പ്രധാന സംഗീത സംവിധായകർക്കുമൊപ്പം പ്രവർത്തിച്ചു കൊണ്ട്, ഏക്കാലത്തേയും മികച്ച ഹിറ്റുകൾ സംഭാവന ചെയ്യുകയും ചെയ്തു. ഏകദേശം 638 സിനിമാഗനങ്ങളിലൂടെ മലയാളി മനസ്സിനെ പുളകിതമാക്കിയ സർഗ്ഗബോധമുള്ള കവിയായിരുന്നു യൂസഫലി മാസ്റ്റർ.


റസ്സൂലേ, റസ്സൂലേ നിൻ വരവായി എന്നു തുടങ്ങുന്ന സഞ്ചാരി എന്ന ചിത്രത്തിലെ ഗാനത്തിലെ അറബിവാക്കുകൾ മലയാളി ഹൃദിസ്ഥമാക്കിയത്, മാസ്റ്ററുടെ മാപ്പിളപ്പാട്ടിൻറെ ശൈലിയുടെ ഒരു വഴിത്തിരിവായിരുന്നു. തന്നിൽ മാപ്പിളപ്പാട്ടിൻന്റെ മാധുര്യം നിറച്ചു തന്നെ ഉമ്മയെ സ്നേഹിച്ച് ആരാധിക്കുമ്പോൾ, നിരവധി മാപ്പിളപ്പാട്ടുകളുടെ പുനർജനനം മാസ്റ്ററുടെ പേനത്തുമ്പില് നിന്നും വിരാജിതമായി. തൻറെ ഭാര്യ ഖദീജയെ ഉൽക്കടമായി പ്രേമിച്ചതിൻറെ ബഹിർസ്പുരണമായിരുന്നു സുറമയെഴുതിയ മിഴികളെ, പ്രണയത്തേൽ തുളുമ്പും മിഴികളേ, എന്ന പ്രേമകാവ്യം, സ്ത്രീയില്ലെങ്കിൽ ജനറേഷനില്ല, ജനറേഷൻ നിലനിർത്തുന്നത് സ്ത്രീയുടെ  ആകർഷണീയതയിൽ നിന്നുമാണ്. അതാണ് സ്ത്രീയെ പുരുഷന് അഭികാമ്യമാക്കുന്നതും എന്ന് പറഞ്ഞതും യൂസഫലി മാസ്റ്റർ തന്നെ.


ചലച്ചിത്രഗാന രചയിതാവായിരിക്കുമ്പോൾത്തന്നെ, മൂന്നു സിനിമകൾ ധമരം, വനദേവത, നീലത്താമര സംവിധാനം ചെയ്യാനും യൂസഫലി മാസ്റ്റർ സമയം കണ്ടെത്തിയിട്ടുണ്ട്. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന സിനിമയുടെ തിരക്കഥ എഴുതിയതും അദ്ദേഹമായിരുന്നു. കൂടാതെ നിരവധി കൃതികൾ തൻന്റെ പൗഢമായ ഭാഷാശൈലിയിൽ നമുക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. സൈനബ, സ്കന്യബ്രഹ്മം, ആയിരം നാവുള്ള മൗനം (കവിതകൾ), നാദബ്രഹ്മം, അഞ്ചുകന്യകകൾ, അമൃത്, കേച്ചേരിപ്പുഴ, മൂടുപടമില്ലാതെ, കഥയെ പ്രേമിച്ച കവി, ആലില, ഹജ്ജിൻറെ മതേതരദർശനം പേരറിയാത്ത നൊമ്പരം, ഗുരുബ്രഹ്മം എന്നിവയാണ് മാസ്റ്ററിൻറെ പ്രധാന സാഹിത്യകൃതികൾ. ദൈവം മനുഷ്യനായ് പിറന്നാൽ, ജീവിതം അനുഭവിച്ചറിഞ്ഞാൽ, തിരിച്ചുപോകും മുമ്പേ ദൈവം പറയും, മനുഷ്യാ നീയാണെന്റെ ദൈവം എന്നു ഒരിക്കൽ മാസ്റ്റർ പ്രസ്ഥാവിക്കുകയുണ്ടായി.

എഴുത്തുകാരോട് യൂസഫലി മാസ്റ്റർ ഉപദേശിക്കുന്നു, പാണ്ഡ്യത്യം കൂടുംതോറും കവിതയും കൂടുമെന്ന് പറഞ്ഞത് കുറച്ചുകൂടി ആക്കം കൂട്ടിച്ചേർത്ത് ഇംഗ്ലീഷിൽ ആവർത്തിക്കുന്നു. ‘IN DEPTH WRITING NEEDS, INDEEPTH READING’

എൻന്റെ ഓർമ്മയിൽ നിൽക്കുന്ന യൂസഫലിമാസ്റ്ററിൻറെ ചില വളരെ പഴയ ഗാനങ്ങൾ കൂടി ചേർക്കട്ടെ
അനുരാഗ ഗാനം പോലെ, അഴകിൻറെയല പോലെ (ഉദ്യോഗസ്ഥ)
പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ (കാർത്തിക)
മാനേ മധുര കരിമ്പേ (പിൻ നിലാവ്)
സുറുമയെഴുതിയ മിഴികളെ, പ്രണയത്തേൻ തുളുമ്പും(ഖദീജ)
വെണ്ണയോ വെണ്ണിലാവുറഞ്ഞതോ (ഇതാ ഇവിടെ വരെ)
വൈശാഖസന്ധ്യേ നിൻ ചുണ്ടിലെന്തേ (നാടോടിക്കാറ്റ്)
പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായികടവത്തോ (മരം)
ഓമലാളേ കണ്ടു ഞാൻ പൂങ്കിനാവിൽ (സിന്ദൂരച്ചെപ്പ്)
മാർത്തോമ്മൻ നന്മയാൽ (പറയാൻ ബാക്കി വെച്ചത്)
ബ്രാഹ്മമുഹൂർത്തമുണർന്നു (വീട് ഒരു സ്വർഗ്ഗം)
ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളെ (മീൻ)
സംഗീതമേ അമരസല്ലാപമേ (സർഗ്ഗം)

