ന്യു യോർക്ക്:  ഫൊക്കാന ന്യു യോർക്ക്  റീജിയൻ (3) പ്രവർത്തന ഉൽഘാടനംനിറഞ്ഞ സദസിൽ  ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ  നിർവഹിച്ചു.   ന്യു യോർക്ക് സ്റ്റേറ്റ് സെനറ്റർ എലിജാ റെയ്ക്കലിൻ-മെൽനിക്ക്, റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ എന്നിവർ ആശംസകളർപ്പിച്ചു.

റവ. ഫാ. രാജു വർഗീസ് സർവമത പ്രാർത്ഥന നടത്തി. ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷാഹി, ട്രഷറർ ബിജു കൊട്ടാരക്കര, എക്സി. വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, ജോയിന്റ് സെക്രട്ടറി  ജോയി ചാക്കപ്പൻ, ട്രസ്റ്റി ബോർഡ് ചെയർ സജി പോത്തൻ തുടങ്ങിയവർ പുതിയ റീജിയന്റെ പ്രവർത്തനങ്ങൾക്ക് വിജയാശംസകൾ നേർന്നു സംസാരിച്ചു.

പുതിയ റീജിയന്റെ  ആർ.വി.പി. മത്തായി ചാക്കോ എല്ലാവരെയും സ്വാഗതം ചെയ്തു. വെസ്റ്റ് ചെസ്റ്റർ, റോക്ക് ലാൻഡ്, എന്നിവക്ക് പുറമെ ന്യുയോർക്കിന്റെ വടക്കൻ മേഖലകൾ അടങ്ങിയതാണ് ഈ റീജിയനെന്നു മത്തായി ചാക്കോ പറഞ്ഞു. പ്രസിഡന്റ് ബാബു സ്റ്റീഫന്റെ കാഴ്ചപ്പാടുകൾ തങ്ങളാലാവും വിധം സാക്ഷാൽക്കരിക്കാൻ ശ്രമിക്കും. ഉൽഘാടനം ചെയ്‌ത  പ്രസിഡന്റിനെ മത്തായി ചാക്കോ പൊന്നാട അണിയിച്ചു സ്വികരിക്കുകയും ചെയ്തു.

പി.ആർ. ഓ  ശ്രീകുമാർ ഉണ്ണിത്താൻ പ്രസിഡന്റ് ബാബു സ്റ്റീഫനെ  പരിചയപ്പെടുത്തി. ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിൽ നേരിട്ട് കയറിച്ചെല്ലാനും സെനറ്റർമാർ മുതൽ പ്രസിഡന്റിനോട് വരെ നമ്മുടെ കമ്മ്യൂണിറ്റിയുടെ ആവശ്യങ്ങൾ ബോധിപ്പിക്കാനും കഴിവുള്ളയാളാണ് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ. ഇന്നത്തെപ്പോലെ ഇത്രയധികം മാധ്യമങ്ങൾ പ്രചാരത്തിൽ ഇല്ലാതിരുന്ന കാലത്തും അദ്ദേഹമൊരു മീഡിയ പേഴ്സണായി പേരെടുത്തിരുന്നു. ബാബു സ്റ്റീഫനെപ്പോലൊരു പ്രഗത്ഭനെ പ്രസിഡന്റ് സ്ഥാനത്ത് ലഭിച്ചത് ഫൊക്കാന എന്ന സംഘടനയ്ക്ക് അഭിമാനകരമായ നേട്ടമാണ്-‘  റീജിയൻ ത്രീയുടെ ഉദ്ഘാടനകർമ്മം നിർവഹിക്കാൻ ക്ഷണിച്ചുകൊണ്ട് ശ്രീകുമാർ ചൂണ്ടിക്കാട്ടി.

സെക്രട്ടറി കലാ ഷഹിയെ  ലീന ആലപ്പാട്ട്‌ പരിചയപ്പെട്ടുത്തി, തന്റെ സുഹൃത്തും വളരെക്കാലം ഒരുമിച്ചു പഠിച്ച കലാ ഷഹിയെ പരിചയപ്പെടുത്താൻ അവസരം കിട്ടിയതിൽ സന്തോഷം ഉണ്ടെന്നും ലീന പറഞ്ഞു.

