ന്യൂ ജേഴ്‌സി: നോർത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവർത്തകനും ഫൊക്കാനയുടെ ഏറ്റവും ശക്തനായ വക്താവുമായിരുന്നു ഫ്രാൻസിസ് തടത്തിലെന്ന് ഫൊക്കാന ട്രഷറർ ബിജുജോൺ കൊട്ടാരക്കര അഭിപ്രായപ്പെട്ടു. ദീർഘകാലമായുള്ള ഒരു നല്ല സുഹൃത്തിനെയാണ് നഷ്ടമായത്. കേരളത്തിൽ ദീപികയിലും മംഗളത്തിലും മാധ്യമപ്രവർത്തനം നടത്തിയതിന് ശേഷമാണ് ഫ്രാൻസിസ് അമേരിക്കയിലെത്തുന്നത്. അമേരിക്കയിൽ വന്നപ്പോഴും തന്റെ തട്ടകം മാധ്യമ ലോകമാണെന്ന് പ്രഖ്യാപിച്ച ഫ്രാൻസിസ് വിവിധ സ്ഥാപനങ്ങളിൽ മാധ്യമ പ്രവർത്തകനായി. നിരവധി ലേഖനങ്ങളെഴുതി.

ഇന്ത്യൻ രാഷ്ട്രീയവും അമേരിക്കൻ രാഷ്ട്രീയവും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള പാഠവമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. ആരോഗ്യപരമായുള്ള നിരവധി പ്രശ്‌നങ്ങൾ നിരന്തരമായി അലട്ടിയപ്പോഴും ഫ്രാൻസിസിലെ പത്രപ്രവർത്തകൻ സജീവമായി നിലകൊണ്ടു. ഫൊക്കാനയുടെ കഴിഞ്ഞ പ്രവർത്തനകാലത്ത് നിരവധി വാർത്തകളാണ് ജനങ്ങളിലേക്ക് എത്തിച്ചത്. കേരളാ ടൈംസിന്റെ ചീഫ് എഡിറ്റർ ചുമതലയിലേക്ക് വന്നതിനെ തുടർന്നാണ് ഞാൻ ഫ്രാൻസിസുമായി നിരന്തരമായി ഇടപെടുന്നത്. അദ്ദേഹത്തെ സഹായിക്കാനായി കേരളാ ടൈംസിൽ എഡിറ്ററായി ഞാനും ഉണ്ടായിരുന്നു. പത്രപ്രവർത്തനത്തിൽ വെള്ളം ചേർക്കാൻ ഒരിക്കലും അദ്ദേഹം തയ്യാറായിരുന്നില്ല.

പത്രപ്രവർത്തനത്തിലെ പ്രഫഷണലിസം എന്താണെന്ന് ഞാൻ കണ്ടുപഠിച്ചത് ഫ്രാൻസിസിൽ നിന്നായിരുന്നു. ഫൊക്കാനയുടെ ഓർലാന്റോ കൺവെൻഷനിലും അതിനു മുൻപും ഫൊക്കാനയുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ എഴുതി, ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നമ്മുടെ ടീമിന് നൽകിയ പിന്തുണ ഒരിക്കലും മറക്കാനവാത്തതുമായിരുന്നു. തികഞ്ഞ ദൈവ വിശ്വാസികൂടിയായ ഫ്രാൻസിസ് എന്നും പറഞ്ഞിരുന്ന കാര്യം ദൈവം സത്യമാണെന്നും അതിനാലാണ് ഞാൻ ഇവിടെ നിൽക്കുന്നതെന്നുമായിരുന്നു.

രക്താർബുദം ബാധിച്ചപ്പോഴും, നിരവധി തവണ സർജറികൾക്കും മറ്റും വിധേയമായപ്പോഴും ഫ്രാൻസിസ് മനോദൈര്യത്തോടെ എല്ലാറ്റിനെയും നേരിട്ടു. ഫ്രാൻസിസിന്റെ വേർപാട് കനത്തതാണ്, അത് നികത്താനാവാത്തതുമാണെന്ന് തിരിച്ചറിയുന്നു. ഫ്രാൻസിന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളോടും ബന്ധുമിത്രാധികളോടുമൊപ്പം വേദനകൾ പങ്കിടുന്നതായും ഫൊക്കാന ട്രഷറർ ബിജു ജോൺ കൊട്ടാരക്കര അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here