ജയ്പുര്‍: രാജസ്ഥാനിലെ ഉദയ്പുരിലുള്ള വനം പ്രദേശത്ത് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. കഴുത്തിന് വെട്ടേറ്റ നിലയില്‍ പുരുഷന്റേയും കുത്തേറ്റ നിലയില്‍ സ്ത്രീയുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇരുവരുടെയും നഗ്നമായ ശരീരങ്ങള്‍ സൂപ്പര്‍ ഗ്ലു ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. രാഹുല്‍ മീണയെയും(32) സോനു കന്‍വാറിനെയുമാണ്(31) മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ 52-കാരനായ ഭാലേഷ് ജോഷിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥലത്തെ മന്ത്രവാദിയാണ് ഇയാള്‍. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.സ്ഥലത്തെ പ്രമുഖനാണ് അറസ്റ്റിലായ ഭാലേഷ് ജോഷി. രാഷ്ട്രീയക്കാരും, വ്യാപാരികളുമടക്കം ഉന്നതര്‍ പലരും ഇയാളുടെ അനുയായികളാണ്. ഭട്വി ഗുഡയിലുള്ള ഒരു ക്ഷേത്രത്തിലായിരുന്നു ഇയാളുടെ താമസം.

 

കൊല്ലപ്പെട്ട രണ്ടുപേരും വിവാഹ മോചിതരും വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നവരുമാണെന്ന് പോലീസ് പറഞ്ഞു. സര്‍ക്കാര്‍ വിദ്യാലയത്തിലെ അധ്യാപകനാണ് രാഹുല്‍. രാഹുലും സോനുവും ക്ഷേത്രത്തില്‍ വെച്ച് കണ്ടുമുട്ടിയാണ് ബന്ധം ആരംഭിച്ചത്. സോനു മന്ത്രവാദിയുമായി ഇടയ്ക്കിടെ കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു.ഇതിനിടെ തങ്ങളുടെ ദാമ്പത്യത്തിലെ പ്രശ്ന പരിഹാരത്തിന് രാഹുലിന്റെ ഭാര്യ മന്ത്രവാദിയെ സമീപിച്ചു. രാഹുലും സോനുവും തമ്മിലുള്ള ബന്ധം മന്ത്രവാദി ഇവരോട് പറയുകയുണ്ടായി. ഇതറിഞ്ഞ രാഹുലും സോനുവും ഇയാള്‍ക്കെതിരെ പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.

അപമാനം ഭയന്ന് ഭാലേഷ് ജോഷി ഇരുവരെയും വധിക്കാന്‍ തീരുമാനിച്ചു. ഇതിനായി 15 രൂപയുടെ സൂപ്പര്‍ ഗ്ലുവിന്റെ 50 ഓളം പായ്ക്കറ്റുകളിലെ പശ ഇയാള്‍ ഒരു കുപ്പിയില്‍ ശേഖരിച്ചുവെച്ചിരുന്നു. തുടര്‍ന്ന് ഇരുവരെയും വനത്തിനുള്ളിലേക്ക് ക്ഷണിക്കുകയും, പ്രശ്ന പരിഹാരത്തിന് അവിടെവച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ബന്ധത്തിലേര്‍പ്പെടുന്നതിനിടയില്‍ ശേഖരിച്ച് വച്ചിരുന്ന സൂപ്പര്‍ ഗ്ലൂ ഭാലേഷ് ജോഷി ഇവര്‍ക്കുമേല്‍ ഒഴിച്ചു. ഇതിനു ശേഷം രാഹുലിനെയും സോനുവിനെയും വെട്ടി കൊലപ്പെടുത്തി.

മൃതശരീരങ്ങള്‍ കണ്ടെത്തുമ്പോള്‍ ഇരുവരും പശയില്‍ നിന്നും വേര്‍പ്പെടുത്താന്‍ നടത്തിയ ശ്രമത്തില്‍ പരിക്കുകളുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ കത്തിക്കാന്‍ ശ്രമങ്ങളുണ്ടായതായും പോലീസ് പറഞ്ഞു. ജോഷിയെ രക്ഷപ്പെടുത്താന്‍ പല പ്രമുഖരും ശ്രമിച്ചെന്നും കുറ്റകൃത്യത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് ഇവര്‍ പിന്മാറുകയായിരുന്നെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here