ആറുവർഷം പെരുമ്പാമ്പിനെ കൂടെക്കിടത്തി വളർത്തിയ ഒരാളുടെ കഥയാണ് ബാബു സ്റ്റീഫൻ പറഞ്ഞത്. ‘അതിരാവിലെ എഴുന്നേറ്റ പെരുമ്പാമ്പ് ഒരുദിവസം ആഹാരം കഴിക്കാതെ വളർത്തിയ മനുഷ്യനെത്തന്നെ നോക്കിക്കൊണ്ട് നിന്നു. പാമ്പിന് എന്തുപറ്റിയെന്ന് അയാൾ വിചാരിച്ചു.ഒരുമിച്ച് ആഹാരം കഴിച്ച് തന്നോട് ഒട്ടിച്ചേർന്ന് ഉറങ്ങാറില്ല. പാമ്പിന് എന്തുപറ്റിയെന്നറിയാൻ അദ്ദേഹമൊരു മൃഗഡോക്ടറെ പോയിക്കണ്ടു. അയാൾ തന്റെ ആശങ്ക ഡോക്ടറോട് പങ്കുവച്ചു.

ഉടനെ തന്നെ ഫോറെസ്റ്റ് ഓഫീസറെ അറിയിച്ച് പെരുമ്പാമ്പിനെ ഉടമയുടെ അരികിൽ നിന്ന് മാറ്റിക്കോളാനാണ് ഡോക്ടർ നിർദ്ദേശിച്ചത്. ഉടമയെ എങ്ങനെ വിഴുങ്ങണമെന്നാണത്രെ പെരുമ്പാമ്പ് ചിന്തിച്ചുകൊണ്ടിരുന്നത്. നമ്മുടെ ഇടയിലും ഈ കഥയിലേതുപോലുള്ള പെരുമ്പാമ്പുകളുണ്ട്. ഈ പെരുമ്പാമ്പുകളെ കൊല്ലാതെ നമ്മുടെ സംഘടന വിജയിക്കില്ല,’ ഡോ.സ്റ്റീഫന്റെ വാക്കുകൾ കേട്ട് സദസ്സിലുണ്ടായിരുന്നവർ പൊട്ടിച്ചിരിച്ചു.

റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ, ഒരു സീനിയർ സിറ്റിസൺസ് ഹോം നിർമ്മിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്  ബാബു സ്റ്റീഫൻ അനുസ്മരിച്ചു. ഇപ്പോൾ തന്നെ എ.കെ.എം.ജി  (അസോസിയേഷൻ ഓഫ്  കേരള മെഡിക്കകൾ ഗ്രാഡുവേറ്സ്) ന്യു യോർക്ക് സ്റ്റേറ്റിൽ നാല് കേന്ദ്രങ്ങൾ  സ്ഥാപിച്ചു.

അതിനായി  ഫണ്ട് സംഘടിപ്പിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. 1 മില്യൺ മലയാളികൾ അമേരിക്കയിലുണ്ട്. നല്ലതുചെയ്യുന്നവരെ വിഴുങ്ങാൻ തക്കം പാർത്തുകഴിയുന്ന പെരുമ്പാമ്പുകളെ നീക്കം ചെയ്‌താൽ കമ്മ്യൂണിറ്റിക്കും സംഘടനയ്ക്കും അത്ഭുതങ്ങൾ നടത്താനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യുവാക്കളെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ആനയിക്കുന്നതിന് പണത്തിന്റെ പരിമിതി ചൂണ്ടിക്കാണിച്ച കോൺഗ്രസ് അംഗങ്ങളോടും അതിനുള്ള പണം താൻ നൽകാമെന്ന്  പറഞ്ഞത്   ബാബു സ്റ്റീഫൻ എടുത്തു പറഞ്ഞു.

രാഷ്ട്രീയത്തിലേക്ക് നമ്മുടെ ആളുകൾ കടക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സെനറ്റർമാരായും കോൺഗ്രസ് അംഗങ്ങളായും അംബാസഡർമാരായും ജഡ്‌ജിമാരായും അഭിഭാഷകരായും യൂണിവേഴ്സിറ്റി തലവന്മാരായും മലയാളികൾ വരുന്ന കാലത്തെക്കുറിച്ചുള്ള സ്വപ്നവും അദ്ദേഹം പങ്കുവച്ചു.