വിദേശരാജ്യങ്ങളിൽ മലയാളികളുടെ ആഘോഷങ്ങളിൽ, ഇക്കരയാണെൻന്റെ താമസം, അക്കരെയാണെന്റെ മാനസം, അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും, തുടങ്ങിയ പാട്ടുകൾ പ്രവാസികൾ പാടുമ്പോഴും, പ്രേമത്തിൻറെ മോഹഭംഗവും, വിരഹത്തിൻറെ ആഴവും വരച്ചുകാട്ടിയ യൂസഫലി മാസ്റ്ററിനെ ആരെങ്കിലും ഓർക്കുന്നുണ്ടാവുമോ’
കാലത്തെ അതിജീവിക്കുന്ന വേറിട്ട ചിന്തകൾക്ക് ഉടമയായിരുന്ന യൂസഫലി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കേരളാ സാഹിത്യ അക്കാദമി അവാർഡ് (ആയിരം നാവുള്ള മൗനം), ഓടക്കുഴലൽ അവാർഡ് (കേച്ചേരിപ്പുഴ), വള്ളത്തോൾ അവാർഡ്, ബാലാമണിയമ്മ അവാർഡ്. കേരളാ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (2013) തുടങ്ങിയവ അതിൽ ചിലതാണ്.


ചലച്ചിത്ര ഗാനരചയിതാവെന്ന കേരള സ്റ്റേറ്റ് ഫിലിം അവാർഡ് (1993, 1994, 1998) ഗസൽ, പരണയം, സ്നേഹം എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും, എഷ്യാനെറ്റ് അവാർഡ് 1999 (ചിത്രം, ദീപസ്തംഭം മഹാശ്ചര്യം), നാഷണൽ ഫിലിം അവാർഡ് 2000 (സംസ്കൃതഗാനം ചിത്രം മഴ), പ്രേംനസീർ അവാർഡ് കുഞ്ഞാക്കോ മെമ്മോറിയൽ അവാർഡ് മുതലായവയും ലഭിച്ചിട്ടുണ്ട്.


എങ്കിലും, ഇത്രയും, പാണ്ഡ്യത്യവും ഭാവനാസമ്പന്നതയും കൊണ്ട് സാഹിത്യരംഗത്തും ചലച്ചിത്ര മേഖലകളിലും മഴവില്ല് തീർത്ത നമ്മുടെ യൂസഫലി മാസ്റ്ററിന് ദേശീയ തലത്തിൽ വേണ്ട ഉയർന്ന അംഗീകാരങ്ങൾ ലഭിക്കാതെ പോയത് എന്തുകൊണ്ടാണ് എന്ന ഒരു നേരിയ സംശയം നിലനിൽക്കുന്നു. മേയ് മാസം 16 ന് വീണ്ടുമൊരു ജന്മദിനം ആഘോഷിക്കുന്നതിനു കാത്തു നിൽക്കാതെ, അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു പേരറിയാത്ത നൊമ്പരം എന്ന് നാല് പതിറ്റാണ്ടു മുൻപേ മനസ്സിൽ കോറിയിട്ട ചിന്തയായിരിക്കാം പിന്നീട് അദ്ദേഹത്തിന്റെ  ഒരു സാഹിത്യ കൃതിയായും, വർഷങ്ങൾക്കുക ശേഷം 1998 ൽ സ്നേഹം എന്ന സിനിമയിൽ ഒരു ഹിറ്റ് ഗാനമായും നമുക്ക് സമ്മാനിക്കാൻ പ്രേരിപ്പിച്ചതെന്ന് ഞാൻ വെറുതെ ചിന്തിച്ചു പോവുകയാണ്. യൂസഫലി മാസ്റ്ററിന് നേരിൽ കാണാൻ സാഘിച്ച ഒരു ആരാധകൻ എന്ന നിലയിൽ സ്മരിക്കാതിരിക്കാൻ വയ്യ. യൂസഫലിമാസ്റ്റർ ഇന്നും മലയാളിമനസ്സുകളിൽ ജീവിക്കുന്നു. പേരറിയാത്ത ഒരു നൊമ്പരമായ്.


മലയാളിക്കുവേണ്ടി, യൂസഫലി കേച്ചേരിയെന്ന സ്വരരാഗ ഗംഗാ പ്രവാഹത്തിൻറെ പൊൻ വസന്തത്തിന് സ്നേഹാദരവുകൾ , കണ്ണീരിൻറെ നനവുള്ള സ്മരണാജ്ഞലികൾ.

2 COMMENTS

  1. മധുരസ്മരണ, മനോഹരമായ വിവരണം, നല്ല ഓർമ്മപ്പെടുത്തൽ.

Leave a Reply to M.P. Sheela Cancel reply

Please enter your comment!
Please enter your name here