നമ്മുടെ യുവതലമുറ കഠിനാധ്വാനികളും ബുദ്ധിമാന്മാരുമാണെന്നും അവർക്ക് ആവശ്യം പിന്തുണയും സഹായവും മാത്രമാണെന്നും ബാബു സ്റ്റീഫൻ പറഞ്ഞു. അങ്ങനെ വരുന്ന കാലം, വിജയം നമ്മുടേതായിരിക്കും. ‘എഞ്ചിനീയർമാരെയും ഡോക്ടർമാരെയും മാത്രമല്ല നമുക്ക് ആവശ്യം.അമേരിക്കയിൽ 500 സിഇഒ മാരും  200,000 മില്യണെയർമാരും ഇന്ത്യൻ വംശജരാണ്. ഇതെല്ലാം കഠിനാധ്വാനംകൊണ്ട് നേടിയെടുത്തതാണ്. ഉത്തരേന്ത്യക്കാർ വലിയ നേട്ടങ്ങൾ കൊയ്യുമ്പോൾ മലയാളികൾ അവിടേക്ക് എത്തപ്പെടാത്തത് അത്തരം മാർഗ്ഗനിർദ്ദേശം ലഭിക്കാത്തതുകൊണ്ടാണ്.

മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാനും പരദൂഷണം പറയാനുമാണ് മലയാളികൾക്ക് താല്പര്യം. അസൂയയും അഹംഭാവവുമാണ് നമ്മെ പിന്നോട്ടുവലിക്കുന്നത്. ഈ ചിന്താഗതി മാറിയാൽ, ഏറ്റവും ഉന്നത ശ്രേണിയിലേക്ക് മലയാളി എത്തപ്പെടും.

ക്യൂബ ഒഴികെ ലോകത്ത് എല്ലായിടത്തും മലയാളികളുണ്ട്. മലയാളം മാത്രം അറിഞ്ഞാലും ലോകത്ത് എവിടെയും ജീവിക്കാവുന്ന അവസ്ഥയാണിന്നുള്ളത്. പണമാണ് ആവശ്യം. അത്  ഒരു വിഷയമല്ല.സീഡ് മണി ആണ് മലയാളി സംഘടനകളുടെ പോരായ്മ. അത് ഞാൻ നൽകാം. നമ്മുടെ ഉദ്യമം നല്ലതാണെന്ന് കണ്ടാൽ കൂടുതൽ പേർ അതിന് പണം മുടക്കും. അതിൽ നിന്ന് കയ്യിട്ടുവാരാനും കമ്മീഷൻ അടിക്കാനും ശ്രമിക്കുമ്പോഴാണ് പ്രശ്നമാവുന്നത്.

മൂന്ന് നാല് നോർത്ത് ഇന്ത്യൻ അസോസിയേഷനുകളുടെ ചെയർമാനായിരുന്നതുകൊണ്ട് അവർക്ക് ആ പ്രവണത ഇല്ലെന്ന് നേരിൽക്കണ്ടെനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പത്തുമാസം തന്റെ ഉദരത്തിൽ ചുമന്ന കുഞ്ഞ് വലുതാകുമ്പോൾ അമ്മയെ എതിർക്കുകയും 24 മണിക്കൂറും തനിക്ക് വേണ്ടി അധ്വാനിച്ച അച്ഛനെതിരെ തിരിയുകയും ചെയ്താലോ?

പല ഭാഷകൾ പറയുകയും പല സംസ്കാരങ്ങൾ പിന്തുടരുകയും ചെയ്താലും നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യക്കാരെ ഒന്നിച്ചുനിർത്തുന്നത്. അത് മനസ്സിൽ വേണം. അച്ഛനമ്മമാർ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്ന അവസ്ഥയിൽ  പനിനീർപുഷ്പങ്ങൾ സമ്മാനിക്കണമെന്നും വയസായി ആശുപത്രികളിൽ കിടക്കുമ്പോൾ അല്ല അത് നല്കേണ്ടതെന്നുമാണ് ജോൺ എഫ് കെന്നഡി പറഞ്ഞത്. യുവാക്കൾക്കുവേണ്ടി കൂടുതൽ കാര്യം ചെയ്യണമെന്ന് ഞാൻ പറയുന്നതും അതുകൊണ്ടാണ്.

മലയാളികളുടെ ശബ്ദം എവിടെയും മുഴങ്ങിക്കേൾക്കാനുള്ള സാഹചര്യം സംജാതമാകണം. നമുക്ക് ഒരേയൊരു ജീവിതമേ ഉള്ളു. ഹ്രസ്വമായ ആ കാലയളവിൽ കഴിവുള്ളത് അപ്പോൾ തന്നെ ചെയ്തുതീർക്കണം. പിന്നീടൊരു അവസരം ലഭിച്ചെന്നുവരില്ല. ആവശ്യക്കാർക്കും ദരിദ്രർക്കും കഴിയുന്ന സഹായങ്ങൾ ചെയ്യുക. ഷേക്‌സ്സ്പിയർ പറഞ്ഞതുപോലെ ‘ Time and tide waits for no one’- ബാബു സ്റ്റീഫൻ പറഞ്ഞു.

ഈ സമ്മേളനത്തിലേക്ക്‌ ക്ഷണിച്ചതിൽ സെനറ്റർ എലിജാ മെൽനിക്ക് നന്ദി പറഞ്ഞു. ഇത്രയും പേര് ഒരുമിച്ചു കൂടിയിരിക്കുന്നത് ആഹ്ലാദം പകരുന്നു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിജയകരമായി മുന്നേറട്ടെ എന്ന അദ്ദേഹം ആശംസിച്ചു. ഡോ. ആനി പോൾ ഫൊക്കാനയുമായുള്ള തന്റെ ബന്ധവും ശക്തമായ സംഘടനാ പ്രവർത്തനത്തിന്റെ ആവശ്യകതയും വിവരിച്ചു.

ഡോ. കലാ ഷാഹി ഫൊക്കാന  ഈ രണ്ടു  വര്ഷം  നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു.  നാളിതു വരെയുള്ള പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി. റീജണൽ ഭാരവാഹികൾ ആയ ഷൈനി ഷാജൻ, ജീമോൻ വർഗീസ് , ഇട്ടൂപ് ദേവസ്യ എന്നിവരും , നാഷണൽ കമ്മിറ്റി മെംബേർസ് ആയ നിരീഷ് ഉമ്മൻ , അലക്സ് എബ്രഹാം , അജു ഉമ്മൻ, സിജു സെബാസ്റ്റ്യൻ, ന്യൂ ജെസി റീജണൽ വൈസ് പ്രസിഡന്റ് ദേവസ്സി പാലാട്ടി, ട്രസ്റ്റീ ബോർഡ് മെംബേർസ് ആയ പോൾ  കറുകപ്പള്ളിൽ, സജിമോൻ ആന്റണി, ഇന്റർനാഷണൽ ചാരിറ്റി കോർഡിനേറ്റർ ജോയി ഇട്ടൻ , മുൻ ട്രസ്റ്റീ ചെയർ ഫിലിപ്പോസ് ഫിലിപ്പ് , ലീല മാരേട്ട് ,ഇന്റർ നാഷണൽ കോർഡിനേറ്റർ തോമസ് തോമസ്, അസ്സോസിയേഷൻ  പ്രെസിഡന്റ്മാരായ,  ജിജി ടോം ,  ഫ്രാൻസിസ് കരക്കാട്ടു , ബോബൻ തോട്ടം, മാധ്യമ പ്രവർത്തകരായ ജോർജ് ജോസഫ് , ജോസ് കാടാപുറം (കൈരളി ടി വി )എന്നിവരോടൊപ്പം  ഒട്ടേറെ നേതാക്കളും നിറഞ്ഞുകവിഞ്ഞ.സദസും  ചടങ്ങിനെ ധന്യമാക്കി.. 

LEAVE A REPLY

Please enter your comment!
Please enter your name here